|    Apr 25 Wed, 2018 6:33 am
FLASH NEWS

ആലപ്പുഴ കുടിവെള്ള പദ്ധതി; കെ സി യുടെ സംഭാവനയാണെന്ന് ഷുക്കൂര്‍, ഇടതുമുന്നണിയുടെയാണെന്ന് പി പി ചിത്തരഞ്ജന്‍

Published : 24th November 2016 | Posted By: SMR

ആലപ്പുഴ: അടുത്ത ജനുവരിയില്‍ കമ്മീഷന്‍ ചെയ്യുമെന്ന പ്രതീക്ഷിക്കപ്പെടുന്ന ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ അവകാശവാദവുമായി ഇരുമുന്നണികളിലെയും പ്രമുഖര്‍ രംഗത്തെത്തി. പദ്ധതി അവസാനഘട്ടത്തിലാണെന്നാണ് ഉദ്യോഗസ്ഥരുടെ പറയുന്നത്. കേന്ദ്ര പദ്ധതിയായ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് സ്‌കീം ഫോര്‍ സ്മാള്‍ ആന്റ് മിഡീയം ടൗണ്‍സ് (യുഐഡിഎസ്എസ്എംടി) പദ്ധതിക്കു കീഴിലാണ് ആലപ്പുഴ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെതന്നെ സമഗ്രഗ്രാമീണ കുടിവെള്ള പദ്ധതി (അക്‌സലറേറ്റഡ് റൂറല്‍ വാട്ടര് പൊജക്ട് എആര്‍പിയുമായി സംയോജിപ്പിച്ച് അമ്പലപ്പുഴ താലൂക്കില്‍പ്പെടുന്ന എട്ടു പഞ്ചായത്തുകള്‍ക്കുകൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനാണ് നടപടി. ആലപ്പുഴ നഗരത്തിനു പുറമെ പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളും പദ്ധതിക്കു കീഴില്‍വരുന്നുണ്ട്. ടൂറിസം കേന്ദ്രമായ ആലപ്പുഴയെ അലട്ടുന്ന ഏറ്റവും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും അതുവഴി അടിക്കടി പൊട്ടിപ്പുറപ്പെടുന്ന ജലജന്യരോഗങ്ങള്ക്കും പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ പരിഹാരമാവുമെന്നാണ് ബന്ധപ്പെട്ടവര്‍ കണക്കുകൂട്ടുന്നത്.ആലപ്പുഴ നഗരസഭയിലെയും എട്ട് പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ 95 ശതമാനം പണികള്‍ പൂര്‍ത്തീകരിച്ചിട്ടും നിസാരകാരണങ്ങളാല്‍ പദ്ധതിയുടെ കമ്മീഷനിങ് നീട്ടിക്കൊണ്ടു പോകുന്ന സര്‍ക്കാര്‍ നിലപാട് ജനവഞ്ചനയാണെന്ന് ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആരോപിച്ചു.കെ സി വേണുഗോപാല്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ ശ്രമഫലമായി പദ്ധതി ആരംഭിച്ചത്. ആലപ്പുഴ നഗരസഭയ്ക്കായി ആരംഭിച്ച പദ്ധതി പരിഷ്‌കരിച്ച് അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകള്‍ക്കും ആലപ്പുഴ നിയോജക മണ്ഡലത്തിലെ മൂന്നിന് പഞ്ചായത്തുകള്‍ക്കും കൂടി കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ പരിശ്കരിക്കുകയായിരുന്നു. 212 കോടി രൂപ അടങ്കല്‍തുകയായി ആരംഭിച്ച പദ്ധതിയുടെ പ്രവര്‍ത്തികള്‍ ഏകദേശം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കനാലുകള്‍ക്ക് കുറുകെയുള്ള ക്രോസിങുകള്‍ പൂര്‍ത്തീകരിച്ചെങ്കിലും, മൂന്ന് റയില്‍വേ ക്രോസിങ് പ്രവര്‍ത്തികള്‍ ആണ് ബാക്കിയുള്ളത്. റയില്‍വേ അനുമതി നല്‍കിയിട്ടും സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തില്‍ ഡിസംബറിലും കമ്മീഷനിങ് നടക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഷുക്കൂര്‍ കുറ്റപ്പെടുത്തി.അതേസമയം ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട്  ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവനവസ്തുതാവിരുദ്ധമാണെന്ന് മുന്‍മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ പ്രസ്താവിച്ചു. 2006 ല്‍ അന്നത്തെ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള മുനിസിപ്പല്‍ ഭരണസമിതി എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നിര്‍ദേശം പ്രകാരം യുഐഡി എസ്എസ്എംടിപദ്ധതിയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതായിരുന്നു ആലപ്പുഴ  കുടിവെള്ള പദ്ധതി. ഇന്നത്തെ  എംപി ആ കാലയളവില്‍ എംഎല്‍എ മാത്രമായിരുന്നു. അദ്ദേഹം ടൂറിസം മന്ത്രിയായപ്പോള്‍ കൊണ്ടുവന്ന പദ്ധതിയാണെന്ന ഡിസിസി പ്രസിഡന്റിന്റെ വാദം അതിരു കടന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മാത്രമുള്ളതാണ്.2008ല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനം ഇത്രയും വൈകിയതിന് ഉത്തരവാദിത്വം കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച യുഡിഎഫ് സര്‍ക്കാരാണെന്ന് ചിത്തരഞ്ജന്‍ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിലവിലുണ്ടായിരുന്ന റെയില്‍വേയുടെ തടസ്സമടക്കം ഒഴിവാക്കി കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് വേണ്ടി നീക്കം നടത്തികൊണ്ടിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss