|    Feb 20 Mon, 2017 11:37 pm
FLASH NEWS

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

Published : 26th October 2016 | Posted By: SMR

ആലപ്പുഴ: ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ അഞ്ചിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കുമെന്ന് കലക്ടര്‍ വീണ എന്‍ മാധവന്‍ അറിയിച്ചു. താറാവുകളില്‍ എച്ച്5 എന്‍8 വൈറസ് ബാധയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നീലംപേരൂര്‍, തകഴി, രാമങ്കരി എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണെന്ന് ഭോപാലിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍, ജില്ലയില്‍ ബാധിച്ച എച്ച്5 എന്‍1 പോലെ മാരകമല്ല ഇത്. വൈറസ് ബാധ മനുഷ്യരിലേക്ക് പകരില്ലെന്നും കലക്ടര്‍ പറഞ്ഞു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടൊപ്പം 10 ദിവസത്തേക്ക് ഇവിടെ നിന്നുള്ള താറാവ് കടത്തലിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളില്‍നിന്നുള്ള താറാവുകളെ മറ്റിടങ്ങളിലേക്കു മാറ്റാന്‍ പാടില്ല.
രോഗബാധിത താറാവുകളെ തരംതിരിച്ച് നശിപ്പിക്കുന്നതിനായി 20 ദ്രുതകര്‍മസംഘത്തെ നിയോഗിച്ചു. ഇന്നും നാളെയുമായി രോഗലക്ഷണമുള്ള താറാവുകളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കും. തുടര്‍ന്ന് ഇവയെ നശിപ്പിക്കും. തകഴി, രാമങ്കരി, പാണ്ടി, കൈനടി പ്രദേശങ്ങളിലാണ് രോഗബാധ കെണ്ടത്തിയിട്ടുള്ളത്. പള്ളിപ്പാടു നിന്നുള്ള സാംപിള്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവാണ്. ആരോഗ്യമുള്ള താറാവിന്റെ മുട്ടയും മാംസവും ഭക്ഷിക്കുന്നതിന് ഒരു കുഴപ്പവുമില്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. താറാവ് കടത്തുന്നതിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തിന്റെ ഭാഗമായി പ്രധാന റോഡുകളില്‍ രാത്രികാലത്തടക്കം പട്രോളിങ് ശക്തമാക്കും. തകഴി, നീലംപേരൂര്‍, രാമങ്കരി എന്നിവിടങ്ങളിലെ താറാവുകളെയാണ് ആദ്യം പരിശോധനയ്ക്ക് എത്തിച്ചത്. തിരുവല്ലയിലെ ലാബില്‍ ചില ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഭോപാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗം ഇവിടെ എത്തിയത് ദേശാടനപ്പക്ഷികള്‍ വഴിയാണെന്നാണ് പ്രാഥമിക നിഗമനം. സൈബീരിയയില്‍നിന്നു പാകിസ്താനിലേക്കും ഡല്‍ഹിയിലേക്കും തുടര്‍ന്ന് കേരളത്തിലേക്കും ഇവ എത്തിപ്പെട്ടെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്. താറാവുകളുടെ കണ്ണിന് നീല നിറം കാണുന്നതാണ് പ്രത്യക്ഷ ലക്ഷണം. തുടര്‍ന്ന് തലച്ചോറിനെ ബാധിക്കുന്ന വൈറസ് നാഡിവ്യൂഹത്തെ ബാധിച്ച് താറാവ് ഹൃദയാഘാതം വന്ന് ചാവുകയാണ് ചെയ്യുന്നത്.
രണ്ടു വര്‍ഷം മുമ്പു കുട്ടനാട്ടില്‍ വ്യാപകമായി പക്ഷിപ്പനി ദൃശ്യമായിരുന്നു. തുടര്‍ന്നു രണ്ടുലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കിയിരുന്നു.

നീലംപേരൂരില്‍ 600 താറാവുകള്‍ ചത്തു
കോട്ടയം: കോട്ടയം-ആലപ്പുഴ അതിര്‍ത്തിപ്രദേശമായ നീലംപേരൂരില്‍ 600ഓളം താറാവുകള്‍ പക്ഷിപ്പനി ബാധിച്ചു ചത്തു. ആറായിരത്തിലധികം താറാവുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിപ്പാട് നിന്നെത്തിച്ച താറാവുകള്‍ക്കാണ് രോഗബാധ. 45 ദിവസം മുമ്പാണ് ഹരിപ്പാട്ട് നിന്നു താറാവിനെ നീലംപേരൂരില്‍ എത്തിച്ചത്. ഞായറാഴ്ച രാത്രിയാണ് താറാവുകള്‍ക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് കര്‍ഷകര്‍ പറയുന്നു. പിന്നീട് ചത്തുവീഴുകയായിരുന്നു. ചത്ത താറാവുകളെ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്കയച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക