|    Nov 20 Tue, 2018 7:54 pm
FLASH NEWS

ആലത്തൂര്‍ ചിപ്‌സിന് ഇക്കുറിയും പൊള്ളുന്ന വില

Published : 25th August 2018 | Posted By: kasim kzm

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: സമൃദ്ധിയുടെ നിറവില്‍ നിന്ന് മഴക്കെടുതിയും പ്രളയവും തീര്‍ത്ത ബുദ്ധിമുട്ടില്‍ ഓണം ആഘോഷിക്കുന്ന മലയാളികളുടെ നാവില്‍ കൊതിയൂറും രുചിയുമായി ആലത്തൂരിന്റെ സ്വന്തം കായവറുത്ത ചിപ്‌സ് എത്തുമെങ്കിലും ഇക്കുറിയും ചിപ്‌സിന് പൊള്ളുന്ന വിലയാണ്.
ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണസദ്യയ്ക്കായി തൂശനില നിരത്തുമ്പോള്‍ അല്‍പം ആലത്തൂര്‍ ചിപ്‌സും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. അത്രമേല്‍ രുചിയാണ് ആലത്തൂരില്‍ നിന്നും ലഭിക്കുന്ന സ്‌പെഷ്യല്‍ കായവറുത്തതിനുള്ളത് ഓണക്കാലം അടുത്തതോടു കൂടി ഇവിടത്തെ വിപണിയും സജീവമായി എഴുപത് വര്‍ഷത്തെ പാരമ്പര്യമുണ്ട് ആലത്തൂരിന്റെ ഈ രുചി ഭേദത്തിന്. നേന്ത്രക്കായ ശേഖരിക്കുന്നത് മുതല്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നു. തോട്ടങ്ങളില്‍ നിന്നും നേരിട്ടാണ് കായകള്‍ ശേഖരിക്കുന്നത്. ശേഷം മഞ്ഞള്‍ പൊടി ഉപയോഗിച്ച് കറ കളഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയി ല്‍ വറുത്തെടുത്താണ് കായ വറുത്തത് തയ്യാറാക്കുന്നത്. മില്ലുകളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്നതിനാല്‍ ഒരു മാസം വരെ ഗുണമേന്മ കുറയാതെ വിഭവം സൂക്ഷിക്കാനാവും. രാസവള മുക്തമായ കായകള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന്റെ ലഭ്യത പ്രതിസന്ധിയാവുന്നുണ്ട്.
സാധാരണ ആര്‍വി പുതൂര്‍, വേലന്താവളം, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ നിന്ന് ഓണസമയത്ത് നേന്ത്രക്കായ ലഭിക്കാറുണ്ടെങ്കിലും ഇക്കുറി കാലവര്‍ഷക്കെടുതിയില്‍ കായക്കുലകള്‍ നശിച്ച സ്ഥിതിയാണുള്ളത്. എന്നാലും തൃശൂരില്‍ നിന്നുള്ള ചങ്ങാലിക്കോടന്‍ നാടന്‍ കായക്കുലകളും വയനാട്, പൊള്ളാച്ചി നേന്ത്രക്കായകളുമാണ് വിപണിയില്‍ നിലവില്‍ ലഭിക്കുന്നത്. മേട്ടുപാളയം, സേലം കൃഷ്ണഗിരി എന്നിവിടങ്ങളില്‍ നിന്നുള്ള സ്വര്‍ണ മുഖിയും കേരളത്തിലേക്ക് എത്തുന്നുണ്ട്.
കാലവര്‍ഷക്കെടുതി മൂലം വിപണിയില്‍ മാന്ദ്യമുണ്ടെങ്കിലും ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കാന്‍ ഇവര്‍ ഒരുക്കമല്ല. നഷ്ടങ്ങള്‍ സ്വയം സഹിച്ച് പഴയ നിരക്കില്‍ തന്നെയാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. നേന്ത്രക്കായ വില കഴിഞ്ഞ ഓണക്കാലത്തേതില്‍ നിന്നും വലുതായി വര്‍ധിച്ചിട്ടില്ലെങ്കിലും വെളിച്ചെണ്ണ വില വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1 കിലോ വെളിച്ചണ്ണ 160 രൂപയായിരുന്നത് 230 ആയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 360 രൂപയ്ക്ക് നല്‍കിയ കായവറുത്തത് ഇത്തവണ 400 രൂപയ്ക്കാണ് നല്‍കുന്നത് ഇതിനു പുറമേ നാലു മുറി, പഴം ചിപ്‌സ്, ശര്‍ക്കര വറുത്തുപ്പേരി എന്നിവയും വിപണിയില്‍ തയ്യാറാക്കുന്നു. വറുക്കാനുള്ള വെളിച്ചെണ്ണ പല തവണ ആവര്‍ത്തിച്ച് ഉപയോഗിക്കാറില്ലെന്നും വ്യാപാരികള്‍ പറയുന്നു. വില കുറവുള്ള മറ്റ് സസ്യയെണ്ണകള്‍ ഉപയോഗിക്കുന്നില്ല. ഗുണമേന്മ നിലനിര്‍ത്താന്‍ ഇത്തരം കാര്യങ്ങള്‍ പാലിക്കുമ്പോള്‍ വില തീരെ കുറയ്ക്കാനാവില്ലെന്നാണ് വിശദീകരണം. ഓണവും ശബരിമല സീസണുമാണ് ആലത്തൂര്‍ ചിപ്‌സിന്റെ നല്ല കാലം.
ഓണം അടുക്കുന്നതോടുകൂടി കച്ചവടം പൊടിപൊടിക്കുമെന്നുറപ്പ്. പ്രളയം സൃഷ്ടിച്ച ആഘാതം മറി കടക്കാന്‍ ഓണ വിപണിയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആലത്തൂരിലെ കായ വറുക്കുന്ന കച്ചവടക്കാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss