|    Dec 13 Thu, 2018 9:11 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ആളില്ലാതെ എന്തോന്നു പിന്തുണ!

Published : 23rd April 2018 | Posted By: kasim kzm

കണ്ണേറ് – കണ്ണന്‍
നക്‌സലിസം കത്തിനിന്ന കാലത്ത് വിപ്ലവപ്പാര്‍ട്ടി സഖാക്കള്‍ക്കിടയില്‍ വലിയൊരു തര്‍ക്കം നിലനിന്നിരുന്നു- എങ്ങനെയാണ് അധികാരം പിടിച്ചെടുക്കേണ്ടത് എന്നതു സംബന്ധിച്ചായിരുന്നു തര്‍ക്കം. ആയുധം ഉപയോഗിച്ച് ഭരണകൂടത്തെ കീഴടക്കി അധികാരം സ്ഥാപിച്ചെടുക്കണോ, അതല്ല ജനങ്ങളെ സംഘടിപ്പിച്ച് ജനകീയ പ്രക്ഷോഭങ്ങളിലൂടെ വിപ്ലവം സാധ്യമാക്കണോ എന്ന കാര്യത്തില്‍ സഖാക്കള്‍ക്കിടയില്‍ തര്‍ക്കം ബഹുജോര്‍. നീണ്ടുനില്‍ക്കുന്ന വാദപ്രതിവാദങ്ങള്‍, സൈദ്ധാന്തിക വിശകലനങ്ങള്‍, രാവേറെച്ചെല്ലുവോളം തലപുണ്ണാക്കി നടത്തുന്ന സംവാദങ്ങള്‍. ചര്‍ച്ച നീണ്ടുനീണ്ടുപോയി കാലമേറെ കഴിഞ്ഞിട്ടും ശരിയായ വിപ്ലവപാത നിര്‍ണയിച്ചെടുക്കാന്‍ സഖാക്കള്‍ക്കു കഴിഞ്ഞില്ല. പക്ഷേ, ഈ നിരന്തര ചര്‍ച്ചകള്‍ക്കിടയില്‍ ഒരിക്കലും ഒരുകാര്യം സഖാക്കള്‍ ഓര്‍ത്തിരുന്നില്ല. അധികാരം പിടിച്ചെടുക്കാന്‍ ആവശ്യമായ ആയുധങ്ങളൊന്നും തങ്ങളുടെ പക്കലില്ല; രണ്ടാമത്തെ മാര്‍ഗമായ ജനകീയ പ്രക്ഷോഭത്തിന്റെ വഴി തിരഞ്ഞെടുക്കാമെന്നു വച്ചാല്‍ അതിനാവശ്യമായ ജനപിന്തുണയുമില്ല. രണ്ടുമില്ലാത്തപ്പോള്‍ എന്തിനായിരുന്നു നീണ്ടുനീണ്ടുപോയ ഈ ചര്‍ച്ചകളും വിശകലനങ്ങളും എന്നു ചോദിച്ചാല്‍ ഒന്നേയുള്ളൂ ഉത്തരം- അതാവുന്നു വൈരുധ്യാത്മക മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം.
കമ്മ്യൂണിസത്തിന്റെ സവിശേഷ സംഗതികളും രീതിശാസ്ത്രങ്ങളും ഇങ്ങനെയൊക്കെയാണ് എന്നതിനാല്‍ സിപിഎമ്മിനകത്തു നടക്കുന്ന ഇപ്പോഴത്തെ തര്‍ക്കകോലാഹലങ്ങളില്‍ ഒട്ടും അതിശയിക്കേണ്ടതില്ല. കോണ്‍ഗ്രസ്സിനോട് പുലര്‍ത്തേണ്ട സമീപനമെന്താണ്, പാര്‍ട്ടിയെ പിന്തുണയ്ക്കണോ അതല്ല വലിച്ചു താഴെയിടണോ, കണ്ടാല്‍ കെട്ടിപ്പിടിക്കണോ, മുഖം തിരിഞ്ഞു പിന്തിരിഞ്ഞു നടക്കണോ എന്നതിനെച്ചൊല്ലി പാര്‍ട്ടിക്കകത്ത് തിരിഞ്ഞും മറിഞ്ഞും ചര്‍ച്ചകള്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പ്രകാശ് കാരാട്ട് ഒരുവശത്തും സീതാറാം യെച്ചൂരി മറുവശത്തും നിന്നാണ് പോരാട്ടം നടത്തുന്നത്. രണ്ടുപേരും ജെഎന്‍യു ബാക്ക്ഗ്രൗണ്ടുള്ള യൂനിവേഴ്‌സിറ്റി മാര്‍ക്‌സിസ്റ്റുകളായതിനാല്‍ സിദ്ധാന്തങ്ങള്‍  ഇഴകീറി അപഗ്രഥിച്ച് സ്വന്തം ന്യായങ്ങള്‍ നിരത്തി കോണ്‍ഗ്രസ് വര്‍ഗശത്രുവാണോ അതല്ല മിത്രമാണോ എന്നു കണ്ടുപിടിക്കാന്‍ മിടുക്കരാണ്. എന്നാല്‍, വര്‍ഗരാഷ്ട്രീയം, തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്നൊക്കെ പറഞ്ഞാല്‍ ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത പിണറായിക്കും കോടിയേരിക്കും കേരളത്തിലെ ചില്ലറകാര്യങ്ങള്‍ മാത്രമേ വിഷയമായുള്ളു. ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ എങ്ങനെയാ സ്‌റ്റേറ്റ് കാറും ബംഗ്ലാവും വിട്ടുകൊടുക്കുക എന്ന ഒറ്റവിഷയത്തിലൊതുങ്ങുന്നു അവരുടെ അപഗ്രഥനങ്ങള്‍. അക്കാര്യം നടപ്പില്ല; ബിജെപി വരുകയോ വരാതിരിക്കുകയോ ചെയ്യട്ടെ, കോണ്‍ഗ്രസ് വര്‍ഗശത്രുതന്നെ, ബൂര്‍ഷ്വാ പാര്‍ട്ടി തന്നെ. കോണ്‍ഗ്രസ്സിന്റെ പിന്നാലെ നടക്കുന്ന മുസ്്‌ലിം ലീഗും തഥൈവ. അവരോടൊന്നും സഹകരണവും ധാരണയും വേണ്ട. ഏറിവന്നാല്‍ വിദേശത്തു നടക്കുന്ന അല്ലറചില്ലറ ബിസിനസ് കാര്യങ്ങളില്‍ ചില നീക്കുപോക്കൊക്കെ ആവാം. അല്ലാതെ രാഷ്ട്രീയകാര്യങ്ങളില്‍ ഒരു സഹകരണവും വേണ്ട. തൊഴിലാളിവര്‍ഗ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ കോണ്‍ഗ്രസ് സമം ബിജെപി. ഇങ്ങനെയാണ് സംഗതികളുടെ കിടപ്പ്.
പിബിയും കേന്ദ്രകമ്മിറ്റിയും പാര്‍ട്ടി കോണ്‍ഗ്രസ്സിലെ പ്രതിനിധികളുമൊക്കെ ചേര്‍ന്ന് ദീര്‍ഘകാലമായി നടത്തിപ്പോരുന്ന ഈ ചര്‍ച്ചയും നക്‌സലൈറ്റുകള്‍ നടത്തിപ്പോന്ന പഴയ ചര്‍ച്ചയും ഒരേ വഴിക്കു തന്നെയല്ലേ സഞ്ചരിക്കുന്നത് എന്നു മാത്രമാണ് കണ്ണന്റെ സംശയം. ആയുധശക്തി ഉപയോഗിച്ച് വേണോ ആള്‍ബലം വഴി വേണോ അധികാരം പിടിച്ചെടുക്കേണ്ടത് എന്നു ചര്‍ച്ചചെയ്തുകൊണ്ടിരുന്ന നക്‌സലൈറ്റുകളുടെ പക്കല്‍ രണ്ടുമില്ലായിരുന്നു. ആ അവസ്ഥയില്‍ തന്നെയല്ലേ സിപിഎമ്മും ഉള്ളത്? കോണ്‍ഗ്രസ്സിനു പിന്തുണ നല്‍കണോ വേണ്ടേ എന്നു ചര്‍ച്ചചെയ്യുന്നതൊക്കെയിരിക്കട്ടെ, എവിടെയാണു പിന്തുണ നല്‍കാന്‍ മാത്രം ആളുകള്‍ പാര്‍ട്ടിയുടെ കൂടെയുള്ളത്? തിരഞ്ഞെടുപ്പ് സമാഗതമായ കര്‍ണാടകയില്‍ ഇടത്-വലത്, എസ്‌യുസിഐ, റവല്യൂഷണറി, മാവോവാദി കമ്മ്യൂണിസ്റ്റുകളെല്ലാം കൂടി ചേര്‍ന്നാല്‍ ഒരു ശതമാനത്തിന്റെ പത്തിലൊന്നോ മറ്റോ മാത്രമേ വരൂ. മറ്റു സംസ്ഥാനങ്ങളിലെ കഥ അതിലേറെ കഷ്ടമാണ്. ഉത്തരേന്ത്യന്‍ ഗോസായി ഭൂമികളില്‍ ചുവപ്പുകൊടി റെയില്‍വേസ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ കൈകളില്‍പ്പോലും ഇപ്പോഴില്ല. ആകപ്പാടെ കശ്മീരിലൊരു തരിഗാമി, ത്രിപുരയിലൊരു മണിക് ദാ- എല്ലാവരും കൂടി ഒരുമിച്ചുനിന്നാല്‍ മഴകൊള്ളാതിരിക്കാന്‍ ഒരു കുട മതിയാവുമെന്നു പറയാറില്ലേ, അതാണു സ്ഥിതി.

*****

തെലങ്കാനയില്‍ നിന്നു പല പാഠങ്ങളും പഠിച്ചിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകള്‍. തെലങ്കാന വിപ്ലവത്തിന്റെ ഊര്‍ജം ഓരോ സിപിഎം പ്രവര്‍ത്തകന്റെയും സിരകളില്‍ ഇപ്പോഴുമുണ്ട്. അതുണ്ടാക്കിയ ആശയകാലുഷ്യത്തിന്റെ ഏടാകൂടങ്ങളുമുണ്ട്. അതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഹൈദരാബാദിലെത്തിയ സഖാവ് പിണറായി പഴയ പാഠങ്ങളൊക്കെ ഓര്‍ത്തെടുക്കുകയും തെലങ്കാനയിലെ സ്ഥിതിവിശേഷങ്ങളില്‍ നിന്ന് പുതിയ പാഠങ്ങള്‍ കണ്ടെത്തുകയും ചെയ്തുവെങ്കില്‍, അതു തികച്ചും സ്വാഭാവികമാണ്. സഖാവിന്റെ തെലങ്കാന സന്ദര്‍ശനം ആ നിലയ്ക്ക് പാര്‍ട്ടിയുടെ പഴയ ചരിത്രത്തിലേക്ക് ഒരു തിരിച്ചുപോക്കാവുമായിരുന്നു എന്ന് പലരെയും പോലെ കണ്ണനും വിശ്വസിച്ചിരുന്നു. അതാണല്ലോ കാര്യങ്ങളുടെ ഒരു നടപ്പുവശം.
പക്ഷേ, തെലങ്കാനയിലെത്തിയ സഖാവ് പിണറായിയെ അത്തരം ഓര്‍മകളൊന്നും തെല്ലും ബാധിച്ചില്ല. മുഖ്യമന്ത്രി പിണറായി സമ്മേളനവേദിയില്‍ നിന്നു നേരെ പോയത് അവിടെയുള്ള ഒരു പോലിസ് സ്‌റ്റേഷനിലേക്കാണ്- മാതൃകാ പോലിസ് സ്‌റ്റേഷനായ പഞ്ചഗുഢയിലേക്ക്. സ്റ്റേഷനിലെ സിസിടിവി സംവിധാനം, വിശ്രമസ്ഥലം, ശുചിമുറികള്‍- എല്ലാം മുഖ്യമന്ത്രി നടന്നുകണ്ടുവത്രേ.
പഞ്ചഗുഢയിലെ പോലിസുകാരോട് മുഖ്യമന്ത്രി എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക? തീര്‍ച്ചയായും വരാപ്പുഴയിലൊന്നു വരാനായിരിക്കുമെന്നാണ് കണ്ണന്റെ ഊഹം. പഞ്ചഗുഢയില്‍ സിസിടിവിയുണ്ട്, ചുമ്മാ അതും വച്ചുകൊണ്ടിരുന്നാല്‍ ഉണ്ടാവുന്ന അപകടം തീര്‍ച്ചയായും മുഖ്യമന്ത്രി അവിടെയുള്ള പോലിസുകാര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടാവണം. ഒന്നു കൈവച്ചാല്‍ കുടുങ്ങിപ്പോവുകയില്ലേ അവര്‍. പോലിസുകാര്‍ കുടുങ്ങിയാല്‍ ആഭ്യന്തരവകുപ്പ് കുടുങ്ങുകയില്ലേ? ആഭ്യന്തരവകുപ്പ് കുടുങ്ങിയാല്‍ ഭരണം തകരാറിലാവില്ലേ. അതിനാല്‍ സിസിടിവിയല്ല ഇടിമുറിയാണു വേണ്ടതെന്നു പിണറായി വിജയന്‍ പഞ്ചഗുഢയിലെ പോലിസുകാരെ പറഞ്ഞു മനസ്സിലാക്കിയിരിക്കാനാണു സകല സാധ്യതയും. അവിടത്തെ പോലിസ് മേധാവി മഹേന്ദ്ര റെഡ്ഡിയോട് ഇവിടത്തെ മേധാവിയായ ലോക്‌നാഥ് ബെഹ്‌റയെ ചെന്നുകണ്ട് പോലിസ് വകുപ്പ് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നു പഠിക്കാന്‍ പറഞ്ഞിട്ടുമുണ്ടായിരിക്കും. എ വി ജോര്‍ജിന്റെ മാതൃകയിലൊരു ടൈഗര്‍ സ്‌ക്വാഡ് രൂപീകരിച്ചാലുണ്ടാവുന്ന നേട്ടങ്ങളെപ്പറ്റി തെലങ്കാനയിലെ പോലിസുകാരെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തിയിട്ടുമുണ്ടാവില്ലേ? ശ്രീജിത്തിനെ കൈകാര്യം ചെയ്ത രീതിയില്‍ സംസ്ഥാനത്തെ മാവോവാദികളെ കൈകാര്യം ചെയ്യേണ്ടതിന്റെ സാധ്യതകള്‍ പഠിക്കാന്‍ ഒരു സംഘത്തെ കേരളത്തിലേക്കയക്കുന്നത് നന്നായിരിക്കുമെന്നു കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ സംഗതി വൃത്തിയായി.
അതായത് പഞ്ചഗുഢയില്‍ നിന്ന് പിണറായിയായിരിക്കുകയില്ല കാര്യങ്ങള്‍ പഠിച്ചത്, നേരെ മറിച്ചായിരിക്കാം.

*****

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമസേനന്‍ തന്നെ. ഹര്‍ത്താല്‍ നടന്നത് മലപ്പുറത്തും കോഴിക്കോട്ടുമാണെങ്കില്‍ അതിനു പിന്നില്‍ എസ്ഡിപിഐ തന്നെ. ആര്യാടന്‍ മുഹമ്മദിന് അക്കാര്യത്തില്‍ എന്തൊരുറപ്പാണ്! മന്ത്രി കെ ടി ജലീലിനും അതേ ഉറപ്പുണ്ട്. മതേതരത്വം ശക്തിപ്പെടുത്താന്‍ പുട്ടപര്‍ത്തിയില്‍ വരെ പോവുന്ന ജലീല്‍ ഹര്‍ത്താലനുകൂലികള്‍ ആക്രമിച്ച ഒരു ബേക്കറിയുടെ പുനരുദ്ധാരണത്തിനായി പണപ്പിരിവും തുടങ്ങി. ഇവര്‍ രണ്ടുപേര്‍ക്കുമെന്നല്ല ചാനല്‍ ചര്‍ച്ചക്കാര്‍ക്കും ഇക്കാര്യത്തില്‍ സംഘപരിവാര നിലപാടു തന്നെയാണുള്ളത്. മുസ്‌ലിം ന്യൂനപക്ഷത്തിലെ വര്‍ഗീയവാദികളാണ് സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു വര്‍ഗീയകലാപമുണ്ടാക്കുന്നത്. അതിനാല്‍ പിടിയെടാ അവരെ. ആയിരക്കണക്കിന് ആളുകള്‍ക്കെതിരേ കേസ്, ഒരുപാടുപേര്‍ ജയിലില്‍.
ഹര്‍ത്താല്‍ ആസൂത്രണം ചെയ്തത് എസ്ഡിപിഐക്കാരോ വെല്‍ഫെയര്‍ പാര്‍ട്ടിക്കാരോ ലീഗുകാരോ അല്ലെന്നു മാത്രമല്ല, അതില്‍ മരുന്നിനുപോലും മുസ്‌ലിംകളില്ലെന്നറിയുമ്പോള്‍ ഇവരെന്തു പറയും! ആസൂത്രണം ചെയ്തത് ആര്‍എസ്എസുകാരാണെങ്കില്‍ അതുകേട്ട് കടകളടപ്പിച്ചത് എസ്ഡിപിഐക്കാരാണ് എന്നാവും പുതിയ ഭാഷ്യം. ഹിന്ദു-മുസ്‌ലിം തീവ്രവാദികള്‍ തമ്മിലുള്ള ഗൂഢബന്ധത്തിന് ഇതില്‍പ്പരം മറ്റെന്തു തെളിവു വേണം?                            ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss