|    Oct 21 Sun, 2018 9:59 pm
FLASH NEWS

ആലപ്പുഴ-കൊടൈക്കനാല്‍ പാത : രൂപരേഖ തയ്യാറാക്കല്‍ പുരോഗമിക്കുന്നു

Published : 6th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: കായലോര-മലയോര ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി-കൊടൈക്കനാല്‍ പാത രൂപീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കല്‍ പുരോഗമിക്കുന്നു. ദേശീയപാത വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പാതവികസനം ആലപ്പുഴയില്‍നിന്നും ആരംഭിച്ച് ചങ്ങനാശ്ശേരി വഴി വാഴൂര്‍ റോഡിലെ 14ാം മൈലിലെത്തി കുമളിയിലേക്കും തേനിവഴി കൊടൈക്കനാലിലുമാണെത്തിച്ചേരുക. പാത ചങ്ങനാശ്ശേരി റെഡ്‌സ്‌ക്വയറിലെത്തുമ്പോള്‍ ളായിക്കാടുവഴി ബൈപ്പാസില്‍ സന്ധിക്കാനും തുടര്‍ന്ന് ബൈപ്പാസ് വഴി വാഴൂര്‍ റോഡിലേക്കു തിരിയാനുമാണ് ആലോചിക്കുന്നത്. എന്നാല്‍, നഗരം വഴിയാണ് പാത കടന്നു പോവുന്നതെങ്കില്‍ പെരുന്ന മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍ വരെ വന്‍ ഫ്‌ളൈ ഓവര്‍ വേണ്ടിവരും. ഇത് നഗരത്തിലെ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ ബൈപ്പാസ് വഴിതന്നെ തിരിച്ചുവിടുന്നതിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നാണ് വിവരം. 200 കോടിയോളം രൂപ ചെലവുവരുന്നതാണ് പദ്ധതി. പാതനിര്‍മാണവുമായി ബന്ധപ്പെട്ട പഠനവും സര്‍വേയും കിറ്റ്‌കോ എന്ന കണ്‍സള്‍ടന്‍സിയുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. ഇവര്‍ വിശദമായ പഠനം നടത്തി പദ്ധതിരേഖ ദേശീയപാത വികസന അതോറിറ്റിക്കു സമര്‍പ്പിക്കും. ആലപ്പുഴ മുതല്‍ ചങ്ങനാശ്ശേരി വരെയും ചങ്ങനാശ്ശേരി മുതല്‍ വാഴൂര്‍ റോഡില്‍ 14ാംമൈല്‍വരെയുമാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷത്തിലേറെ സമയമെടുത്തു പാത പൂര്‍ത്തീകരിക്കുന്നതോടെ കായലോര-മലയോര ടൂറിസം വികസിപ്പിക്കാനാവുമെന്നും അതുവഴി വിദേശികളെ കേരളത്തിലേക്കു കൂടുതല്‍ ആകര്‍ഷിക്കാനാവുമെന്നുമാണു പ്രതീക്ഷ. ഒപ്പം കുട്ടനാടന്‍ പ്രദേശങ്ങളും തമിഴ്‌നാടും കിഴക്കന്‍ മേഖലകളുമായുള്ള ചരക്കു ഗതാഗതം സുഗമമാക്കാനും അതുവഴി വ്യാപാരമേഖല കൂടുതല്‍ സജീവമാക്കാനാവുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss