|    Sep 23 Sun, 2018 3:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ പുതിയ നിയമം

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പശുസംരക്ഷണം, മോഷണം, കുട്ടിക്കടത്ത് എന്നിവ ആരോപിച്ചു രാജ്യത്തു വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം കേസുകളില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാനും കേസുകള്‍ വിചാരണ ചെയ്യുന്നതിന് അതിവേഗ കോടതികള്‍ രൂപീകരിക്കാനും ശുപാര്‍ശ ചെയ്യുന്ന നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഇന്ത്യന്‍ കുറ്റകൃത്യ നിയമം (ഐപിസി), ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) എന്നിവയിലെ വകുപ്പുകള്‍ ഭേദഗതി ചെയ്താണ് നിയമത്തിന്റെ കരട് തയ്യാറാക്കിയത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരയാവുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കരടു നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച ഹരജി പരിഗണിക്കുന്നതിനിടെ ഇവ തടയുന്നതിനും കുറ്റവാളികള്‍ക്കു കടുത്ത ശിക്ഷ ലഭ്യമാക്കാനും നിയമം കൊണ്ടുവരണമെന്ന് കഴിഞ്ഞ മാസം സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് നിയമത്തിന്റെ കരട് തയ്യാറാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം 23ന് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറിമാരായ എസ്‌സിഎല്‍ ദാസ്, പ്രവീണ്‍ വാഷിത്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ അഭയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
നിയമ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള നിയമകേന്ദ്രങ്ങളുമായും സമിതി ഇതിനായി കൂടിയാലോചന നടത്തിയിരുന്നു. രാജ്യത്ത് ഏറ്റവുമധികം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ റിപോര്‍ട്ട് ചെയ്ത ജാര്‍ഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പോലിസുമായി കൂടിയാലോചിച്ച ശേഷമാണ് സമിതി കരടു നിയമം തയ്യാറാക്കിയത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിന് മാനവ് സുരക്ഷാ കാനൂന്‍ പോലെ പ്രത്യേക നിയമം വേണോ അതോ നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്താല്‍ മതിയോ എന്നായിരുന്നു പ്രധാനമായും സമിതി ചര്‍ച്ച ചെയ്തത്.
സമിതി തയ്യാറാക്കിയ കരട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിക്ക് ഇന്നു കൈമാറും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സാമൂഹിക ശാക്തീകരണ മന്ത്രി താവര്‍ചന്ദ് ഗെഹ്‌ലോട്ട് എന്നിവരാണ് മന്ത്രിസഭാ ഉപസമിതിയിലുള്ളവര്‍. കരട് മന്ത്രിസഭാസമിതി അംഗീകരിച്ചാല്‍ പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss