|    Apr 24 Tue, 2018 12:03 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ആളുകള്‍ പനിച്ചു മരിക്കുമ്പോള്‍ ഈ സമരം വേണ്ട

Published : 15th July 2017 | Posted By: fsq

 

നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ നേരിടുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടാനാണ് ഒരു വിഭാഗം സ്വകാര്യ മാനേജ്‌മെന്റുകളുടെ തീരുമാനം. സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായാണ്, ആശുപത്രി മാനേജ്‌മെന്റുകളുടെ പ്രബല സംഘടനയായ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സിന്റെ ഈ നീക്കം. ഈ തീരുമാനം നടപ്പായാല്‍ സ്വകാര്യ ആശുപത്രികള്‍ ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കൂ. പനി പോലുള്ള മഴക്കാല രോഗങ്ങള്‍ വ്യാപകമായ സമയത്ത് ഇങ്ങനെയൊരു സമരം അനുചിതമാണെന്നു പറയുന്നവരുണ്ട്. ആരോഗ്യമന്ത്രി ഈ അഭിപ്രായക്കാരിയാണ്. ആശുപത്രി മാനേജ്‌മെന്റുകളുടെ അടച്ചിടല്‍ ഭീഷണിക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും അവര്‍ പറയുന്നു. ഒരു കാര്യം തീര്‍ച്ച: ഇരുകൂട്ടരുടെയും കര്‍ശന നിലപാടുകള്‍ക്കിടയില്‍പെട്ട് സര്‍ക്കാരും പൊതുജനങ്ങളും വലയുകയാണ്. ആരു ജയിച്ചാലും സാമാന്യ ജനം തോല്‍ക്കും. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വിദ്യാഭ്യാസ വായ്പയെടുത്തും മറ്റും കഷ്ടപ്പെട്ട് പഠിച്ചാണ് അവര്‍ ആശുപത്രികളില്‍ ജോലി നേടിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സാമാന്യം നല്ല ശമ്പളമുണ്ട്. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ പലതിലും തികഞ്ഞ ചൂഷണമാണ് നടക്കുന്നത്. എല്ലുമുറിയെ രാപകലില്ലാതെ പണിയെടുത്താല്‍ കിട്ടുന്നത് ചുരുങ്ങിയ ശമ്പളമാണ്. മാനേജ്‌മെന്റുകളുടെ പീഡനങ്ങള്‍ വേറെ. ഇവര്‍ക്ക് ഗവണ്‍മെന്റ് നിശ്ചയിച്ച മിനിമം ശമ്പളം യോഗ്യതയുടെയും ജോലിഭാരത്തിന്റെയും തോതു വച്ചുനോക്കിയാല്‍ വളരെ കുറവാണ്. ആ നിലയ്ക്ക് സമരം ചെയ്യുന്ന നഴ്‌സുമാരെ കുറ്റപ്പെടുത്താനാവില്ല. സമരം ചെയ്യാന്‍ തിരഞ്ഞെടുത്ത സമയം അനവസരത്തിലുള്ളതായിപ്പോയി എന്നു പറയുമ്പോഴും അവരുടെ കണ്ണീരു കാണാതിരിക്കാന്‍ വയ്യ. എന്നാല്‍, ആശുപത്രി ഉടമകളുടെ സമീപനം ഒട്ടും ആശാസ്യമാണെന്നു പറഞ്ഞുകൂടാ. ആശുപത്രി നടത്തിപ്പ് ഇന്നു വന്‍ ബിസിനസാണ്. വന്‍കിട ആശുപത്രികള്‍ കനത്ത ഫീസാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നത്. ആശുപത്രികളുടെ ഇന്‍ഫ്രാസ്ട്രക്ചറും അവിടെ ലഭ്യമാവുന്ന സേവനങ്ങളും മെച്ചപ്പെടുത്താന്‍ മാനേജ്‌മെന്റുകള്‍ കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നു. മിടുക്കന്മാരായ ഡോക്ടര്‍മാര്‍ക്ക് ലക്ഷക്കണക്കിനു രൂപ ശമ്പളം നല്‍കുന്നു. ഇന്‍സെന്റീവുകള്‍ അതിനു പുറമെ. എന്നാല്‍, നഴ്‌സുമാര്‍ക്ക് എണ്ണിച്ചുട്ട അപ്പം മാത്രമാണ് കൊടുക്കുന്നത്. ആതുരസേവനത്തിന്റെ രണ്ടു മേഖലകളില്‍ തുല്യമായ പങ്കുവഹിക്കുന്ന രണ്ടു കൂട്ടര്‍ തമ്മില്‍ ഇത്രയും പ്രകടമായ വ്യത്യാസം പാടുണ്ടോ? തീര്‍ച്ചയായും ആശുപത്രി ഉടമകള്‍ ധാര്‍ഷ്ട്യം കൈവെടിയുകയും നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളവും സേവനവ്യവസ്ഥകളും ഉറപ്പുവരുത്തുകയും വേണം. ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ നഴ്‌സുമാരുടെ സംഘടനകളും തയ്യാറാവണം. ജനങ്ങള്‍ പനിച്ചു മരിക്കുമ്പോള്‍ ഈ സമരം പാടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss