|    Dec 17 Mon, 2018 1:54 pm
FLASH NEWS

ആലുവയിലെ നിരവധി പേരെ രക്ഷിച്ച സന്തോഷവുമായി അവര്‍ തിരിച്ചെത്തി

Published : 22nd August 2018 | Posted By: kasim kzm

സദഖത്തുല്ല താനൂര്‍

താനൂര്‍: പ്രളയ തീരത്തെ മരണത്തെ മുഖാമുഖം കണ്ടു ജീവന് വേണ്ടി കൈനീട്ടിയ ആലുവയിലെ നൂറുകണക്കിന് കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സന്തോഷത്തോടെയാണു താനൂരില്‍ നിന്നും ആലുവയിലേക്ക് പോയ എസ്ഡിപിഐ ആര്‍ജി ടീം ഇന്നലെ മടങ്ങിയെത്തിയത്. ആലിങ്ങല്‍ ചെറിയബാവ, ഇങ്കപന്റെ പുരക്കല്‍ സൈനുദ്ദീന്‍, അവുളാക്കന്റെ പുരക്കല്‍ ഉമ്മര്‍, മൗലാക്കന്റെ പുരക്കല്‍ മനാഫ്, കുറിയന്റെ പുരക്കല്‍ കാസിം എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണു കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി രണ്ട് ഫൈബര്‍ വള്ളങ്ങളുമായി എസ്ഡിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം റോഡ് മാര്‍ഗംആലുവയിലേക്ക് പോയത്. കൊടുങ്ങല്ലൂര്‍ കോട്ടപുറത്തു നിന്നും ആരംഭിച്ച രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായ മൂന്ന് പകലും രാത്രിയും കഴിഞ്ഞാണ് അവസാനിപ്പിച്ചത്. വെള്ളപ്പാച്ചിലിന്റെ കെടുതിയില്‍ ഒറ്റപ്പെട്ടു പോയ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ള നിരവധി പേരെയാണ് ഇവര്‍ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചത്. എല്ലാവരും പോവാന്‍ മടിച്ച സ്ഥലങ്ങളില്‍ സാഹസികമായി ചെന്ന് സഹായം തേടിയിരുന്ന എല്ലാവരേയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇവര്‍. ഒരാളെ പോലും ഉപേക്ഷിച്ച് പോരേണ്ടി വന്നില്ല. അതിനുള്ള മനസും ഇവര്‍ക്കുണ്ടായിരുന്നില്ല. പ്രതികൂല സഹചര്യങ്ങളെയെല്ലാം മറി കടന്നാണ് ഇവര്‍ വെള്ളക്കെട്ടുകളിലെ വീടുകളില്‍ നിന്നും മനുഷ്യരെ പുറത്തെത്തിച്ചത്. ബോട്ടുകള്‍ എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ ഒരുപാടുദൂരം നീന്തി പോയാണ് ആളുകളെ രക്ഷപെടുത്തിയത്. അതില്‍ കുട്ടികളും വൃദ്ധരും അടക്കം ആയിരങ്ങളാണുണ്ടായിരുന്നത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് ദിശാ നിര്‍ണയിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചേന്ദമംഗലം, വടക്കുംപുറം, കണക്കാന്‍ കടവ് പാലം, കുത്തിയത്തോട്, നോര്‍ത്ത്പറവൂര്‍, കൊച്ചുകടവ്, പട്ടണകവല, മുസ്‌രിസ് എന്നിവിടങ്ങളിലാണ് പ്രധാനമായും രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശവാസികളുടെ അകമഴിഞ്ഞ സഹായവും ലഭിച്ചിരുന്നു. മൂന്ന് രാവും പകലും ഭക്ഷണം പോലും ലഭിക്കാതെ സേവനം ചെയ്യാന്‍ ഇവര്‍ക്കു കഴിഞ്ഞു. രക്ഷപെട്ടവരും അവരുടെ ബന്ധുക്കളുമെല്ലാം ഇവരെ അകമഴിഞ്ഞ് പുകഴ്ത്തുകയാണ്. നേവിയും മറ്റ് രക്ഷാ പ്രവര്‍ത്തകരും എത്തിച്ചേരാന്‍ സന്നദ്ധമല്ലാതിരുന്ന പ്രദേശങ്ങളിലേക്കാണ് ഇവര്‍ ഫൈബര്‍ ബോട്ടുമായി കടന്നു ചെന്നത്. വീടിന്റെ രണ്ടാം നിലയിലുള്ളവരെ രക്ഷപ്പെടുത്താന്‍ ഏറെ ക്ലേശിക്കേണ്ടി വന്നതായി ഇവര്‍ ഓര്‍ക്കുന്നു. കിടപ്പിലായവരും രോഗികളും ഉള്‍പ്പെടെയുള്ളവരെയാണ് ഇവര്‍ രക്ഷിച്ചു കൊണ്ടുവന്നത്. മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത പ്രവര്‍ത്തികളാണ് നിങ്ങള്‍ ചെയ്തതെന്ന് പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. പഠിപ്പും പത്രാസുമൊന്നുമില്ലാത്ത സാധാരണക്കാരാണ് ഈ അഞ്ചുപേരും. ട്രോളിങ് നിരോധനത്തിന്റെ കെടുതികള്‍ അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പ്രളയം കേരളത്തെ പിടിച്ചു കുലുക്കിയത്. വെള്ളം കയറിയ വീടുകളില്‍ ചെറിയ തോണികളില്‍ ചെന്ന് ഏതാനും ദിവസം രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷമാണ് അവര്‍ ആലുവയിലേക്ക് പോയത്. കടലിനോടും പുഴയോടും പടവെട്ടി മല്‍സ്യബന്ധനം നടത്തിയ അനുഭവപരിചയമാണ് ആലുവയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ഈ സംഘത്തെ നിയോഗിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. അവിടങ്ങളില്‍ എത്തിയതു മുതല്‍ വിശ്രമമില്ലാതെ ഇവര്‍ മനുഷ്യരെ രക്ഷിക്കുന്നതിനുള്ള പെടാപാടിലായിരുന്നു. ഭക്ഷണമോ വിശ്രമമോ ഇല്ലാതെ രാവിലെ മുതല്‍ പാതിരാവരെ ഈ സംഘം രക്ഷാ പ്രവര്‍ത്തനം നടത്തി. രക്ഷിച്ചവരെ ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ച് അവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നേടത്തോളം അവരുടെ പ്രവര്‍ത്തനങ്ങള്‍ നീണ്ടു. ഈ അഞ്ചുപേരും ആറു ദിവസം കൊണ്ട് ചെയ്ത സാഹസങ്ങള്‍ പറഞ്ഞറിയിക്കാന്‍ ആവാത്തത്ര വലുതാണ്. പ്രദേശവാസികളും റവന്യൂ ഉദ്യോഗസ്ഥരും മറ്റു സന്നദ്ധ പ്രവര്‍ത്തകരും തടഞ്ഞിട്ടും ഒന്നിനേയും വകവെക്കാതെ പലതും ചെയ്യാന്‍ ഇവര്‍ക്കായി. എല്ലാം സൃഷ്ടാവിലര്‍പ്പിച്ചാണ് ഈ സംഘം മുന്നേറിയത്. അവര്‍ക്ക് എവിടെ നിന്നും തോറ്റു പിന്മാറേണ്ടിവന്നില്ല. മുഖ്യമന്ത്രി പറഞ്ഞ കേരളത്തിന്റെ സൈന്യം എന്ന വിശേഷണത്തിന് തികച്ചും അര്‍ഹരായിരുന്നു ഇവര്‍. വെള്ളത്തില്‍ നിന്നും രക്ഷിക്കാനുള്ള മുറവിളി ഉയര്‍ന്നപ്പോള്‍ ഇവര്‍ ഫൈബര്‍ ബോട്ടില്‍ പോവാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി രാത്രി തന്നെ പുറപ്പെടുകയായിരുന്നു. സാധാരണക്കാരും പാവങ്ങളുമായ ഇവരുടെ സേവനത്തിനു മുന്നില്‍ എല്ലാവരും മനസ്സ് നമിക്കുകയാണ്. ഈ അഞ്ചംഗ സംഘത്തിലെ കാസിം ഒഴികെയുള്ളവര്‍ താനൂര്‍ സ്വദേശികള്‍ തന്നെയാണ്. കാസിം കൂട്ടായി കാട്ടിലപള്ളി സ്വദേശിയാണ്. എസ്ഡിപിഐ താനൂര്‍ മണ്ഡലം കമ്മിറ്റി താനൂര്‍ ഹാര്‍ബറില്‍ വച്ച് മാലയിട്ട് സ്വീകരിച്ചു. തുറന്ന ജീപ്പില്‍ സന്നദ്ധ പ്രവര്‍ത്തകരെയും കൊണ്ട് താനൂര്‍ ജങ്ഷനില്‍ അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss