|    Jul 16 Mon, 2018 8:05 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ആള്‍ക്കൂട്ട ഫാഷിസത്തിന്റെ വാഴ്ച

Published : 13th August 2017 | Posted By: fsq

ഗോസംരക്ഷണത്തിന്റെ പേരില്‍  തുടര്‍ച്ചയായി സംഘപരിവാര സംഘടനകള്‍ നടത്തിവരുന്ന അതിക്രമങ്ങള്‍ക്കും അരുംകൊലകള്‍ക്കും എതിരായി പ്രധാനമന്ത്രി ഇടയ്ക്കിടെ രോഷാകുലനായി സംസാരിക്കാറുണ്ട്. ഇതില്‍ അദ്ദേഹത്തെ അഭിനന്ദിക്കാനോ വിമര്‍ശിക്കാനോ ഒരുമ്പെടുന്നത് തീര്‍ത്തും അര്‍ഥശൂന്യവും അപ്രസക്തവുമായിരിക്കും. ഇതില്‍ അഭിനന്ദിക്കേണ്ടതില്ലെന്നു പറയുന്നതിനുള്ള കാരണം, അദ്ദേഹം ബിജെപി നേതാവെന്ന നിലയില്‍ കേന്ദ്രത്തില്‍ ഭരണസാരഥ്യം നയിക്കുന്നു എന്നതിനാല്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരായി പ്രതികരിക്കേണ്ടത് തന്റെ ചുമതലയുടെ ഭാഗം മാത്രമാണെന്നതുതന്നെ. വിശിഷ്യാ, അതിക്രമങ്ങള്‍ അരങ്ങേറുന്നത് സ്വന്തം പാര്‍ട്ടി തന്നെ നയിക്കുന്ന സംസ്ഥാന ഭരണകൂടങ്ങള്‍ നിലവിലുള്ള ഇടങ്ങളിലാവുമ്പോള്‍ അതിന്റെ പ്രസക്തി പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു.സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, പ്രധാനമന്ത്രിപദത്തില്‍ ഇരുന്ന് സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും ഉയര്‍ത്തിക്കാട്ടുന്നതിനും ഔദ്യോഗിക മാധ്യമങ്ങളെ ജനാധിപത്യ ഭരണക്രമത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കിനിര്‍ത്തിക്കൊണ്ട് ഇത്രയേറെ ഉപയോഗിക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്ത മറ്റൊരു പ്രധാനമന്ത്രി ഇല്ലെന്നുതന്നെ തീര്‍ത്തുപറയാന്‍ കഴിയും. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം സ്വാധീനം പാര്‍ട്ടിക്കുള്ളില്‍ അരക്കിട്ടുറപ്പിക്കുന്നത് ലക്ഷ്യമാക്കി ‘ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ’ എന്നിങ്ങനെ വില കുറഞ്ഞ പ്രചാരണം അനുയായികളെക്കൊണ്ട് നടത്തിവന്നിരുന്നു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇത്തരം പ്രചാരണങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിയെന്നതും അനിഷേധ്യമായ വസ്തുത തന്നെയാണ്. സ്വാതന്ത്ര്യം കൈവരിച്ചതിനു ശേഷമുള്ള 70 വര്‍ഷക്കാലം ഇന്ത്യയില്‍ യാതൊരുവിധ നേട്ടവും ഉണ്ടായിട്ടില്ലെന്നും എന്തെങ്കിലും നേട്ടങ്ങള്‍ കൈവന്നിട്ടുണ്ടെങ്കില്‍ 2014 മെയ് മാസത്തില്‍ നരേന്ദ്ര മോദി അധികാരമേറ്റതിനു ശേഷമാണെന്നും വാദിക്കുന്നത് വെറും വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. അഞ്ചു വര്‍ഷക്കാലത്തെ വാജ്‌പേയി ഭരണവും ഇതിന്റെ ഭാഗമാണോ എന്നും വ്യക്തമാക്കപ്പെടേണ്ടതാണ്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ നിര്‍ണായക പ്രാധാന്യമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തുവരുന്ന നിതിന്‍ ഗഡ്കരിയുടെ പേരില്‍ ഉന്നയിക്കപ്പെട്ടിരുന്ന പൂര്‍ത്തി ട്രാവല്‍സ് ഇടപാടുകളില്‍ നടന്നതായി പറയപ്പെടുന്ന അഴിമതിയെ സംബന്ധിച്ചുള്ള അന്വേഷണം ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്നു തുറന്നുപറയേണ്ടതുണ്ട്. മാധ്യമവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഈ അഴിമതി ആരോപണം സംബന്ധമായ ഫയല്‍ രണ്ടാം യുപിഎ ഭരണകാലത്തുതന്നെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി)യുടെ പരിഗണനയ്ക്ക് വിട്ടിരുന്നതാണ്. ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ കോണ്‍ഗ്രസ് എംപി പ്രഫ. കെ വി തോമസായിരുന്നു. യുപിഎ ഭരണകാലത്ത് ഈ അന്വേഷണം എവിടെയുമെത്തിയില്ല. കേന്ദ്രത്തില്‍ ഭരണം മാറി. അധികാരം ബിജെപിയുടെ നിയന്ത്രണത്തിലുമായി. പിഎസി ചെയര്‍മാന്‍ പ്രഫ. കെ വി തോമസിനു മാത്രം ഒട്ടും ചലനമുണ്ടായില്ല. അതോടൊപ്പം അന്വേഷണവുമായി ബന്ധപ്പെട്ട ഫയലും നിശ്ചലമായി തുടരുന്നു. ഗോസംരക്ഷകരെന്ന ലേബലില്‍ ആര്‍എസ്എസ്-സംഘപരിവാര സംഘടനകള്‍ ചെയ്തുകൂട്ടുന്ന കൊലപാതകങ്ങള്‍ ബിജെപിക്കും മോദിക്കും എതിരായ ജനകീയ വികാരം ഇളക്കിവിടുന്നു എന്ന ആശങ്കയുടെ ആക്കം കുറയ്ക്കാനുള്ള ഒരു താല്‍ക്കാലിക തന്ത്രമായേ, മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ സംഘടിപ്പിച്ച പൊതുചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണത്തെ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാണാന്‍ കഴിയൂ. ‘കൗ വിജിലന്റിസം’ എന്നത് മുസ്‌ലിം ന്യൂനപക്ഷത്തിനെതിരായ നീക്കമായി കാണാന്‍ നാം നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ‘നോട്ട് ഇന്‍ മൈ നെയിം’ പ്രസ്ഥാനം വെറുമൊരു ഫേസ്ബുക്ക് ക്ഷണത്തിലൂടെ തുടക്കം കുറിച്ച ഒന്നാണെങ്കിലും അതു നിമിഷങ്ങള്‍ക്കകം വൈറലാവുന്ന കാഴ്ചയാണ് കാണാനായത്. ഡല്‍ഹിയില്‍ ആരംഭം കുറിച്ച ഈ പ്രസ്ഥാനം ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലേക്കു പടരാന്‍ ഏറെ സമയം ആവശ്യമായിരുന്നില്ല. ആഗോളതലത്തില്‍ പോലും അതിന്റെ അലയടികളുണ്ടായി. ഗോസംരക്ഷകരുടെ വേഷമണിഞ്ഞ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ത്തുകളയുമോ എന്ന ആശങ്ക നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്രത്തിലും രാം മാധവ് നിയന്ത്രിക്കുന്ന ഡല്‍ഹി ജണ്ടേവാലനിലെ ആര്‍എസ്എസ് കാര്യാലയത്തിലും ഉയര്‍ന്നിട്ടുണ്ടാവാം. ഹിന്ദു തീവ്രവാദ സംഘടനകളുടെ അഴിഞ്ഞാട്ടത്തിന് എതിരായി രാഷ്ട്രീയത്തിന് അതീതമായ പ്രതിഷേധ റാലികള്‍ മറ്റ് ആഗോള നഗരങ്ങളിലും ആവര്‍ത്തിക്കപ്പെട്ടേക്കാമെന്ന സ്ഥിതിവിശേഷവും തള്ളിക്കളയാന്‍ കഴിയുമായിരുന്നില്ല. വളരെ ചെറിയ തോതില്‍ പ്രാദേശിക പ്രതിഷേധമെന്ന രൂപത്തില്‍ തുടക്കമിട്ട പ്രസ്ഥാനമാണ് ബാഹ്യപ്രേരണയോ നേതൃത്വമോ ഇല്ലാതെ വിവിധ സംസ്ഥാനങ്ങളിലേക്ക് നിമിഷങ്ങള്‍ക്കകം ആളിപ്പടര്‍ന്നത് എന്നോര്‍ക്കുക. ‘നോട്ട് ഇന്‍ മൈ നെയിം’ എന്ന പ്ലക്കാര്‍ഡുകളിലെ വാചകം സ്വയം അര്‍ഥം വെളിവാക്കുന്ന ഒന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഗോസംരക്ഷണത്തിന്റെ മറവില്‍ സംഘം ചേര്‍ന്നു കൊള്ളയും കൊലയും നടത്തുന്നതിനെതിരായി പ്രതികരിക്കാന്‍ പ്രധാനമന്ത്രി തുനിഞ്ഞിറങ്ങിയതിനു തിരഞ്ഞെടുത്ത സമയം മാത്രമല്ല സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. പ്രധാനമന്ത്രിയുടെ ഭാഷയും ശൈലിയും അംഗവിക്ഷേപങ്ങളും ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും അതിലൊക്കെ ഒളിഞ്ഞിരിക്കുന്ന കൃത്രിമത്വവും ആത്മാര്‍ഥതയില്ലായ്മയും ഒറ്റനോട്ടത്തില്‍ ബോധ്യമാവുന്നതേയുള്ളൂ. മോദി അധികാരത്തില്‍ വന്നതിനു ശേഷം ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായി സംഘപരിവാര അനുയായികള്‍ നടത്തിയ അതിക്രമങ്ങളുടെ നീണ്ട പരമ്പരയില്‍ ഒന്നു മാത്രമായിരുന്നു ഹരിയാനയില്‍ ജുനൈദിനെതിരായി നടന്നത്. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും എതിരായി മാത്രം ഒതുങ്ങിനില്‍ക്കുന്നവയായിരുന്നില്ല ഇതൊക്കെ. നിരവധി ദലിത് കുടുംബങ്ങളും വ്യത്യസ്ത കാരണങ്ങളാല്‍ കൊള്ളയ്ക്കും അക്രമങ്ങള്‍ക്കും ഇരകളായിരുന്നു. ഇതില്‍ പലതും ഗോസംരക്ഷകരെന്ന ക്രിമിനലുകളാണ് നടത്തിവന്നിട്ടുള്ളതും. ഇത്തരം നടപടികളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കാന്‍ സഹായകമായ വിധത്തില്‍ നിരവധി പാകപ്പിഴകളോടെയും തെറ്റിദ്ധാരണാജനകമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയും മോദി സര്‍ക്കാര്‍ പുറത്തിറക്കിയ കന്നുകാലി വില്‍പന സംബന്ധമായ നിയമം പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ഈ സങ്കീര്‍ണ സാഹചര്യം പരിഹരിക്കുന്നതിനു പ്രധാനമന്ത്രി മോദിയുടെ ഒരു പ്രസംഗംകൊണ്ടു മാത്രം സാധ്യമാവില്ല. യാഥാര്‍ഥ്യങ്ങള്‍ വേണ്ടുംവണ്ണം തിരിച്ചറിഞ്ഞതിനു ശേഷമുള്ള ശക്തമായ പ്രായോഗിക നടപടികളാണ് വേണ്ടത്. അതൊന്നും നടക്കില്ലെന്നു മുന്‍കാല അനുഭവങ്ങള്‍ നമ്മെ വേണ്ടത്ര ബോധ്യപ്പെടുത്തുകയും ചെയ്യും. മോദിയുടെ പിആര്‍ തന്ത്രത്തിലപ്പുറമൊന്നും ഭരണപരമായ നടപടികള്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കുകയും ചെയ്യും. ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരേ ശബ്ദമുയര്‍ത്തുമ്പോള്‍ അതിലൂടെ വെളിവാക്കപ്പെടുന്ന വൈരുധ്യത്തിനുകൂടി വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാവണം. ആക്രമണോല്‍സുകതയോടെ പശുരക്ഷകര്‍ രംഗത്തുവരുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നവര്‍ തെറ്റാണ് ചെയ്യുന്നതെന്ന് സ്വയം സമ്മതിക്കുന്ന പ്രധാനമന്ത്രി ഈ ക്രിമിനലുകള്‍ ആരാണെന്നുകൂടി വ്യക്തമാക്കേണ്ടതല്ലേ? തീര്‍ച്ചയായും അതുതന്നെയാണ് ചെയ്യേണ്ടത്. മാത്രമല്ല, ഒരു ഭരണകര്‍ത്താവെന്ന നിലയില്‍ സ്വതന്ത്ര ഇന്ത്യയില്‍ പുതിയൊരു അധ്യായമാണ് തന്റെ സദ്ഭരണത്തിലൂടെ കാഴ്ചവച്ചിരിക്കുന്നതെന്നു വീമ്പിളക്കുന്ന നരേന്ദ്ര മോദിക്ക് ഇക്കാര്യത്തില്‍ പ്രത്യേക ബാധ്യതയുമുണ്ട്. ആരൊക്കെയാണ് ഗോരക്ഷകരുടെ ഗണത്തില്‍ പെടുന്നവരെന്നോ? സംഘപരിവാര കുടുംബം തന്നെ. ഇവരാണെങ്കിലോ, ബിജെപിയുടെ വിപുലീകൃത കുടുംബവും. ഇക്കൂട്ടത്തില്‍ നേതൃസ്ഥാനത്ത് മോഹന്‍ ഭാഗവതുണ്ട്, ധോകാദിയയുണ്ട്, അങ്ങനെ പലരുമുണ്ട്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനു കൃത്യമായ പ്രവൃത്തിവിഭജനം പ്രായോഗികമാക്കിയിരിക്കുന്ന ബിജെപി ഫലത്തില്‍ ഒരു ഏകശിലാത്മക സംഘടനാ രൂപം ഉപേക്ഷിച്ചിരിക്കുകയാണ്. തല്‍ക്കാലത്തേക്കു രൂപപ്പെടുത്തിയിരിക്കുന്ന സംവിധാനമാണിത്. ഇതിന്റെ ലക്ഷ്യം വ്യക്തമാണ്: താഴേത്തട്ടില്‍ ഏതെങ്കിലുമൊരു സംഘപരിവാര സംഘടനാ പ്രവര്‍ത്തകര്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ നേതൃസ്ഥാനത്തുള്ളവര്‍ക്ക് അതിന്റെ ബാധ്യതയില്‍ നിന്നു തടി കേടാക്കാതെ പിന്മാറാന്‍ കഴിയുമല്ലോ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss