|    Oct 17 Wed, 2018 4:07 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആഴക്കടലില്‍ കുടുങ്ങി നൂറിലേറെ ജീവന്‍

Published : 3rd December 2017 | Posted By: kasim kzm

തിരുവനന്തപുരം/കൊച്ചി/കണ്ണൂര്‍/ആലപ്പുഴ: തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഖി ചുഴലിക്കാറ്റ് വിതയ്ക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയില്ല. കടലില്‍ പോയ 126 പേര്‍ തിരിച്ചെത്താനുണ്ടെന്ന സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണവും കൂടുതല്‍ പേരെ കണ്ടെത്താനുണ്ടെന്ന തീരദേശവാസികളുടെ മൊഴിയും ഇതിന്റെ ആക്കം കൂട്ടുന്നു. കൊച്ചിയില്‍ നിന്ന് പോയ 600ലധികം മല്‍സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് തീരദേശവാസികള്‍ പറയുന്നത്.
ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുന്ന 120 പേര്‍ തിരുവനന്തപുരം ജില്ലക്കാരാണ്. അഞ്ചു പേര്‍ ആലപ്പുഴക്കാരും ഒരാള്‍ കാസര്‍കോട് സ്വദേശിയുമാണ്. ആലപ്പുഴ ചെട്ടികാട് ഭാഗത്ത് നിന്നു ലാസര്‍ ഭവനില്‍ ക്ലീറ്റസിന്റെ ഉടമസ്ഥതയിലുള്ള ജോയല്‍ വള്ളത്തില്‍ പോയ ചേന്നംവേലി സ്വദേശി സിബിച്ചന്‍, കാട്ടൂര്‍ സ്വദേശി ജോയി, ചെട്ടികാട് സ്വദേശികളായ യേശുദാസ്, ഷാജി, തുമ്പോളി സ്വദേശി ജോസഫ് എന്നിവരെക്കുറിച്ചാണ് വിവരമില്ലാത്തത്. വ്യാഴാഴ്ചയാണ് ഇവര്‍ കടലില്‍ പോയത്.
കൊച്ചിയില്‍ നിന്നു വിദൂര മല്‍സ്യബന്ധനത്തിന് പുറപ്പെട്ട ഗില്‍നെറ്റ് ബോട്ടുകള്‍ എല്ലാംതന്നെ തിരിച്ചെത്താതിരിക്കുന്നത് തീരദേശത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നു പുറപ്പെട്ട 250ഓളം ബോട്ടുകളില്‍ 70ഓളം ബോട്ടുകള്‍ വെള്ളിയാഴ്ച വൈകീട്ടോടെ കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് എത്തിയിരുന്നു. അഞ്ച് ബോട്ടുകള്‍ ലക്ഷദ്വീപിലും 16 ബോട്ടുകള്‍ കൊച്ചിയിലും വെള്ളിയാഴ്ച എത്തി. ശനിയാഴ്ച വൈകീട്ടോടെ 12 ബോട്ടുകള്‍ കൊച്ചിയിലെത്തി. ഇതിനു പുറമെ ബേപ്പൂരില്‍ 25 ബോട്ടും മംഗലാപുരത്ത് 60 ബോട്ടും എത്തിയതായി കൊച്ചിന്‍ ലോങ്‌ലൈന്‍ ബോട്ട് ആന്റ് ബയിങ് ഏജന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ എം നൗഷാദ് പറഞ്ഞു.
മറ്റു ബോട്ടുകളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.  വെള്ളിയാഴ്ച പത്തു തൊഴിലാളികളുമായി കൊല്ലത്തിന്റെ പടിഞ്ഞാറ് വശം മുങ്ങിയ തുയന്‍ അന്തോനിയന്‍-1 എന്ന ബോട്ട് സംബന്ധിച്ചോ അതിലെ തൊഴിലാളികളെ സംബന്ധിച്ചോ യാതൊരു വിവരവുമില്ല. വെള്ളിയാഴ്ച ഹാര്‍ബറില്‍ എത്തിയ തുയന്‍ അന്തോനിയന്‍- 2 എന്ന ബോട്ടിലെ തൊഴിലാളികളാണ് ഈ വിവരം അറിയിച്ചത്. മുങ്ങിയ ബോട്ടില്‍ രണ്ടു മലയാളികളുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാവിലെ കൊച്ചിയില്‍ നിന്നു പോയ അര്‍ഭുത മാത എന്ന ബോട്ടും 70 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മുങ്ങിയതായാണ് വിവരം.
ഇന്നലെ എട്ട് മരണമാണ് സംസ്ഥാനത്തു റിപോര്‍ട്ട് ചെയ്തത്. ഇതോടെ 15 പേര്‍ക്ക് ഓഖി ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. തിരുവനന്തപുരത്ത് അഞ്ചു മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം നേവി സംഘമാണ് കണ്ടെത്തിയത്. ഒരാളെ തിരിച്ചറിഞ്ഞു. തൂത്തുക്കുടി സ്വദേശി വിന്‍സെന്റിന്റെ മകന്‍ ചൂഡി(42)നെയാണ് തിരിച്ചറിഞ്ഞത്. രാത്രിയില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, കൊച്ചിയില്‍ തീരദേശമേഖലയായ ചെല്ലാനത്ത് കടല്‍ക്ഷോഭത്തിന്റെ കെടുതിയില്‍ രണ്ടുപേര്‍ മരിച്ചു. ചെല്ലാനം മറുവക്കാട് കാളിപ്പറമ്പില്‍ വീട്ടില്‍ ജോസഫ് റെക്‌സണ്‍ (46), വേളാങ്കണ്ണി പാലപ്പറമ്പില്‍ വീട്ടില്‍ ചിന്നപ്പന്റെ ഭാര്യ റീത്ത (56) എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ ശക്തമായ കാറ്റില്‍ ആയിക്കര മാപ്പിളബേ ഹാര്‍ബറില്‍ ഹൈമാസ്റ്റ് ലൈറ്റ് ദേഹത്തു വീണ് മല്‍സ്യത്തൊഴിലാളി മരിച്ചു. സിറ്റി തയ്യില്‍ എന്‍എസ് ഓഡിറ്റോറിയത്തിനു സമീപം കാര്‍ത്തിക് നിവാസില്‍ പവിത്രന്‍ (54) ആണ് മരിച്ചത്. കാറ്റില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ മുകളിലെ കൂറ്റന്‍ ബാറ്ററി ഉള്‍പ്പെടെയുള്ള ഭാഗം തകര്‍ന്നുവീഴുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചുഴലിക്കാറ്റില്‍ എട്ടു കോടിയുടെ നാശനഷ്ടമുണ്ടായതായാണ്  പ്രാഥമിക വിലയിരുത്തല്‍. നാലു കോടിയുടെ നഷ്ടമുണ്ടായ ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍. തിരുവനന്തപുരത്ത് രണ്ടരക്കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. 450ഓളം മല്‍സ്യത്തൊഴിലാളികളെയാണ് ഇതിനകം രക്ഷപ്പെടുത്തിയത്. കാണാതായ  37 പേര്‍ പൂന്തുറ മേഖലയില്‍ നിന്നുള്ളവരാണ്. ഇവരെ കണ്ടെത്താന്‍ മല്‍സ്യത്തൊഴിലാളികള്‍ നേരിട്ടു രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. വൈകുന്നേരത്തോടെ കടല്‍ ശാന്തമായിത്തുടങ്ങിയതിനാല്‍ വിഴിഞ്ഞത്തു നിന്ന് തിരച്ചിലിന് പോവാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകി പിന്തുണ നല്‍കി. ബോട്ടിന്റെ രജിസ്റ്റര്‍ നമ്പര്‍ പോലിസിനു കൈമാറണമെന്നും ബോട്ടുകള്‍ രണ്ടു നോട്ടിക്കല്‍ മൈല്‍ അപ്പുറം പോവരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടലില്‍ പോയവരുടെ കണക്കുകള്‍ എത്രയും വേഗം വിവരം ശേഖരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരച്ചില്‍ രാത്രിയിലും ഊര്‍ജിതമാക്കിയിട്ടുണ്ട്. കടല്‍ക്ഷോഭത്തിലും മഴക്കെടുതിയിലും അകപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ജീവന്‍ നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികില്‍സാ സഹായത്തിന് 5000 രൂപ ഉള്‍പ്പെടെ 20,000 രൂപ വീതം അനുവദിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ തുക നിശ്ചയിച്ച് നഷ്ടപരിഹാരമായി നല്‍കാനും തീരുമാനമായി.
മല്‍സ്യബന്ധന വകുപ്പിന്റെ റിപോര്‍ട്ട് അനുസരിച്ചാവും തുക അനുവദിക്കുക. തീരദേശവാസികള്‍ക്ക് ഒരാഴ്ചത്തെ സൗജന്യറേഷന്‍ അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികില്‍സയും ഭക്ഷണവും നല്‍കാന്‍ നടപടിയെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം 132, കോഴിക്കോട് 66, കൊല്ലം 55, തൃശൂര്‍ 40, കന്യാകുമാരി 100 എന്നിങ്ങനെയാണ് രക്ഷപ്പെടുത്തിയവരുടെ കണക്ക്. ഇതിനു പുറമെ ലക്ഷദ്വീപിലെ കല്‍പേനിയില്‍ 12 ബോട്ടുകളിലായി 138 പേര്‍ എത്തിയിട്ടുണ്ട്. 529 കുടുംബങ്ങള്‍ 30 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ചു നിവേദനം തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാമിനെ ചുമതലപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss