|    Jan 23 Mon, 2017 10:26 pm

ആറുതവണ കൈവിട്ട അവസരം ഇക്കുറി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തേടിയെത്തി

Published : 18th October 2016 | Posted By: Abbasali tf

ചെര്‍പ്പുളശ്ശേരി: ശബരിമല മേല്‍ ശാന്തിയാവാനുള്ള  അവസാന പട്ടികയില്‍ ആറു തവണ ഇടം പിടിച്ച ശേഷമാണ് ഇക്കുറി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ഭാഗ്യം തുണച്ചത്. പത്ത്  വയസ്സുമുതല്‍ അച്ഛനോടൊപ്പം തികഞ്ഞ അയ്യപ്പ ഭക്തനായി ആരംഭിച്ച ശബരിമല അയ്യപ്പ ദര്‍ശനം കഴിഞ്ഞ  32 വര്‍ഷങ്ങളായി മുടങ്ങാതെ നിര്‍വഹിച്ചതിന്റെ അയ്യപ്പകടാക്ഷമാണ് പുതിയ സ്ഥാന ലബ്ദിയെന്നും അദ്ദേഹം പറയുന്നു.     1974 ല്‍ മെയ്മാസം 28ന് തെക്കുംപറമ്പത്ത് മനക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും മകനായി പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത് കാറല്‍മണ്ണയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം കാറല്‍മണ്ണ എന്‍എന്‍എന്‍ യുപി സ്‌കൂളിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു. പിന്നീട് പ്രൈവറ്റായി കോളജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.അച്ഛന്‍ ശാന്തി ചെയ്തിരുന്ന കാറല്‍മണ്ണ ഇളംതുരുത്തി മഹാ വിഷ്ണു ക്ഷേത്രത്തില്‍ പൂജാദി കാര്യങ്ങളോടെയായിരുന്നു ആത്മീയ മേഖലയിലെ തുടക്കം. പൂജാദി കാര്യങ്ങളുടെ ആദ്യ ഗുരുക്കന്മാര്‍ അച്ഛനും, വല്യച്ചനുമാണ്. വൈദിക കര്‍മങ്ങളെ കുറിച്ചും, താന്ത്രിക കര്‍മങ്ങളെ കുറിച്ചും കൂടുതലായി പഠിച്ചത്  വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിരിയുടെയും, ഗുരുവായൂര്‍ ഓതിക്കല്‍ പൊട്ടക്കുഴി നാരായണന്‍ നമ്പൂതിരിയുടെയും കീഴിലാണ്. ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ് തന്ത്രിയായ ബ്രഹ്മശ്രീ തന്ത്ര രത്‌നം അഴകത്ത് ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെ കൂടെയാണ് താന്ത്രിക കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കൂടാതെ അണ്ടലാടി, കാട്ടുമാടം, പുലിയന്നൂര്‍, അകത്തെകുന്നം തുടങ്ങിയ തന്ത്രിമാരുടെ കൂടെ താന്ത്രിക കര്‍മങ്ങള്‍ക്ക് സഹകര്‍മിയായിരുന്നിട്ടുണ്ട്. തുടര്‍ന്ന് 1999ല്‍ ഇരുപത്തി അഞ്ചാം വയസ്സില്‍ നറുക്കെടുപ്പിലൂടെ ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍ കാവില്‍ മേല്‍ശാന്തിയായി സ്ഥാനമേറ്റു. ആദ്യ നറുക്കെടുപ്പില്‍ തന്നെ ഇരുപത്തിയഞ്ചാം വയസ്സില്‍ 2010 ഏപ്രില്‍ മുതല്‍ അതേ വര്‍ഷം സെപ്തംബര്‍ വരെ ഗുരുവായൂര്‍ മേല്‍ശാന്തിയായി സേവനം അനുഷ്ടിച്ചു.  കഴിഞ്ഞ 6 തവണ ശബരിമല മേല്‍ശാന്തിയുടെ അന്തിമ ലിസ്റ്റിലും, 3 തവണ മാളികപ്പുറം മേല്‍ശാന്തിമാരുടെ അന്തിമ ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നു. തൃക്കടീരി പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക നിജയാണ് ഭാര്യ. ദേവനാരായണന്‍, ദേവരാമന്‍ എന്നിവര്‍ മക്കളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക