|    Oct 24 Wed, 2018 8:10 am
FLASH NEWS

ആലത്തൂര്‍ -കുത്തന്നൂര്‍ റോഡ് തകര്‍ന്നു

Published : 23rd September 2017 | Posted By: fsq

 

ആലത്തൂര്‍: ഭാര വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത യാത്രകാരണം ആലത്തൂര്‍-കുത്തന്നൂര്‍റോഡ് തകര്‍ന്നു. റോഡില്‍ പലയിടത്തും ടാറിങ് തകര്‍ന്ന് വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ആലത്തൂര്‍ മുതല്‍ കുത്തന്നൂര്‍വരെയുള്ള റോഡുകളില്‍ പലഭാഗങ്ങളും പൊളിഞ്ഞ് താഴ്ന്നിരിക്കുകയാണ്. ആലത്തൂരില്‍ നിന്ന് വെങ്ങന്നൂര്‍, ആറാപ്പുഴ, കുത്തനൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ ആശ്രയമാണ് ഈ റോഡ്. ഭാരവാഹങ്ങളുടെ അനിയന്ത്രിതമായ സഞ്ചാരം മൂലം നേരത്തേ വെങ്ങന്നൂര്‍ പുഴപ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഇരുഭാഗവും കരിങ്കല്‍ ഭിത്തിയും ഇടിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഭാരവാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അപ്രോച്ച് റോഡ് പുനര്‍ നിര്‍മിച്ചിരുന്നു. ടെന്‍ഡറും നടപടികളും പാലിക്കാതെയാണ് റോഡ് നിര്‍മിച്ചതെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് കേസെടുത്തു. ഇതോടെ, റോഡിന്റെ പുനര്‍നിര്‍മാണത്തിന് ഫണ്ട് അനുവദിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വിജിലന്‍സ് കേസ് പെട്ടെന്ന് തീര്‍പ്പാക്കി അടിയന്തരമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കാവശ്ശേരി, എരിമയൂര്‍, ആലത്തൂര്‍, കുത്തനൂര്‍ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡിന് എട്ട് കിലോമീറ്റര്‍ ദൂരമാണുള്ളത്. വെങ്ങന്നൂര്‍ ഭാഗത്തേക്ക് നാലോളം സ്വകാര്യ ബസുകള്‍ ദിവസേന പതിനഞ്ചോളം സര്‍വീസ് നടത്തുന്നുണ്ട്. പ്രദേശത്തെ വിദ്യാര്‍ഥികളുടെ പ്രധാന ആശ്രയമാണ് ബസ് സര്‍വീസ്. നാട്ടുകാരുടെ പ്രതിഷേധം ഉയരുമ്പോള്‍ സ്വകാര്യ ക്വാറി ഉടമകള്‍ കുഴികളില്‍ ക്വാറി വേസ്റ്റിട്ട് താല്‍കാലികമായി കുഴി അടയ്ക്കുകയാണ് ചെയ്യുന്നത്. ആലത്തൂര്‍-കുത്തന്നൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ വെങ്ങന്നൂര്‍, വാലിപറമ്പ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കെ ഡി പ്രസേനന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss