|    Oct 24 Wed, 2018 5:05 am
FLASH NEWS

ആലപ്പുഴ കുടിവെള്ള പദ്ധതി: പ്രശ്‌നംചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം ചേരും

Published : 24th September 2017 | Posted By: fsq

 

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക യോഗം ചേരും. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ നിരന്തരം പൊട്ടുന്നതു മൂലം വെള്ളം വിതരണം തടസ്സപ്പെടുന്നതായും സ്ഥാപിച്ച പൈപ്പുകളുടെ ഗുണനിലവാരം പുനപ്പരിശോധിക്കണമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രതിനിധി ആവശ്യപ്പെട്ടു. പൈപ്പ് ലൈന്‍ പലയിടങ്ങളിലായി പൊട്ടുന്നുണ്ട്. പൈപ്പിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള നടപടി വൈകുന്നതുമൂലം അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ നിര്‍മാണം തടസ്സപ്പെടുന്നതായും അദ്ദേഹം സൂചിപ്പിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേകയോഗം വിളിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.ചേര്‍ത്തല മനോരമ കവലയുടെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 8.5 കോടി രൂപയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എംഎല്‍എ ഫണ്ടില്‍നിന്ന് രണ്ടു കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി തിലോത്തമന്റെ പ്രതിനിധിയാണ് വിഷയം ഉന്നയിച്ചത്.പാതിരപ്പള്ളി ജങ്ഷനില്‍ നിരന്തരം അപകടമുണ്ടാവുന്നതിനാല്‍ പോലിസിനെ നിയോഗിക്കണമെന്നും നഗരത്തില്‍ 157 ഇടങ്ങളിലായി കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിക്കിടക്കുകയാണെന്നും അടിയന്തരമായി നന്നാക്കണമെന്നും ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്കിന്റെ പ്രതിനിധി ആവശ്യപ്പെട്ടു. നെഹ്‌റു ട്രോഫി വാര്‍ഡില്‍ വെള്ളമെത്തിയിട്ട് മാസങ്ങളായെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി നടപടിയെടുക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വീയപുരം പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് കലക്ടറേറ്റിലെ രണ്ടാമത്തെ ഗേറ്റ് തുറന്നിടണമെന്നും ഹരിപ്പാട് ജങ്ഷന്‍, കലക്‌ട്രേറ്റ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ സിഗ്നല്‍ സംവിധാനം സ്ഥാപിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ആവശ്യപ്പെട്ടു.15 പഞ്ചായത്തുകളിലായി 514 ഓരുമുട്ടുകള്‍ സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എന്‍ജിനീയര്‍ക്കു നല്‍കിയതായും ഒക്‌ടോബര്‍ ആദ്യവാരം ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കുമെന്നും ഇറിഗേഷന്‍ തണ്ണീര്‍മുക്കം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ഓരുമുട്ടുകള്‍ സമയബന്ധിതമായി സ്ഥാപിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.  പുളിക്കീഴ് താല്‍ക്കാലിക ബണ്ട് നിര്‍മിക്കുന്നതിന് ടെണ്ടര്‍ നടപടി തുടങ്ങിയതായി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചു. നഗരത്തില്‍ വെള്ളം എത്തിക്കാനുള്ള നടപടി വേണമെന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് ആവശ്യപ്പെട്ടു. മുല്ലയ്ക്കലിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാമ്പുഴക്കരി-എടത്വാ റോഡ് നന്നാക്കുന്നതിന് 118 ലക്ഷം രൂപ അനുവദിച്ചെന്നും മഴയ്ക്കു ശേഷം ടാറിങ് ആരംഭിക്കുമെന്നും നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് യോഗത്തില്‍തന്നെ മറുപടി നല്‍കാനുള്ള തയാറെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഉണ്ടാവണമെന്ന് കലക്ടര്‍ പറഞ്ഞു. വാര്‍ഷിക പദ്ധതികളുടെ 30 ശതമാനം തുക മാത്രമേ അവസാന പാദത്തില്‍ അനുവദിക്കൂ എന്നതിനാല്‍ ഡിസംബറിനകം 70 ശതമാനം തുക ചെലവഴിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ സൂചിപ്പിച്ചു. ടെണ്ടര്‍ നടപടികളെല്ലാം വേഗത്തില്‍ പൂര്‍ത്തീകരിച്ച് പദ്ധതികള്‍ വേഗത്തിലാക്കണമെന്നും കലക്ടര്‍ പറഞ്ഞു. സംസ്ഥാന പദ്ധതി വിഹിതത്തില്‍ 47 ശതമാനം തുക ചെലവഴിച്ചതായി യോഗം വിലയിരുത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 66 ശതമാനം ചെലവഴിച്ചു. മറ്റു കേന്ദ്രസഹായ പദ്ധതികളില്‍ 12 ശതമാനം ചെലവഴിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍കെ രാജേന്ദ്രന്‍, മന്ത്രിമാരുടെയും എംപിയുടെയും പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss