|    Oct 18 Thu, 2018 5:29 pm
FLASH NEWS

ആറു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ രക്ഷപ്പെടുത്താന്‍ പോലിസ് കൂട്ടുനില്‍ക്കുന്നു

Published : 17th May 2017 | Posted By: fsq

 

കൊല്ലങ്കോട്: ജില്ലയിലെ മുതലമട ഗ്രാമപ്പഞ്ചായത്തില്‍ കരടിക്കുന്ന് തങ്കമണി കോളനിയില്‍ താമസിക്കുന്ന ആറ് വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചയാളെ രക്ഷപ്പെടുത്താന്‍ കൊല്ലങ്കോട് പോലിസ് കൂട്ടുനില്‍ക്കുന്നു. എറവാളര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ താമസിക്കുന്ന തങ്കമണി കോളനിയിലെ ചിന്നസ്വാമി എന്നയാളുടെ വീട്ടില്‍ താത്കാലികമായി കഴിയുന്നതിനായി എത്തിയ ബന്ധുക്കളുടെ കുട്ടിയാണ് 2017 മെയ് 5ന് പീഡനത്തിന് ഇരയായത്. മുതലമട വടക്കേചള്ളയില്‍ ചിന്നപ്പ കൗണ്ടറുടെ മകന്‍ മലയപ്പന്‍ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത് എന്ന് ദൃക്‌സാക്ഷികള്‍ നേരത്തെ ആരോപിച്ചിരുന്നുകൂട്ടുകാരോടൊപ്പം കളിസ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി നല്‍കി സമീപത്തുള്ള കുളിമുറിയിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. നാട്ടുകാര്‍ ഇക്കാര്യം പോലിസില്‍ അറിയിക്കുന്നതിനായി കൊല്ലങ്കോട് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍, പരാതി സ്വീകരിക്കണമെങ്കില്‍ പെണ്‍കുട്ടിയും അവരുടെ കുടുംബവും സ്‌റ്റേഷനില്‍ നേരിട്ട് എത്തി പരാതിപ്പെടണം എന്നു പറഞ്ഞ് എസ്.ഐ അടക്കമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ അവരെ ഒഴിവാക്കുകയായിരുന്നു. ആറ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം അറിയിച്ചിട്ടും തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് കൊല്ലങ്കോട് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. കൊല്ലങ്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്്്ടറെ കണ്ട് പരാതി പറഞ്ഞപ്പോഴും ഇതേ സമീപനം തന്നെയാണ് ആവര്‍ത്തിച്ചത്. ഇക്കാരണത്താല്‍ നാട്ടുകാര്‍ ആലത്തൂര്‍ ഡി.വൈഎസ് പിയെ കണ്ട് പരാതി ബോധിപ്പിച്ചു. ഡി വൈഎസ് പി യുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമാണ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്താന്‍ കൊല്ലങ്കോട് പോലിസ് തയ്യാറായത്. തങ്കമണി കോളനിയിലെത്തിയ പോലീസ് വളരെ മോശമായ രീതിയിലാണ് കേസിന്റെ അന്വേഷണ നടപടികള്‍ ആരംഭിച്ചത്. ബലാത്സംഗത്തിന് ഇരയായ ആറു വയസ്സുള്ള പെണ്‍കുട്ടിയോട് സംസാരിക്കേണ്ട രീതിയിലായിരുന്നില്ല പോലിസിന്റെ ചോദ്യം ചെയ്യല്‍. വനിതാ പോലിസിന്റെ സാന്നിദ്ധ്യം പോലുമില്ലാതെയാണ് അവര്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. പിന്നീട് നാട്ടുകാര്‍ പരാതി പറഞ്ഞപ്പോള്‍ വനിതാ പോലിസുമായി എത്തി ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു. എന്നാല്‍ അപ്പോഴും പുരുഷന്മാരായ പോലിസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു പെണ്‍കുട്ടിയോട് ഒട്ടും മയമില്ലാത്തവിധം ചോദ്യങ്ങള്‍ ചോദിച്ചത്.  കേസ് ഒതുക്കി തീര്‍ക്കുന്നതിലുള്ള പോലിസന്റെ താല്‍പര്യമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കുട്ടിയെ ബലാത്സംഗം ചെയ്ത മലയപ്പന്‍ എന്നയാള്‍ ഈ നാട്ടുകാരനല്ലെന്നും ഏതോ തമിഴ്‌നാട്ടുകാരന്‍ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞതാണെന്നുമാണ് പോലി സിന്റെ വാദം. ഇത് വസ്തുതകള്‍ക്ക് നിരക്കാത്ത പച്ചക്കള്ളമാണെന്ന് നാട്ടുകാര്‍ പറയുന്നു.മലയപ്പന്‍ എന്നയാള്‍ വടക്കേചള്ളയിലെ താമസക്കാരനാണെന്നും അട്ടയാംപതിയിലെ സെന്തില്‍ എന്നയാളുടെ തോട്ടത്തിലെ കാര്യസ്ഥനായി ജോലി ചെയ്യുകയായിരുന്നു എന്നും നാട്ടുകാര്‍ ശരിവയ്ക്കുന്നു പാലക്കാട് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടപ്പോള്‍ അവരുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ മോശമായ സമീപനമാണുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നും തങ്കമണി കോളനിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് എത്തിയ ഈ കുട്ടിയുടെ കുടുംബം ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ കഷ്ട്ടപ്പെടുകയാണ്. പോക്‌സോ, പട്ടികജാതിപട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ തുടങ്ങിയ നിയമങ്ങള്‍ പ്രകാരം ഉടന്‍ കേസെടുക്കേണ്ട ഒരു വിഷയത്തിലാണ് പോലിസ് ഇത്രയും മോശമായ സമീപനം സ്വീകരിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss