|    Mar 19 Mon, 2018 11:52 pm
FLASH NEWS

ആലാംകടവിലെ കാര്‍ഷിക സംസ്‌കരണകേന്ദ്രം തുറക്കാന്‍ നടപടിയില്ല

Published : 24th September 2016 | Posted By: SMR

പാലക്കാട്: ചിറ്റൂര്‍ ആലാംകടവിലെ നല്ലേപ്പിള്ളി കാര്‍ഷിക വിഭവ സംഭരണ സംസ്‌കരണ കേന്ദ്രം തുറക്കാന്‍ ഇനിയും നടപടിയായില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് അടച്ചുതാഴിട്ട ഈ സ്ഥാപനം ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇരുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഷട്ടറുകളും ഗെയ്റ്റും തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുന്നു.
കെട്ടിടത്തിനു സമീപമെല്ലാം കാടുപിടിച്ച നിലയിലാണ്. സ്ഥാപനത്തിനകത്തെ മെഷിനറികളും തുരമ്പെടുത്തുകൊണ്ടിരിക്കുകയാണ്. ടില്ലറുകള്‍, മെതിയന്ത്രം, പുല്ലുവെട്ടുയന്ത്രം തുടങ്ങി കാര്‍ഷികമേഖലയ്ക്കാവശ്യമായ എല്ലാവിധ യന്ത്രോപകരണങ്ങളും ഇവിടെയുണ്ട്. അവയെല്ലാം ഇപ്പോള്‍ ഉപയോഗ്യശുന്യമായി കിടക്കുകയാണ്. മാസങ്ങള്‍കൂടുമ്പോള്‍ മെഷിനറികളിലെ പൊടിതട്ടല്‍ മാത്രം നടക്കുന്നുണ്ടെന്നതൊഴിച്ചാല്‍ ബാക്കിയുളള സമയത്ത് ഒരു ആളുംതന്നെ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല.ആലാംകടവിലുളള കാര്‍ഷികവിഭവ സംഭരണ സംസ്‌ക്കരണ കേന്ദ്രം നല്ലേപ്പിള്ളി ഗ്രാമപ്പഞ്ചായത്തിന്റെയുംചിറ്റൂര്‍ ബ്ലോക്കുപഞ്ചായത്തിന്റെയും സംയുക്ത സംരഭമായിരുന്നു.  ചിറ്റൂര്‍ മേഖലയിലെ കര്‍ഷകര്‍ പുറംനാടുകളില്‍ പോയാണ് തങ്ങല്‍ ഉല്‍പ്പാദിപ്പിച്ച വിളകള്‍ വിറ്റിരുന്നത്. ഈ സാഹചര്യത്തില്‍ അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ സംഭരിക്കാനും അതിനു ന്യായവില ലഭിക്കാനും അവസരമൊരുക്കുന്ന കേന്ദ്രത്തിനെ കര്‍ഷകര്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാമെന്നും കര്‍ഷകര്‍ കരുതി. 2002-ലാണ് നല്ലേപ്പിള്ളി കാര്‍ഷികവിഭവ സംഭരണ സംസ്‌ക്കരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ മൂന്നുവര്‍ഷക്കാലം നല്ലനിലയില്‍ പ്രവര്‍ത്തിച്ചു. പിന്നീടുളള കാലം പ്രവര്‍ത്തനം മന്ദീഭവിച്ചു. കര്‍ഷകരുടെ നിസഹരണമാണ് ഇതിനുകാരണമായി അധികൃതര്‍ പറയുന്നത്. എന്നാല്‍ ചിറ്റൂര്‍ മേഖലയിലെ കര്‍ഷകര്‍ ഒരിക്കലും നിസഹകരണം കാണിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. പാടത്തും പറമ്പത്തും വിളയിച്ച കാര്‍ഷിക ഉല്‍പന്നങ്ങള്‍ പുറംനാടുകളില്‍പോയി തുഛവിലയ്ക്കു കൊടുക്കേണ്ട ഗതികേടിനേക്കാളും നല്ലതല്ലേ സ്വന്തം നാട്ടില്‍ നല്ലവിലയ്ക്കു വില്‍ക്കുന്നതെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.
ഈ ചോദ്യത്തിന് വ്യക്തമായ മറുപടി അധികൃതര്‍ നല്‍കുന്നുമില്ല.ആലാംകടവിലെ സംഭരണ കേന്ദ്രത്തിന്റെ നവീകരണപ്രവൃത്തികള്‍ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇക്കാര്യത്തില്‍ സ്ഥലം എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയിലാണ് അവരുടെ പ്രതീക്ഷ. അദ്ദേഹം ഒരു കര്‍ഷകന്‍ കൂടിയായതിനാല്‍ കര്‍ഷകരുടെ പ്രതീക്ഷ വാനോളമാണ്. പ്രവര്‍ത്തനം നിറുത്തിയ കേന്ദ്രം തുറന്നുപ്രവര്‍ത്തിക്കാന്‍ വേണ്ട നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ എംഎല്‍എയെ സമീപിക്കാനൊരുങ്ങുകയാണ്. അല്ലെങ്കില്‍ ഇടനിലക്കാരുടെ ചൂഷണത്തില്‍ കിട്ടിയവിലയ്ക്ക് കാര്‍ഷികഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന അവസ്ഥ കര്‍ഷകനെ വിടാതെ പിന്തുടരുകയും ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss