|    Apr 19 Thu, 2018 10:53 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആറ് മക്കള്‍ ഒളിവില്‍ ; ഉമ്മയുടെ മയ്യിത്ത് കട്ടിലെടുത്തത് പോലിസ്

Published : 20th March 2017 | Posted By: fsq

tanur

വി ഹമീദ് പരപ്പനങ്ങാടി

ഏഴു മക്കളെ നൊന്തു പ്രസവിച്ചിട്ടും അവസാനയാത്രയ്ക്കു പള്ളിക്കാട്ടിലേക്കു കൂടെ പോവാന്‍ ആളില്ലാത്ത അവസ്ഥ. ഫക്കീര്‍പള്ളിക്കടുത്ത് 75കാരി ഉമ്മ മരിച്ചപ്പോള്‍ അനുഭവപ്പെട്ടതിതാണ്. അവസാനം മുസ്‌ലിംകളായ പോലിസുകാര്‍ സഹായത്തിനെത്തി ഖബറടക്കി. രാഷ്ട്രീയ-പോലിസ് അതിക്രമം നടന്ന കോര്‍മന്‍ കടപ്പുറത്ത് വിവരിക്കാനാവാത്ത അവസ്ഥയാണുള്ളത്. ഏഴു മക്കളില്‍ രണ്ടു പേര്‍ ലീഗിലും  മൂന്നു പേര്‍ സിപിഎമ്മിലും പ്രവര്‍ത്തിക്കുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് മുങ്ങിയ മക്കള്‍ പോലിസിന്റെ പിടിവീഴുമെന്നു ഭയന്ന് അവസാനനോക്കിനു പോലും ഉമ്മയെ കാണാനെത്തിയില്ല. ഒന്നിലും പെടാത്ത ഒരു മകനെക്കൊണ്ട് ഒറ്റയ്ക്ക് ഉമ്മയെ ഖബറടക്കാന്‍ സാധിക്കില്ലല്ലോ. വില്ലന്മാരായി കഴിഞ്ഞ ദിവസം കലിതുള്ളിയ പോലിസിനും നല്ലതു ചെയ്യാനും കഴിയുമെന്നതിന് ഈ സംഭവം തെളിവായി.  പ്രായംചെന്ന ഒരാളും ഇവരെ സഹായിച്ചു. മുസ്‌ലിംകളായ നാലു പോലിസുകാര്‍ യൂനിഫോം അഴിച്ചുവച്ച് വൃദ്ധയുടെ മയ്യിത്ത് ഖബറടക്കാന്‍ സഹായിച്ചു. അക്രമം കൊണ്ട് എന്തു നേടിയെന്നാണ് ഈ ഭാഗത്തെ ഉമ്മമാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ആര്‍ക്കും ഈ ഗതി വരുത്തരുതെന്നു പ്രായംചെന്ന ആയിശുമ്മ പറഞ്ഞു. വിവരിക്കാനാവാത്ത നാശനഷ്ടങ്ങളുടെ കഥകളാണ് ഇപ്പോള്‍ ഇവിടെനിന്നു പുറത്തുവരുന്നത്. ഈ മാസം 24നു വിവാഹം നടക്കേണ്ട കുഞ്ഞിച്ചന്റെപുരക്കല്‍ സലാമിന്റെ മകള്‍ തെസ്‌ലി ഇന്നു പ്രതീക്ഷ അസ്തമിച്ച അവസ്ഥയിലാണ്. കല്യാണത്തിനു വേണ്ടി സ്വരൂപിച്ച നാലു ലക്ഷം രൂപയും ഒന്നര പവന്റെ ആഭരണവും അക്രമികള്‍ കൊള്ളയടിച്ചതോടെ വിവാഹവീട് ഇന്നു കഷ്ടത്തിലാണ്. കാളാട്ട് ബഷീറിന്റെ മൂന്നു യമഹ എന്‍ജിനുകള്‍ ചുട്ടെരിച്ചു. മറുഭാഗത്ത് അബ്ബാദ് വള്ളത്തിന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വലകള്‍ പൂര്‍ണമായി കത്തിച്ചു. കുറ്റിയില്‍ റഹീസിന്റെയും വൈദ്യരകത്ത് അക്ബര്‍, പൗറജിന്റെ മുജീബ്, പൗറകത്ത് ആഷിഖ്, പി പി റനീഫ് എന്നിവരുടെയും ഓട്ടോകള്‍ പൂര്‍ണമായും തകര്‍ത്തു. ഇരുകൂട്ടരും 75 ശതമാനം വാഹനങ്ങള്‍ തകര്‍ത്തപ്പോള്‍ 25 ശതമാനം പോലിസും തകര്‍ത്തു. 30 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഒരു പാര്‍ട്ടിയിലും പെടാത്തവരുടെ വീടുകളിലാണ് പോലിസ് അക്രമം അഴിച്ചുവിട്ടത്. മാണ്ടിയന്റപുരക്കല്‍ ഇസ്ഹാഖിന്റെ നേതൃത്വത്തില്‍ അക്രമം നടത്തിയെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. ലീഗ് കേന്ദ്രങ്ങളിലെ എപി സുന്നി പ്രവര്‍ത്തകരുടെ വീടുകള്‍ ആറെണ്ണമാണ് കത്തിച്ചത്. നേരത്തെ പുന്നക്കാരന്റെപുരക്കല്‍ മറിയംമോളുടെ വീട് കൈയേറിയ പോലിസ് നടപടി വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ചാപ്പപടിയില്‍ രണ്ടു വീടുകള്‍ കൂടി ഇത്തരത്തില്‍ പോലിസ് കൈയേറിയിരിക്കുകയാണ്. വീട്ടിലുള്ള സ്ത്രീകള്‍ പോലിസിനെ ഭയന്നു പലായനം ചെയ്തു. ഭര്‍ത്താവ് മരിച്ച ആല്‍ബസാര്‍ ആയിശയുടെ വീട് പോലിസ് ചവിട്ടിപ്പൊളിച്ചതു കാരണം പ്രായപൂര്‍ത്തിയായ രണ്ടു പെണ്‍കുട്ടികളുമായി കെട്ടിപ്പിടിച്ചു കരയുകയാണിന്ന് ആയിശ. റിലീഫുമായി ചെന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോട് പോലിസ് തല്ലിത്തകര്‍ത്ത വാതിലുകള്‍ നന്നാക്കിത്തരുമോ എന്ന് ആയിശ വിങ്ങിപ്പൊട്ടി ചോദിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആശ്വസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. സിപിഎമ്മും ലീഗും പോലിസും ചേര്‍ന്ന് വീടും വാഹനങ്ങളും തകര്‍ത്തതില്‍ ഒരു വിഭാഗം വിലപിക്കുമ്പോള്‍, അക്രമത്തിന്റെ പേരില്‍ ഒന്നിലും പെടാത്തവരെ പിടിച്ചുകൊണ്ടുപോയി ജയിലിലിട്ട ഭീതിജനകമായ പോലിസ് അതിക്രമമാണ് പൊട്ടിക്കരച്ചിലോടെ ഈ ലേഖകന്റെ മുമ്പില്‍ പലരും വിവരിച്ചത്. കുപ്പന്റെപുരക്കല്‍ സിദ്ദീഖിന്റെ മകന്‍ ബൈക്ക് ആക്‌സിഡന്റില്‍ കൈ മുറിഞ്ഞ് പ്ലാസ്റ്ററിട്ട് വീട്ടിലിരിക്കുമ്പോഴാണ് രാത്രി 12 മണിയോടെ വലിച്ചിഴച്ച് പോലിസ് കൊണ്ടുപോയത്. മകനു പകരം തന്നെ കൊണ്ടുപോയ്‌ക്കോളൂ എന്നു സിദ്ദീഖ് പറഞ്ഞിട്ടും മനസ്സിലാകാത്ത ഏമാന്മാര്‍ മകനെ ജയിലിലടച്ചു. ഒരു പാര്‍ട്ടിയിലും പെടാത്തതു കാരണം ആരും തിരിഞ്ഞുനോക്കുന്നില്ല. ബീരാന്റകത്ത് ഹനീഫയെയും മായിന്റകത്ത് നൗഷാദിനെയും വീട്ടുവാതില്‍ തകര്‍ത്താണ് പോലിസ് പിടിച്ചുകൊണ്ടുപോയത്. പാവപ്പെട്ട സ്ത്രീകളെയും പോലിസ് വെറുതെ വിട്ടില്ല. ആലിക്കാന്റകത്ത് ബീപാത്തുവിന്റെ വീട് ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന പോലിസിന്റെ അക്രമത്തില്‍ ഇവരുടെ തല പൊട്ടി അഞ്ച് സ്റ്റിച്ച് ഇട്ടിരിക്കുകയാണ്. കുപ്പന്റെപുരക്കല്‍ ഉസ്മാന്റെ മകള്‍ 30 ദിവസമായി പ്രസവിച്ചിട്ട്. ഇവര്‍ കിടന്ന റൂമിന്റെ വാതിലുകള്‍ ചവിട്ടിപ്പൊളിച്ച നിലയിലാണ്. ഇതിനു ശേഷം പിഞ്ചുകുഞ്ഞ് ഭയന്നു നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. മാണ്ട്യാന്റെപുരക്കല്‍ റഫീഖും (18) തസ്‌ലീമും (24) ജയിലിലാണ്. ഒരു പാര്‍ട്ടിയിലും പെടാത്തതു കാരണം ഇവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഡെങ്കിപ്പനി ബാധിച്ച് തളര്‍ന്നുകിടന്ന തോടകത്തില്‍ റാഫിയെ (42) വലിച്ചിഴച്ചാണ് കൊണ്ടുപോയത്. പോലിസിനെ തടഞ്ഞ ഭാര്യയെ തൊഴിച്ചുവീഴ്ത്തിയാണ് പോലിസ് എതിരിട്ടത്. ഇന്ന് അക്രമം മൂലം ഇവിടങ്ങളിലെ കുട്ടികള്‍ രാത്രിയില്‍ ഞെട്ടിയുണരുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ വീടുകള്‍ കയറിയിറങ്ങുന്നു. പക്ഷേ, ഇത്തരം ദുരനുഭവങ്ങളൊന്നും രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക് മനസ്സിലാകില്ല. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതാന്‍ കഴിയാത്ത രണ്ടു പെണ്‍കുട്ടികളെയും കാണാനിടയായി. അക്രമസംഭവത്തിന്റെ തുടക്കത്തില്‍ ഇരുകൂട്ടരും ആയുധങ്ങളുമായി സംഘടിച്ചിരുന്നു. ലീഗ് പ്രവര്‍ത്തകരെ പ്രാദേശിക നേതാക്കളാണ് നിയന്ത്രിച്ചിരുന്നതെങ്കില്‍ സിപിഎം താനൂര്‍ ഏരിയാ സെക്രട്ടറി ജയനാണ് അണികളെ നിയന്ത്രിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സിപിഎമ്മിന്റെ കൂടെ നില്‍ക്കുന്ന എപി വിഭാഗം പ്രവര്‍ത്തകര്‍ക്കു പോലും തിരിച്ചറിയാന്‍ കഴിയാത്തവര—ടക്കമാണ് അക്രമം നടത്താന്‍ ഉച്ചയ്ക്കുതന്നെ ഇവിടെ ജയന്റെ കൂടെ എത്തിയിരുന്നതെന്ന് നിഷ്പക്ഷമതികള്‍ പറയുന്നു. മാത്രമല്ല, അക്രമം നടക്കുന്നതിനു തൊട്ടുമുമ്പ് രണ്ട് ആംബുലന്‍സുകള്‍ വന്നെന്നും ഇതില്‍ ആയുധങ്ങളും അക്രമികളുമായിരുന്നെന്നും സ്ത്രീകള്‍ നിരവധി പേര്‍ ഒരേ സ്വരത്തില്‍ പറയുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലാണ് ആംബുലന്‍സ് എത്തിയതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. 18ഉം 19ഉം വയസ്സുള്ള കുട്ടികളെ പലരെക്കുറിച്ചും ഒരു വിവരവുമില്ല. ഇലകള്‍ വീണാല്‍ പോലും ഭയന്നു കരയുന്ന കുട്ടികള്‍. രാത്രിയുടെ യാമങ്ങളില്‍ ആണുങ്ങളെ തിരഞ്ഞു വീണ്ടും കാക്കിപ്പട വരുമെന്ന ഭീതി. അന്നം കൊണ്ടുവരാന്‍ ആളില്ലാത്ത അവസ്ഥ. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും പെടാത്ത കുടുംബിനികളുടെ ചോദ്യങ്ങള്‍ക്കൊന്നിനും ഉത്തരം നല്‍കാന്‍ അക്രമത്തിനു തിരികൊളുത്തിയവരില്ല. പുറമേ സര്‍വകക്ഷി യോഗത്തിലും പുറത്തും വീരവാദം മുഴക്കിനടക്കുമ്പോള്‍ ആധിപൂണ്ട താനൂരിലെ ഉമ്മമാര്‍ക്ക് നെടുവീര്‍പ്പിടാനേ സാധിക്കുന്നുള്ളൂ. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു തുടക്കംകുറിച്ച മതസംഘടനകള്‍ ഒന്നുപോലും ഇന്നു ചിത്രത്തിലില്ല. സമാധാനത്തിന്റെ കാഹളമൂതാന്‍ മിമ്പറുകളുമില്ല. ഇനി ആരു രക്ഷയ്‌ക്കെത്തുമെന്നാണ് കോര്‍മന്‍ കടപ്പുറത്തെയും ചാപ്പപടിയിലെയും ഒറ്റപ്പെട്ടവര്‍ ചോദിക്കുന്നത്. (അവസാനിക്കുന്നില്ല)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss