|    Oct 21 Sun, 2018 9:57 pm
FLASH NEWS

ആലുവക്കാര്‍ ഇനി വട്ടം ചുറ്റും

Published : 26th September 2017 | Posted By: fsq

 

ആലുവ: കാത്തിരിപ്പിനൊടുവി ല്‍ ആലുവയിലെ ഗതാഗത കുരുക്കഴിക്കാന്‍ പരിഷ്‌കാര പദ്ധതിയുമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി. നഗരത്തിനുള്ളിലെ കടുത്ത ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി ‘ആലുവ റൗണ്ട്’’ പദ്ധതി നടപ്പാക്കും. ആലുവ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. തൃശ്ശൂര്‍ നഗരത്തിലേത് പോലെ ആലുവ നഗരവും വൃത്തത്തിനുള്ളിലാക്കുന്നതാണ് ‘ആലുവ റൗണ്ട്’ പദ്ധതി. ആലുവ ബാങ്ക് ജങ്ഷന്‍, സെന്റ്. സേവ്യേഴ്‌സ് കോളജ്, പമ്പ് കവല, റെയില്‍വേ സ്‌റ്റേഷന്‍, ജില്ല ആശുപത്രി ജങ്ഷന്‍, കാരോത്തുകുഴി ജങ്ഷന്‍, മാര്‍ക്കറ്റ് റോഡ്, സ്വകാര്യ ബസ്സ്റ്റാന്റ്, വീണ്ടും ബാങ്ക് ജങ്ഷനില്‍ എത്തുന്ന വിധത്തിലാണ് ആലുവ റൗണ്ട്’ ക്രമീകരിച്ചിരിക്കുന്നത്. എതിര്‍ ദിശയില്‍ ഇരുചക്രവാഹനങ്ങള്‍ക്ക്് വരെ ഗതാഗതമുണ്ടായിരിക്കില്ല. ആലുവ നഗരത്തിലെ വാഹനങ്ങള്‍ ബൈപ്പാസ് കവലയില്‍ ദേശീയപാത മുറിച്ച് കടക്കാന്‍ അനുവദിക്കില്ല. അങ്കമാലി, പറവൂര്‍, കടുങ്ങല്ലൂര്‍, കുറുമശേരി ഭാഗങ്ങളിലേക്ക് പോവുന്ന വാഹനങ്ങള്‍ക്കാണ് നിരോധനം. ആലുവ ബൈപ്പാസ് സിഗ്‌നലിലെത്തി ഇടത് തിരിഞ്ഞ് മെട്രോ സ്‌റ്റേഷന് അടിയിലൂടെ കടന്നു പോവണം. ആലുവ മേല്‍പ്പാലത്തിന് താഴെ ദേശീയപാതയുടെ പടിഞ്ഞാറ് വശത്തെ സര്‍വീസ് റോഡിലൂടെ കടന്ന് ദേശീയപാതയില്‍ പ്രവേശിക്കണം. അതേസമയം എറണാകുളത്തേക്കുള്ള വാഹനങ്ങള്‍ക്ക് മേല്‍പ്പാലത്തിലേക്ക് ഫ്രീ ലെഫ്റ്റ് അനുവദിക്കും. കാലടി, അങ്കമാലി, കടുങ്ങല്ലൂര്‍, കുറുമശേരി ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ഒരേ സമയം നഗരത്തില്‍ രണ്ട് തവണ കറങ്ങുന്നത് നിരോധിക്കാന്‍ യോഗം തീരുമാനിച്ചു. ആദ്യ തവണ വരുമ്പോള്‍ മാത്രമായിരിക്കും നഗരം ചുറ്റി സ്റ്റാന്റില്‍ പ്രവേശിക്കേണ്ടത്. സ്റ്റാന്റില്‍ നിന്ന് പുറത്തേയ്ക്കു വരുമ്പോള്‍ ബാങ്ക് കവല വഴി ബൈപ്പാസിലേക്ക് തിരിയണം. നഗരം വലയം വയ്ക്കാന്‍ അനുവദിക്കില്ല.നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഈ സ്ഥലത്തേയ്ക്ക് പോവുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസ് സ്റ്റാന്റിലേക്ക് ബസുകളില്‍ കണ്‍സഷന്‍ അനുവദിക്കും. എറണാകുളത്ത് നിന്നും വരുന്ന ബസുകള്‍ അണ്ടര്‍പാസ്, സ്വകാര്യസ്റ്റാന്റ് വഴി ബാങ്ക് കവലയിലെത്തണം. ഇതിനായി എടിഒയുടേയും നഗരസഭ കൗണ്‍സിലിന്റേയും അനുമതി തേടും. അര്‍ബന്‍ ബാങ്കിന് മുന്‍വശത്തെ ബസ് സ്‌റ്റോപ്പ് നിര്‍ത്തലാക്കുവാനും തീരുമാനിച്ചു. മാര്‍ത്താണ്ഡ വര്‍മ്മ പാലം മുതല്‍ മംഗലപ്പുഴപാലം വരെയുള്ള പുറമ്പോക്ക് ഭൂമി കണ്ടെത്തി റോഡ് വികസിപ്പിക്കാന്‍ ദേശീയ പാത അധികൃതരോട് ആവശ്യപ്പെടും. മണപ്പുറത്ത് നിന്നുള്ള വാഹനങ്ങള്‍ക്ക് തോട്ടക്കാട്ടുകരയില്‍ ഫ്രീ ലെഫ്റ്റിനായി റോഡ് വീതികൂട്ടാന്‍ ആവശ്യപ്പെടും. തോട്ടക്കാട്ടുകര, പറവൂര്‍ കവല സ്‌റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കും. ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ് നമ്പര്‍ ഏര്‍പ്പെടുത്തും. ഒരാഴ്ചക്കകം അംഗീകൃത ഓട്ടോകളുടെ പട്ടിക ട്രാഫിക്ക് പോലിസ് നഗരസഭയ്ക്ക് കൈമാറും. ഇവ നിശ്ചിത സ്റ്റാന്റില്‍ കിടന്നു മാത്രമേ ഓടാനാവൂ. സീമാസ് ഭാഗത്തെ തകര്‍ന്ന റോഡുകള്‍ ഉടന്‍ നന്നാക്കാന്‍ മെട്രോ അധികൃതരോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ റൂറല്‍ എസ്പി പരിശോധിച്ച് അംഗീകരിക്കുന്നതോടെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കും. ആലുവ റൗണ്ട്’ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ശേഷം വിലയിരുത്തല്‍ നടത്തും. അതിന് ശേഷമേ തുടരുന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്ന് യോഗത്തില്‍ പങ്കെടുത്ത  അന്‍വര്‍സാദത്ത് എംഎല്‍എ പറഞ്ഞു. ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. ആലുവ സിഐ വിശാല്‍ ജോണ്‍സണ്‍, ട്രാഫിക്ക് എസ്‌ഐ മുഹമ്മദ് ബഷീര്‍, ജോ. ആര്‍ടിഒ അയ്യപ്പന്‍, അഡി. തഹസില്‍ദാര്‍ റാഷി മോന്‍, പൊതുമരാമത്ത് എ ഇ സജയഘോഷ്, മെട്രോ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബഷീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss