|    Nov 21 Wed, 2018 3:03 am
FLASH NEWS

ആറു കോടിയുടെ ബദല്‍പാത ഇത്തവണയും തുറക്കരുതെന്ന് പോലിസ്‌

Published : 3rd November 2017 | Posted By: fsq

 

കണമല: ഇത്തവണയും ശബരിമല സീസണില്‍ കണമല ഇറക്കത്തിനു പകരം കീരിത്തോട് സമാന്തരപാത ഉപയോഗിക്കാന്‍ അനുമതി നല്‍കരുതെന്ന് പോലിസ്. ആറര കോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച സമാന്തര പാതയാണ് പണി തീര്‍ന്ന് രണ്ടു വര്‍ഷമായിട്ടും ഉപയോഗിക്കാന്‍ അനുമതിയില്ലാത്തത്. പാതയിലെ അപകട സാധ്യതകളാണ് പോലിസ് ഉന്നയിക്കുന്ന തടസ്സം. കണമല ഇറക്കത്തില്‍ ശബരിമല സീസണുകളില്‍ അപകടങ്ങളും മരണങ്ങളും വര്‍ധിച്ചതോടെയാണ് ബദല്‍ പാത നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയാകും മുമ്പെ പാത സുരക്ഷിതമല്ലെന്നും പണികളില്‍ അഴിമതിയുണ്ടെന്നും പരാതികളുയര്‍ന്നിരുന്നു. ഉദ്ഘാടനത്തിനു വന്ന മന്ത്രി ഉദ്ഘാടനം നടത്താതെ രോഷാകുലനായാണ് നിര്‍മാണത്തിലെ അപാകതകള്‍ക്കെതിരേ പ്രതികരിച്ചത്. അന്വേഷണത്തിനു മന്ത്രി ഉത്തരവിട്ടെങ്കിലും പ്രയോജനമുണ്ടായില്ല. കഴിഞ്ഞ സീസണില്‍ പോലിസിന്റെ എതിര്‍പ്പ് മൂലം പാതയില്‍ തീര്‍ത്ഥാടക വാഹനങ്ങളെ കടത്തിവിട്ടിരുന്നില്ല. പകരം രാത്രിയില്‍ കണമല ഇറക്കത്തില്‍ വലിയ വാഹനങ്ങള്‍ക്കു നിരോധനവും പകല്‍ സമയത്ത് നിയന്ത്രണവും ഏര്‍പ്പെടുത്തിയാണ് സുരക്ഷാക്രമീകരണം നടപ്പിലാക്കിയത്. ഇത്തവണയും ഇത് തുടരേണ്ടിവരുമെന്ന് പോലിസ് പറയുന്നു. എന്നാല്‍ പോലിസ് പറഞ്ഞ പണികളെല്ലാം നടത്തി ഇപ്പോള്‍ പാത സുരക്ഷിതമാക്കിയെന്നു മരാമത്ത് എരുമേലി സെക്ഷന്‍ അധികൃതര്‍ പറയുന്നു. അതേസമയം സുരക്ഷിതമാക്കല്‍ ജോലികള്‍ തട്ടിപ്പായിരുന്നെന്നാണു നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞയിടെ വീടിന്റെ മുറ്റവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞത് ഇതുവരെ പാതയില്‍ നിന്ന് നീക്കിയിട്ടില്ല. കൂടാതെ വൈദ്യുതി പോസ്റ്റുകളും റോഡിലാണ്. ഇത് ശരി വെക്കുകയാണ് പോലിസും. പാത നിര്‍മിച്ചപ്പോഴുളള അപാകതകള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പോലിസ് പറയുന്നു. പാതയില്‍ സഞ്ചരിച്ചാല്‍ ഇതിനേക്കാള്‍ സുരക്ഷിതം കണമലയിലെ അപകട ഇറക്കം തന്നെയാണെന്ന് ബോധ്യപ്പെടുമെന്ന് പോലിസ് വ്യക്തമാക്കുന്നു. ചില വളവുകള്‍ ചെന്നെത്തുന്നത് പലരുടെയും വീടുകളുടെ മുറ്റത്തേക്കാണ്. മറ്റുചില വളവുകളില്‍ വാഹനങ്ങള്‍ക്കു തിരിയാനാവുന്നില്ല. പാത അവസാനിക്കുന്നത് വരെ കുത്തിറക്കമാണ്. ഇതിനിടയിലാണ് അര ഡസനോളം കൊടും വളവുകളുള്ളത്. മാത്രവുമല്ല പാതയുടെ ഒരു വശം പൂര്‍ണമായും കൊക്കയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. കുത്തിറക്കത്തിലെ കൊടും. ഇറക്കത്തില്‍ വേഗത  കുറയ്ക്കാന്‍ സഹായിക്കുന്ന നിയന്ത്രണങ്ങളില്ലാതെയാണു പാത വളച്ചും പുളച്ചും നിര്‍മിച്ചിരിക്കുന്നത്. അതേ സമയം കണമല ഇറക്കത്തിലെ ഓരോ പോയിന്റിലും വേഗത കുറയുന്ന വിധമാണ് നവീകരിച്ചിരിക്കുന്നത്. ബദല്‍ പാതയിലൂടെ ചെറിയ വാഹനങ്ങള്‍ പോലും വിടാന്‍ കഴിയില്ലെന്ന് പോലിസ് വ്യക്തമാക്കുന്നു. അതേസമയം പാത പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നുകൊടുക്കണമെന്ന് ഗതാഗത വകുപ്പിലെ സേഫ് സോണ്‍ സ്‌പെഷ്യല്‍ ഓഫിസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss