|    Jul 25 Tue, 2017 6:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് ബോഗികളിലും റെയില്‍ ഹൂണ്‍സ്

Published : 20th August 2016 | Posted By: SMR

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെ ട്രെയിന്‍ ബോഗിയില്‍ പെയിന്റ് ചെയ്ത സംഭവത്തിലെ പ്രതികളെ തേടി പോലിസ് വിവിധ ട്രെയിനുകളില്‍ ഇന്നലെ പരിശോധന നടത്തി. തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസിന്റെ രണ്ട് ബോഗികളിലും റെയില്‍ ഹൂണ്‍സ് എന്നെഴുതിയ പെയിന്റ് കണ്ടെത്തി. കഴിഞ്ഞദിവസവും ഇത്തരത്തില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഷൊര്‍ണൂരില്‍ ബോഗിക്ക് മനോഹര നിറം കൊടുത്തത് കണ്ടെത്തിയിരുന്നു.
സംഭവം നടന്നത് പകല്‍സമയത്തായിരുന്നിട്ടും റെയില്‍വേ ജീവനക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ ശ്രദ്ധിച്ചില്ലെന്ന വാദം ശരിയല്ലെന്ന നിലപാടിലാണ് പോലിസ്. പെയിന്റിങ് സംഭവം നിസ്സാരമെന്നു വരുത്താനുള്ള റെയില്‍വേയുടെ തീരുമാനം ശരിയല്ലെന്നും തിരുച്ചിറപ്പള്ളിയില്‍ അഞ്ചു ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വെളിച്ചത്തില്‍ റെയില്‍വേ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നാണ് പോലിസിന്റെ ഭാഷ്യം. രാജ്യാന്തരതലത്തില്‍ പൊതുമുതല്‍ നശിപ്പിച്ചു സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന റെയില്‍ ഹൂണ്‍സ്’എന്ന സംഘടനയുടെ പങ്കാളിത്തത്തിനുള്ള സൂചന തമിഴ്‌നാട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. തിരുച്ചിറപ്പള്ളി പോലിസ് ഷൊര്‍ണൂരിലെത്തി ബോഗികളില്‍ ചായം പൂശിയതിലെ സാമ്യം തിരിച്ചറിഞ്ഞു. ഇരു സംഭവങ്ങളിലും ഒരേ സംഘം ഉള്‍പ്പെട്ടിരിക്കാനുള്ള സാധ്യതയും സ്ഥിരീകരിച്ചു.
കേരള പോലിസിന്റെ തൃശൂര്‍ ഡിസിആര്‍പി സയന്റിഫിക്ക് ഓഫിസര്‍ ഡോ. പി കെ അനീഷ് ഷൊര്‍ണൂരിലെത്തി പരിശോധന നടത്തി. ബോഗിയില്‍ കണ്ട വിരലടയാളങ്ങളും സമീപത്തു കണ്ട ബിയര്‍ കുപ്പികളിലെ വിരലടയാളങ്ങളും ശേഖരിച്ചു. തിരുച്ചിറപ്പള്ളിയിലെയും ഷൊര്‍ണൂരിലെയും അന്വേഷണം ഏകോപിപ്പിക്കാനും തീരുമാനമായി.
തിരുച്ചിറപ്പള്ളിയില്‍ കഴിഞ്ഞ 11നും ഷൊര്‍ണൂരില്‍ 16നുമാണ് റെയില്‍വേ ബോഗികളില്‍ സ്‌പ്രേ പെയിന്റിങിലൂടെ ചായം പൂശിയതു കണ്ടെത്തിയത്. ഷൊര്‍ണൂരിലെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന റെയില്‍ ആക്‌സിഡന്റ് റിലീഫ് വാനിന്റെ മൂന്നു ബോഗികളിലാണു അവ്യക്ത ചിത്രങ്ങള്‍ കാണപ്പെട്ടത്. സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമും കടന്ന് ഷണ്ടിങ് യാര്‍ഡിലാണ് ബോഗികള്‍ നിര്‍ത്തിയിട്ടിരുന്നത്. റെയില്‍ ഹൂണ്‍സ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കുകിഴക്കന്‍ റെയില്‍വേയില്‍ ഇത്തരത്തില്‍ ട്രെയിന്‍ ബോഗികള്‍ ചിത്രംവരച്ച് വികൃതമാക്കിയതായി കണ്ടെത്തിയെങ്കിലും ആരെയും പിടികൂടുകയോ റെയില്‍ ഹൂണ്‍സിന്റെ പങ്കാളിത്തം ഉറപ്പുവരുത്താനോ കഴിഞ്ഞിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക