|    Jun 23 Fri, 2017 10:51 pm
FLASH NEWS

ആറ് ലക്ഷം രൂപയുടെ മിലിട്ടറി മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

Published : 21st October 2016 | Posted By: SMR

കൊച്ചി: ആറുലക്ഷം രൂപ വിലവരുന്ന വിവിധയിടങ്ങളിലായി സൂക്ഷിച്ചിരുന്ന 148 കുപ്പി മിലിട്ടറി മദ്യവുമായി രണ്ടുപേരെ എറണാകുളം സൗത്ത് പോലിസ് അറസ്റ്റു ചെയ്തു. പനങ്ങാട് സ്വദേശി നന്ദനന്‍, പനമ്പിള്ളിനഗര്‍ സ്വദേശി മോഹനന്‍ എന്നിവരാണ് പിടിയിലായത്. പനമ്പള്ളിനഗര്‍ മേഖലയില്‍ പരിശോധന നടത്തുന്നതിനിടെയാണ് 18 കുപ്പി മദ്യവുമായി നന്ദനന്‍ കുടുങ്ങിയത്. ഇയാളെ സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ നിരവധി പേര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് മദ്യം ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതോടെ പോലിസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. മോഹനന്റെ കൈയില്‍നിന്നാണ് മദ്യം വാങ്ങുന്നതെന്ന് നന്ദനന്‍ വെളിപ്പെടുത്തി. മോഹനന്റെ വീട്ടില്‍ പോലിസെത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആറു മാസം മുമ്പ് സഹോദരന്‍ സുപ്രന്‍ 100 കുപ്പി മദ്യവുമായി പിടിയിലായതോടെ എല്ലാ ഇടപാടും അവസാനിപ്പിച്ചെന്നായിരുന്നു മോഹനന്റെ നിലപാട്. വിശദമായി ചോദ്യംചെയ്തതോടെ തൗണ്ടയില്‍ റോഡിലുള്ള മോട്ടിയെന്നയാളുടെ വീട്ടിലെ ഒരു മുറി വാടകക്ക് എടുത്ത് മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ഇവിടെ നടത്തിയ പരിശോധനയിലാണ് ജോണിവാക്കര്‍, ഷിവാസ് റീഗല്‍, ഗ്‌ളെന്‍ഫിഡിഷ്, ടക്കീല തുടങ്ങി 100 കുപ്പി മുന്തിയ ഇനം വിദേശമദ്യങ്ങള്‍ പിടിച്ചെടുത്തത്. പനമ്പിള്ളിനഗര്‍ പ്രദേശങ്ങളിലുള്ള ഉന്നതരായിരുന്നു ഇവരുടെ ഇടപാടുകാര്‍. ഫോണില്‍ ബന്ധപ്പെട്ടാല്‍ വീട്ടില്‍ മദ്യം എത്തിക്കും. തൃക്കാക്കര അസി. കമ്മീഷണര്‍ ബിനോയ്, സൗത്ത് സിഐ സിബി ടോം, എസ്‌ഐ വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നു പ്രതികളെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക