|    Oct 18 Thu, 2018 11:30 pm
FLASH NEWS

ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അവസാനഘട്ടത്തില്‍

Published : 12th September 2017 | Posted By: fsq

 

കൊടകര: കുറുമാലിപുഴയിലെ ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണികള്‍ അവസാനഘട്ടത്തില്‍. വേനല്‍ക്കാലത്തോടെ ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമാകും. കഴിഞ്ഞ ദിവസം മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് സ്ഥലത്തെത്തി നിര്‍മ്മാണ പുരോഗതി വിലയിരുത്തി.റഗുലേറ്ററിനായി പാലത്തിന്റെ ഒരു വശത്തെ കൈവരിയോടുചേര്‍ന്ന് ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനായി കോണ്‍ക്രീറ്റ് പണികള്‍ നടന്നുവരികയാണിപ്പോള്‍. ഈ പണികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഷട്ടറുകള്‍ ഘടിപ്പിക്കുന്ന ജോലികള്‍ ആരംഭിക്കും. പാലത്തിന്റെ ഇരുവശത്തുമായുള്ള അപ്രോച്ച് റോഡുകളുടെ പണികളും പൂര്‍ത്തിയാക്കാനുണ്ട്. നന്തിപുലം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിനായി ഇരുവശവും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ചുകഴിഞ്ഞു. മറ്റത്തൂര്‍ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ ഒരു വശത്തുമാത്രമാണ് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ചിട്ടുള്ളത്. പാലത്തിനോടുചേര്‍ന്ന് പുഴയുടെ ഇരുവശവും കോണ്‍ക്രീറ്റ് ഭിത്തി സംരക്ഷിക്കുന്ന പണികളും പൂര്‍ത്തിയായിട്ടുണ്ട്. കൊടകര, മറ്റത്തൂര്‍, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ കാര്‍ഷിക വാണിജ്യ മേഖലകളുടെ പുരോഗതിക്ക് വഴിതുറക്കുന്ന ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് നബാര്‍ഡിന്റെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തി 2008 ലാണ് തുടക്കം കുറിച്ചത്. അഞ്ച് കോടി രൂപയായിരുന്നു ആദ്യഘട്ടില്‍ ഇതിന് അനുവദിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പണികള്‍ പകുതിഘട്ടമെത്തിയപ്പോഴേക്കും സ്തംഭിച്ചു. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പിന്നീട് ആറ്റപ്പിള്ളി പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് രണ്ടാം ഘട്ടമായി ഏഴു കോടി രൂപയോളം സര്‍ക്കാര്‍ അനുവദിച്ചതിനെതുടര്‍ന്ന് 2016 ഒക്ടോബറിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. റഗുലേറ്ററിന്റേയും അപ്രോച്ച് റോഡിന്റേയും പണികള്‍ പൂര്‍ത്തീകരിച്ച് പാലം ഗതാഗതത്തിനു തുറക്കുന്നതോടെ കൊടകര, മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകള്‍ക്ക് കാര്‍ഷിക, വാണിജ്യ പുരോഗതി കൈവരും. ചിമ്മിനി ടൂറിസം പദ്ധതിയുടെ വികസനത്തിനും പാലം വഴി തുറക്കും. തെക്കന്‍ ജില്ലകളില്‍ നിന്ന് ചിമ്മിനി ഡാമിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആമ്പല്ലൂര്‍ വഴി ചുറ്റി വളയാതെ ദേശീയപാതയിലെ കൊടകരയില്‍ നിന്ന് മറ്റത്തൂര്‍, നന്തിപുലം, വരന്തരപ്പിള്ളി വഴി എളുപ്പത്തില്‍ ചിമ്മിനി ഡാമിലെത്താം. കൊടകര വരന്തരപ്പിള്ളി, കൊടകര മുപ്ലിയം, കനകമല വരന്തരപ്പിള്ളി റൂട്ടുകളില്‍ പുതിയ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാനും മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനും പാലം സഹായിക്കും. പാലത്തിനോടുബന്ധിച്ചുള്ള റഗുലേറ്ററില്‍ വെള്ളം സംഭരിക്കപ്പെടുന്നതോടെ വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുളിലെ ജലസേചനസൗകര്യം പതിന്മടങ്ങ് വര്‍ധിക്കുകയും കാര്‍ഷികോല്‍പ്പാദനം വര്‍ധിക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് ഇറിഗേഷന്‍ വകുപ്പ് പുഴയില്‍ നിര്‍മ്മിക്കുന്ന വാസുപുരം ചക്കാലക്കടവ്, തോട്ടുമുഖം എന്നിവിടങ്ങളിലെ താല്‍ക്കാലിക മണ്‍ചിറകള്‍ ഒഴിവാക്കാനും സാധിക്കും. പുഴയോര പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനും റഗുലേറ്ററില്‍ സംഭരിക്കപ്പെടുന്ന വെള്ളം ഉപയോഗപ്പെടും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss