|    Jul 21 Fri, 2017 4:19 pm
FLASH NEWS

ആലുവ നഗരസഭ ബജറ്റ് : എല്‍ഡിഎഫ് നിലപാട് മാറ്റി; വൈസ് ചെയര്‍പേഴ്‌സണ്‍ ബജറ്റ് അവതരിപ്പിക്കും

Published : 21st March 2017 | Posted By: fsq

 

ആലുവ: എല്‍ഡിഎഫ് നേതൃത്വം മുന്‍ തീരുമാനത്തില്‍ നിന്നും പിന്നാക്കം പോന്നതോടെ ഇക്കുറി ആലുവ നഗരസഭയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി ഓമന ബജറ്റ് അവതരിപ്പിക്കുമെന്ന് ഉറപ്പായി. ഇതേതുടര്‍ന്ന് നാളെ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചേര്‍ന്ന് കരട് ബജറ്റ് തയ്യാറാക്കും. 28ന് ബജറ്റ് അവതരണവും നടക്കും.
മുന്‍ വര്‍ഷങ്ങളുടെ തനിയാവര്‍ത്തനമാണ് വൈസ് ചെയര്‍പേഴ്‌സണ്‍ തയ്യാറാക്കിയ ബജറ്റ് എന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി ആലുവ നഗരസഭയില്‍ സെക്രട്ടറിയാണ് ബജറ്റ് അവതരിപ്പിച്ചത്. അഞ്ചംഗ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ രണ്ടുപേരാണ് ഭരണപക്ഷത്ത് നിന്നുള്ളത്. പ്രതിപക്ഷത്ത് നിന്നും പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, പി സി ആന്റണി, മിനി ബൈജു എന്നിവരാണുള്ളത്.
കമ്മിറ്റിയില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ കരട് ബജറ്റ് പാസാകാതിരുന്നതാണ് സെക്രട്ടറിക്ക് ബജറ്റ് അവതരിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിച്ചത്. ഇക്കുറി പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാന്‍ ഭരണപക്ഷം തയ്യാറായതാണ് വിട്ടുവീഴ്ച്ചക്ക് കാരണമെന്നും പറയുന്നു.
എന്നാല്‍ നിലപാട് മാറ്റിയതിന്റെ പേരില്‍ എല്‍ഡിഎഫ് പ്രാദേശിക ഘടകത്തില്‍ ഭിന്നതയുണ്ട്. വൈസ് ചെയര്‍പേഴ്‌സന് ബജറ്റ് അവതരിപ്പിക്കാന്‍ സാഹചര്യമൊരുക്കണമെന്ന നിലപാടിലായിരുന്നു സിപിഎം.
എന്നാല്‍ സിപിഐക്ക് നിലപാട് മാറ്റത്തോട് യോജിപ്പില്ലായിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുവട്ടം എല്‍ഡിഎഫ് യോഗം തീരുമാനമാവാതെ പിരിഞ്ഞു. ഒടുവില്‍ ഇരുപാര്‍ട്ടികളുടെയും ഏരിയ മണ്ഡലം നേതാക്കള്‍ ഇടപ്പെട്ടാണ് തീരുമാനമുണ്ടാക്കിയത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട വൈസ് ചെയര്‍പേഴ്‌സണ്‍ ബജറ്റ് അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു സിപിഎമ്മിന്.
അങ്ങനെയെങ്കില്‍ എന്തിന് കഴിഞ്ഞ വര്‍ഷം തടസ്സപ്പെടുത്തിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അവര്‍ക്കാവുന്നില്ല.
അതേസമയം, ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിപിഎമ്മിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് വൈസ് ചെയര്‍പേഴ്‌സന് ബജറ്റ് അവതരണത്തിന് അവസരം നല്‍കുന്നതെന്നാണ് അണിയറ സംസാരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക