|    Nov 21 Wed, 2018 2:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആലുവ, പെരുമ്പാവൂര്‍നേരിടുന്നതു വന്‍ പ്രളയദുരിതം; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

Published : 18th August 2018 | Posted By: kasim kzm

കൊച്ചി: കനത്ത മഴയും അണക്കെട്ടുകള്‍ തുറന്നുവിടുകയും ചെയ്തതിനെ തുടര്‍ന്ന് പെരിയാര്‍ കരകവിഞ്ഞ് വെള്ളത്തിനടിയിലായ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ആലുവ, പെരുമ്പാവൂര്‍, കാലടി, പറവൂര്‍, കളമശ്ശേരി, ഏലൂര്‍ മേഖലകള്‍ എതാണ്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയായ മൂവാറ്റുപുഴ ടൗണും സമീപപ്രദേശവും വെളളത്തിലാണ്.
നാവികസേന, ഫയര്‍ഫോഴ്‌സ്, മല്‍സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും പ്രളയബാധിത പ്രദേശങ്ങളിലെ ഉള്‍ഭാഗങ്ങളിലെ വീടുകളില്‍ ഒട്ടേറെ പേര്‍ കഴിഞ്ഞ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്നതെന്ന വിവരമാണ് ലഭിക്കുന്നത്്. ഏലൂക്കര, കൈന്റിക്കര, കാലടി, ചൊവ്വര മേഖലകളിലെ വിവിധയിടങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് കുടുങ്ങിക്കിടന്നത്. പലരും വെള്ളവും ഭക്ഷണവും ലഭിക്കാതെ അവശതയിലാണ്.
പെരിയാറില്‍ നിന്നുള്ള കുത്തൊഴുക്കുമൂലം ചെറിയ ബോട്ടുകളില്‍ ഉള്‍പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്. ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും വീടിന്റെ മുകളില്‍ റൂഫ് ടോപ് ഉള്ളത് ആകാശമാര്‍ഗം വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. എങ്കിലും ഗര്‍ഭിണികളും കുഞ്ഞുകുട്ടികളും രോഗികളും അടക്കമുള്ള നിരവധി പേരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു. കുടുങ്ങി ക്കിടക്കുന്ന ആളുകളുടെ എണ്ണം അനുസരിച്ച് നിലവിലുള്ള സന്നാഹം മതിയാവാത്ത അവസ്ഥയാണ്.
പെരിയാറിന്റെ തീരത്തെ പ്രദേശങ്ങളില്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. നദി കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ ശക്തമായ കുത്തൊഴുക്കാണ് നേരിടുന്നത്. ഒഴുക്ക് മറികടന്ന് പോകാന്‍ ശ്രമിച്ച ചില ചെറിയ ബോട്ടുകള്‍ മറിയുന്ന സാഹചര്യവും ഉണ്ടായി. രക്ഷപ്പെടുത്തിക്കൊണ്ടുവന്നവരെ നാട്ടുകാര്‍ വലിയ വടം കെട്ടി തടഞ്ഞുനിര്‍ത്തിയാണ് ബോട്ടില്‍ നിന്നും ഇറക്കിക്കൊണ്ടിരുന്നത്. മല്‍സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ദുരിതാശ്വാസ ക്യാപുകളില്‍ ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ദൗര്‍ലഭ്യവും രൂക്ഷമാണ്. പ്രളയബാധിതമായ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി നിലച്ചതോടെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഈ മേഖലകളില്‍ തകരാറിലായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss