ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: പ്രതികളെ കുടുക്കിയതിനു പിന്നില്‍ അന്വേഷണസംഘത്തിന്റെ മികവ്
Published : 19th April 2016 | Posted By: SMR
തിരുവനന്തപുരം: മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചതില്‍ അന്വേഷണസംഘത്തിന്റെ മിടുക്ക് ഒഴിച്ചുകൂടാനാവാത്തത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമായി എഴുതിത്തള്ളുമായിരുന്ന കേസിലെ യഥാര്‍ഥ പ്രതികളെ തടവറയിലാക്കിയത് അന്വേഷണസംഘത്തിന്റെ അതിവിദഗ്ധമായ നീക്കം കൊണ്ടു മാത്രമാണ്.
അന്നത്തെ ആറ്റിങ്ങല്‍ സിഐ ആയിരുന്ന ആര് പ്രതാപന്‍നായര്‍, എസ്ഐ ആയിരുന്ന എം അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണം മൂലമാണ് മൂന്നു മണിക്കൂറിനകം പ്രതിയെ പിടികൂടാന്‍ സാധിച്ചത്.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ലിജീഷ് നല്കിയ മൊഴിയായിരുന്നു അന്വേഷണത്തില്‍ പ്രധാന വഴിത്തിരിവായത്. കൊലപാതകി ആരെന്നു മനസ്സിലാക്കിയ അന്വേഷണസംഘം ഒട്ടും താമസിയാതെ നടത്തിയ അന്വേഷണത്തിലും തിരച്ചിലിനും ഒടുവിലാണ് തെളിവുകള്‍ സഹിതം കൊലപാതകം നടത്തിയ ടെക്നോപാര്‍ക്ക് ജീവനക്കാരന് നിനോ മാത്യു പിടിയിലായത്.
അതിവിദഗ്ധമായി അനുശാന്തിയും നിനോ മാത്യുവും ആസൂത്രണം ചെയ്ത കുറ്റകൃത്യമാണ് കൃത്യമായ വഴികളിലൂടെ സഞ്ചരിച്ച് അന്വേഷണസംഘം പൊളിച്ചത്.
അനുശാന്തിയെ സംശയമില്ലെന്ന രീതിയില്‍ പോലിസ് ബുദ്ധിപരമായി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് തന്റെ പങ്ക് അവര്‍ വെളിപ്പെടുത്തിയത്. നിനോ മാത്യുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അനുശാന്തി തങ്ങളുടെ തുടര്‍ന്നുള്ള ജീവിതത്തിന് ഭര്‍ത്താവും കുട്ടിയും തടസ്സമാവുമെന്നു കരുതിയാണ് കൊലപാതകത്തിന് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.
ലിജീഷ്, മകള്‍ നാലുവയസ്സുകാരി സ്വസ്തിക, ലിജീഷിന്റെ മാതാവ് ഓമന എന്നിവരെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നു വരുത്തിത്തീര്‍ക്കാനുള്ള പദ്ധതിയായിരുന്നു നിനോ മാത്യുവും അനുശാന്തിയും തയ്യാറാക്കിയിരുന്നത്.
എന്നാല്‍, ലിജീഷ് രക്ഷപ്പെട്ടതാണ് നിനോ മാത്യുവിന്റെയും അനുശാന്തിയുടെയും മോഹങ്ങള്‍ കെടുത്തിയത്. മോഷണം നടന്നതായി തോന്നാന്‍ ആഭരണങ്ങളും നിനോ എടുത്തുമാറ്റിയിരുന്നു. വീട്ടിലെത്താനും വഴിയുടെ മാപ്പും റൂമുകളുടെയും വീടിന്റെയും ചിത്രങ്ങള്‍ സഹിതം അനുശാന്തി നിനോ മാത്യുവിന് വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. അന്വേഷണവഴിയില്‍ ഇതെല്ലാം കണ്ടെത്താന്‍ സാധിച്ചത് പോലിസിന് കൂടുതല്‍ സഹായകമായി.
കൂടാതെ ശാസ്ത്രീയമായ തെളിവുകളും ഐടി വിഭാഗം തെളിവുകളും നിനോ മാത്യുവിന്റെ ലാപ്ടോപ്പ് ദൃശ്യങ്ങളും ഉള്‍പ്പെടെ ശേഖരിച്ച് അതിവിദഗ്ധമായ രീതിയില്‍ കുറ്റപത്രം നല്‍കാനും സാധിച്ചു.
അന്തര്‍സംസ്ഥാന മോഷ്ടാവ് ബണ്ടിചോര്‍, രത്നവ്യാപാരി ഹരിഹരവര്‍മ വധക്കേസ്, ആറ്റിങ്ങല്‍ പോപുലര്‍ ഫിനാന്‍സ് കവര്‍ച്ചക്കേസ്, കിളിമാനൂരിലെ തഹസില്‍ദാറുടെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളെ പിടികൂടിയതിലും ഇപ്പോള്‍ ഡിവൈഎസ്പിയായ ആര് പ്രതാപന്‍നായര്‍ മികവ് തെളിയിച്ചിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.