|    Jan 21 Sat, 2017 9:06 pm
FLASH NEWS

ആലത്തൂര്‍ എസ്റ്റേറ്റ്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് വേഗം കൂടിയേക്കും

Published : 2nd July 2016 | Posted By: SMR

മാനന്തവാടി: മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന രാഷ്ട്രീയ സമ്മര്‍ദ്ദം അവസാനിച്ചതോടെ ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ നടപടികള്‍ക്ക് വേഗം കൂടിയേക്കുമെന്ന് വിലയിരുത്തല്‍. 2013 നവംബര്‍ ആറിന് ലാന്റ് ബോര്‍ഡ് സെക്രട്ടറി നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 30നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്.
എസ് ചീറ്റ് ആന്റ് ഫോര്‍ ഫീച്ചര്‍ ആക്റ്റ് പ്രകാരം ഭൂമി ഏറ്റെടുത്ത് റിപോര്‍ട്ട് നല്‍കാനായിരുന്നു ഉത്തരവില്‍ നിര്‍ദേശിച്ചത്. എന്നാല്‍, രണ്ടര വര്‍ഷം പിന്നിട്ടിട്ടും നടപടികളുണ്ടാവാത്തതിന് പിന്നില്‍ വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതായി സൂചനയുണ്ടായിരുന്നു. ജില്ലയിലെ ഒരു മുന്‍ എംഎല്‍എയായിരുന്നു ഇതിനായി പ്രവര്‍ത്തിച്ചതെന്നും ആക്ഷേപമുയര്‍ന്നു. ഭരണമാറ്റം വന്നതോടെ പുതിയ സര്‍ക്കാര്‍ ആലത്തൂര്‍ എസ്റ്റേറ്റ് വിഷയത്തില്‍ ആശാവഹമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഇതിനായി ശ്രമിക്കുന്ന പൊതു പ്രവര്‍ത്തകരുടെ പ്രതീക്ഷ.
10 സര്‍വേ നമ്പറുകളിലായി 246.07 ഏക്കര്‍ ഭൂമിയാണ് ജുബാര്‍ട്ട് വാനിങ്കന്റെ പേരില്‍ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി വില്ലേജിലുണ്ടായിരുന്നത്. 1973ല്‍ ഫെറാ നിയമപ്രകാരമാണ് ഇവര്‍ക്ക് കാപ്പിത്തോട്ടത്തിനുള്ള ലൈസന്‍സ് ലഭിച്ചത്.
ഭൂമി വില്‍ക്കാനോ പാട്ടത്തിന് നല്‍കാനോ പാടില്ലെന്നു വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഇതു ലംഘിച്ച് 2005ല്‍ 33.50 ഏക്കര്‍ ഭൂമി കോഴിക്കോട് ആസ്ഥാനമായ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വില്‍ക്കുകയും ഇതു നിയമവിരുദ്ധമാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ശേഷിക്കുന്ന 221 ഏക്കര്‍ ഭൂമി വാനിങ്കന്റെ ദത്തുപുത്രന്‍ എന്നവകാശപ്പെടുന്ന മൈക്കിള്‍ ഫ്രോയിഡ് ഈശ്വര്‍ എന്നയാള്‍ക്ക് ദാനാധാരം ചെയ്തതായി രേഖയുണ്ടാക്കി. ഫെറ, ഫെമ നിയമപ്രകാരം രക്തബന്ധമില്ലാത്തയാള്‍ക്ക് സ്വത്ത് കൈമാറ്റത്തിന് സാധുതയില്ല. ഇതു പ്രകാരം സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് റവന്യൂവകുപ്പും വിജിലന്‍സ് റിപോര്‍ട്ടിലും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു 2013ല്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്.
ഭൂമി വില്‍പനയെക്കുറിച്ചും എസ്റ്റേറ്റിലെ മരംമുറിയെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കാട്ടിക്കുളത്തെ പൊതുപ്രവര്‍ത്തകന്‍ പി ബെന്നി തിരുനെല്ലി പോലിസില്‍ നല്‍കിയ പരാതിയിലും തുടര്‍നടപടികളുണ്ടായിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക