|    Jan 22 Sun, 2017 5:54 pm
FLASH NEWS

ആറ്റിപ്രയില്‍ സിപിഐ ഓഫിസിനു നേരെ ആക്രമണം; സിപിഎം പ്രവര്‍ത്തകരാണ് അക്രമികളെന്ന് പ്രദേശവാസികള്‍

Published : 4th July 2016 | Posted By: SMR

കഴക്കൂട്ടം: കുളത്തൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സിപിഐ ആറ്റിപ്ര ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം. സംഭവത്തിന് പിന്നില്‍ പ്രദേശത്തെ ഒരു സംഘം സിപിഎം പ്രവര്‍ത്തകരാണെന്ന് പ്രദേശവാസികള്‍. റിയല്‍ എസ്‌റ്റേറ്റ് കച്ചവട സംഘവും പ്രദേശത്തെ പ്രാദേശിക സിപിഎം പ്രവര്‍ത്തകരും ആക്രമണത്തിന് പിന്നിലുണ്ടെന്ന് സിപിഐയും ആരോപിക്കുന്നുണ്ട്.
ശനിയാഴ്ച രാത്രി 7ന് സിപിഐ ആറ്റിപ്ര ലോക്കല്‍ കമ്മിറ്റിയുടെ യോഗം ഓഫിസില്‍ ചേര്‍ന്നു കൊണ്ടിരിക്കുമ്പോഴാണ് 50 ഓളം വരുന്ന സംഘം ഓഫിസിനു മുന്നിലെത്തിയത്. ഇവിടെ സിപിഐ വേണ്ട, സിപിഐ എന്നു പറഞ്ഞു നടന്നാല്‍ ജീവനോടെ വച്ചേക്കില്ല എന്ന് ആക്രോശിച്ചായിരുന്നു ഓഫിസിലുണ്ടായിരുന്നവരെ നികൃഷ്ടമായ ഭാഷയില്‍ അസഭ്യ വര്‍ഷം നടത്തിയത്. തുമ്പ സ്‌റ്റേഷനില്‍ നിന്നെത്തിയ എസ്‌ഐയെയും പോലിസിനെയും അസഭ്യവര്‍ഷം നടത്തി സംഘം വെല്ലുവിളിച്ചു. രാത്രി 9 ഓടെ കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമ്മിഷ ണറുടെ നിര്‍ദേശാനുസരണം കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് സംഘം സ്ഥലത്തെത്തി. അടുത്ത കാലത്തായി ആറ്റിപ്രയില്‍ സിപിഎമ്മില്‍ നിന്ന നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ്.
കഴിഞ്ഞ മെയ് 31ന് സിപിഐ പ്രവര്‍ത്തകന്റെ ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ രാത്രിയില്‍ കത്തിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിലും സിപിഎം ആണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അക്രമികള്‍ക്കെതിരേ പോലിസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ കഴക്കൂട്ടം മണ്ഡലം സെക്രട്ടറി കെ നിര്‍മ്മലകുമാര്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷ ഐക്യം തകര്‍ക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമം ചില ഛിദ്രശക്തികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് സിപിഐ ഓഫിസിനു നേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നതെന്നും ബന്ധപ്പെട്ട നേതാക്കള്‍ഗുണ്ടാ മാഫിയ സംഘത്തെ തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളില്‍ നിന്നും ഒഴിവാക്കുകയും വേണമെന്ന് നിര്‍മ്മലകുമാര്‍ ആവശ്യപ്പെട്ടു.
സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ചന്തവിള മധു, പി കെ രാജു, സിപിഐ കഴക്കൂട്ടം മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഞായറാഴ്ച ഓഫിസ് സന്ദര്‍ശിച്ചിരുന്നു. സ്ഥലത്ത് പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക