|    Oct 21 Sun, 2018 3:48 pm
FLASH NEWS

ആറ്റുപുറമ്പോക്ക് കൈയേറി നിര്‍മിച്ച കല്‍കെട്ടും കെട്ടിട ഭാഗങ്ങളും പൊളിച്ചുനീക്കി

Published : 23rd January 2017 | Posted By: fsq

 

ഈരാറ്റുപേട്ട: കടുവാമൂഴിയില്‍ സ്വാകാര്യ വ്യക്തി മീനച്ചിലാറിന്റെ തീരം കൈയേറി പണിത കല്‍കെട്ടും കെട്ടിട ഭാഗങ്ങളും മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കി. ബഹുജനങ്ങളും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദിന്റെ നേതൃത്വത്തിലാണ് പൊളിച്ചുനീക്കിത്. ഇന്നലെ രാവിലെയാണു സംഭവം. ഒരു മുന്‍സിപ്പല്‍ മെംബറുടെ ഒത്താശയോടു കൂടി കൈയേറിയ പുറമ്പോക്ക് ഭൂമിയാണ് ജനപങ്കാളിത്തത്തോടെ ഒഴിപ്പിച്ചത്. 10 സെന്റോളം പുറമ്പോക്കു ഭൂമിയാണ് സ്വകാര്യ വ്യക്തി കൈയേറിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ ഒഴിപ്പിച്ച ഭൂമിയില്‍ മുനിസിപ്പാലിറ്റിയുടെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെയാണ് ഇതൊന്നും മാനിക്കാതെ സ്ഥലം ഉടമ നിരന്തരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നദീ തീരത്തു നിന്ന് 40 അടി പുറമ്പോക്കു ഭൂമി കൈയേറി ബഹു നിലമന്ദിരം നിര്‍മിച്ചതിനു പുറമെയാണ് പ്രസ്തുത കൈയേറ്റം. 40 അടി വീതിയുണ്ടായിരുന്ന തോട് ആറടി മാത്രമാണ് അവശേഷിപ്പിച്ചത്. നാട്ടുകാര്‍ പലതവണ തടഞ്ഞെങ്കിലും സിമന്റും കമ്പിയും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി വി കെ കബീറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെത്തിയത്. മുന്‍ കാലങ്ങളില്‍ പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ച നൂറു കണക്കിനു ഷോപ്പിങ് കോംപ്ലക്‌സുകളും മറ്റും സര്‍വേ നടത്തി തിരിച്ചു പിടിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ഉണ്ടാവുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ പാലിക്കാതെ രാത്രിയിലും അവധി ദിവസങ്ങളിലും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തൊടെ നേരിടുമെന്നും ഇതു സംബന്ധിച്ച കേസുകളില്‍ ഭയമില്ലന്നും ചെയര്‍മാന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss