|    Nov 19 Mon, 2018 2:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആള്‍ക്കൂട്ടക്കൊല: ഉദ്ദേശ്യം എന്തായാലും അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി

Published : 13th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഏത് സാഹചര്യത്തിലായാലും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സര്‍ക്കാരിന്റെ “നേട്ടങ്ങള്‍’ നിരത്തിയും പ്രതിപക്ഷത്തെ അടച്ചാക്ഷേപിച്ചും മോദി നടത്തിയഅഭിമുഖത്തിലാണ് പരാമര്‍ശം.
പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതിരിക്കുകയും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നേരിട്ട് പ്രത്യക്ഷപ്പെടാതിരിക്കുകയും ചെയ്യുന്ന മോദിയാണു കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ വിവരിച്ച് രണ്ട് അഭിമുഖങ്ങള്‍ നല്‍കിയിരിക്കുന്നത്. അഭിമുഖത്തെക്കുറിച്ച് മോദി തന്നെ ട്വീറ്റും ചെയ്തിട്ടുണ്ട്.
അതേസമയം, മോദിയുടെ അഭിമുഖത്തെക്കുറിച്ച് വലിയ സംശയങ്ങളാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത് മോദിക്കു വേണ്ടിയുള്ള പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനമാണെന്നാണു വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ദ ട്രിബ്യൂണ്‍ ഡെപ്യൂട്ടി എഡിറ്റര്‍ സ്മിത ശര്‍മയടക്കമുള്ളവര്‍ “അഭിമുഖ ത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. എല്ലാ ആദരവോടെയും പറയട്ടെ സര്‍, രണ്ട് അഭിമുഖത്തിലും നിങ്ങള്‍ സംസാരിച്ചതല്ല, ഉത്തരങ്ങള്‍ എഴുതിനല്‍കിയതാണ്. പ്രാദേശിക, വിദേശ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുന്‍കൂട്ടി തയ്യാറാക്കാത്ത, ഫില്‍റ്റര്‍ ചെയ്യാത്ത ചോദ്യങ്ങളോടു പ്രതികരിച്ച് നിങ്ങള്‍ മറുപടി “പറയുന്നത് കേള്‍ക്കാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്, നന്ദി. ഇങ്ങനെയാണ് സ്മിതാ ശര്‍മ മോദിയുടെ ട്വീറ്റിന് മറുപടി നല്‍കിയിരിക്കുന്നത്.
ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന ആക്രമം, റഫേല്‍ ഇടപാട്, സംവരണം, വനിതകളുടെ സുരക്ഷ, തൊഴിലവസരങ്ങള്‍, ജിഎസ്ടി, അയല്‍രാജ്യ ബന്ധങ്ങള്‍ തുടങ്ങി പല വിഷയങ്ങളിലും സര്‍ക്കാര്‍ കാഴ്ചപ്പാടും നേട്ടങ്ങളും വിശദീകരിക്കുന്നതാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്കും ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിനും നല്‍കിയിരിക്കുന്ന അഭിമുഖങ്ങള്‍. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു സര്‍ക്കാര്‍ ആസൂത്രിതമായി മുന്‍ ധാരണ പ്രകാരം തയ്യാറാക്കിയതെന്നു വ്യക്തമാവുന്ന തരത്തിലുള്ളതാണ് രണ്ട് അഭിമുഖങ്ങളും. ഇ-മെയിലിലൂടെ മോദിയുമായി നടത്തിയ അഭിമുഖം എന്നു പറഞ്ഞാണു ടൈംസ് ഓഫ് ഇന്ത്യയും എഎന്‍ഐയും മോദിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. അഭിമുഖത്തിലെ പ്രധാന ഭാഗങ്ങള്‍:
$ റഫേല്‍ ഇടപാട്
ബോഫോഴ്‌സ് ഇടപാടിന്റെ പ്രേതബാധ ഇപ്പോഴും പിന്തുടരുന്നതു കൊണ്ടാണ് കോണ്‍ഗ്രസ് അടിസ്ഥാനരഹിതവും തെളിവുകള്‍ ഇല്ലാതെയും ഇടപാടില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. റഫേല്‍ രാജ്യത്തെ വ്യോമസേനയെ കരുത്തുറ്റതാക്കുമെന്ന കാര്യം കോണ്‍ഗ്രസ് മറന്നു കളയുകയാണ്. ഇത് രണ്ട് രാജ്യത്ത് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറാണ്. അത് സത്യസന്ധവും സുതാര്യവുമാണ്.
$ആള്‍ക്കൂട്ട കൊല
ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വേദനാജനകമാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളെ ശക്തമായ ശബ്ദത്തില്‍ ചെറുക്കേണ്ടതാണ്. എന്തു സാഹചര്യത്തില്‍ ആയാലും എന്തിന്റെ പേരിലായാലും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല.
$ അസം പൗരത്വ
രജിസ്‌ട്രേഷന്‍
ആത്മവിശ്വാസം നഷ്ടപ്പെട്ടവരാണ് എന്‍ആര്‍സിയുടെ പേരില്‍ രാജ്യത്ത് ആഭ്യന്തരയുദ്ധവും രക്തിച്ചൊരിച്ചിലും നടക്കുമെന്ന് വിളിച്ചുപറയുന്നതെന്നാണു വിഷയത്തില്‍ മമത ബാനര്‍ജിയെ വിമര്‍ശിച്ചു മോദി പറഞ്ഞത്. കോണ്‍ഗ്രസ്സും ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. എന്‍ആര്‍സി എന്നതു രാഷ്ട്രീയത്തിനപ്പുറം പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഒരുറപ്പാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss