|    Nov 21 Wed, 2018 10:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതില്‍ പോലിസ് പരാജയം; ഇന്ത്യയില്‍ ഓരോ ആഴ്ചയിലും ലഹള നടക്കുന്നുവെന്ന് അറ്റോര്‍ണി ജനറല്‍

Published : 11th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തീവ്രസ്വഭാവമുള്ള സംഘടനകള്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതില്‍ പോലിസ് പരാജയപ്പെടുകയാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമാവുന്നത് തടയുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ പരാമര്‍ശം. ഇന്ത്യയില്‍ ഓരോ ആഴ്ചയിലും ഒരു ലഹളയുണ്ടാവുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രിംകോടതിയില്‍ പറഞ്ഞു.
കാവടി തീര്‍ത്ഥാടകര്‍ (കന്‍വരിയാസ്) ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വണ്ടികള്‍ കീഴ്‌മേല്‍ മറിക്കുകയാണ്. ഇവ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഏര്‍പ്പെടുത്താന്‍ കോടതി ഇടപെടണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.
വടക്കേ ഇന്ത്യയില്‍ കന്‍വാരിയാസ് ഗുണ്ടായിസവും അക്രമവും അഴിച്ചുവിടുകയാണ്. മഹാരാഷ്ട്രയില്‍ മറാത്ത പ്രക്ഷോഭം, എസ്‌സി, എസ്ടി ഉത്തരവിനെ തുടര്‍ന്ന് രാജ്യവ്യാപക പ്രക്ഷോഭം, പത്മാവത് സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ഒരു സിനിമാ നടിയുടെ മൂക്ക് ഛേദിക്കുമെന്നു സമരക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള ഭീഷണി ഏതെങ്കിലും പരിഷ്‌കൃത രാജ്യത്ത് അനുവദിക്കുമോ. ഇവയെല്ലാം രാജ്യത്ത് ആവര്‍ത്തിക്കുകയാണ്. ഇവയിലൊന്നും പോലിസ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. നിങ്ങള്‍ക്ക് സിനിമകള്‍ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ, അതിന്റെ പേരില്‍ മറ്റൊരാളുടെ സ്വത്തില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. വേണമെങ്കില്‍ സ്വന്തം വീട് കത്തിച്ച് പ്രതിഷേധിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രതികരണം.
കന്‍വരിയാ യാത്രക്കാര്‍ക്കായി അലഹബാദില്‍ ദേശീയപാതയുടെ ഒരു ഭാഗം വേര്‍തിരിച്ചിരിക്കുകയാണെന്നു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പ്രതിഷേധങ്ങളുടെയും മതഘോഷയാത്രകളുടെയും ഇടയില്‍ പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ പോലിസ് നടപടി എടുക്കണമെന്നും കോടതി പറഞ്ഞു.
ഇവയെല്ലാം തടയാന്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍ നല്‍കാനുണ്ടോ എന്ന് അറ്റോര്‍ണി ജനറലിനോട് കോടതി ആരാഞ്ഞു. അക്രമസംഭവങ്ങള്‍ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം നേരിട്ട് പോലിസ് സൂപ്രണ്ടിനു നല്‍കിയാല്‍ കുറെ മാറ്റങ്ങളുണ്ടാവുമെന്നായിരുന്നു ഇതിന് അറ്റോര്‍ണി ജനറലിന്റെ മറുപടി.
ഇത്തരം നിയമലംഘനങ്ങള്‍െക്കതിരേ നടപടി സ്വീകരിക്കാന്‍ 2009ല്‍ പുറെപ്പടുവിച്ച സുപ്രിംകോടതി ഉത്തരവ് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ എഴുതിനല്‍കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, അഭിഭാഷകനായ പി വി ദിനേശ് എന്നിവരോട് സുപ്രിംകോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss