|    Jun 23 Sat, 2018 8:04 am
FLASH NEWS

ആറാട്ടുപുഴയില്‍ കടലാക്രമണം ശക്തമായി ; വന്‍ നാശനഷ്ടം

Published : 11th May 2017 | Posted By: fsq

 

ഹരിപ്പാട്: ആറാട്ടുപുഴ ഭാഗത്ത് കടലാക്രമണം രൂക്ഷമായി. നല്ലാണിക്കല്‍, പെരുമ്പള്ളി, കള്ളിക്കാട് ഭാഗങ്ങളിലാണ് കടലാക്രമണം ശക്തമായത്. പെരുമ്പള്ളിയില്‍ അഞ്ചോളം വീടുകള്‍ വെള്ളത്തിലായി. നല്ലാണിക്കല്‍ രണ്ടു വീടുകള്‍ വെള്ളത്തിലായി. ഈ ഭാഗത്ത് ശക്തമായ കടലാക്രമണമാണ് നടക്കുന്നത്. വിവിധയിടങ്ങളില്‍ കടത്തീരം കടലെടുത്തു. കള്ളിക്കാട് ജങ്ഷനില്‍ വെയിറ്റിങ് ഷെഡ് വെള്ളത്തിനടിയിലായി. ആര്‍ത്തലച്ചെത്തുന്ന ഭീമന്‍ തിരമാലകള്‍ തീരദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലേറ്റത്തില്‍ നിരവധി തെങ്ങുകള്‍ കടപുഴകിയിരുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. കടല്‍ഭിത്തി തകര്‍ന്നയിടങ്ങളിലൂടെയാണ് കടല്‍ കരയിലേക്ക് ഇരച്ചുകയറുന്നത്. തീരദേശ റോഡുകളിലും ജനവാസ പ്രദേശങ്ങളിലും കടല്‍വെള്ളം ഒഴുകിയെത്തുന്നു. റോഡിലെ ടാറിങ് തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. 1987 വരെ 13 കിലോമീറ്ററോളം നീളത്തിലും ഒരു കിലോ മീറ്ററോളം വീതിയിലും നിലവില്‍ തിരയടിക്കുന്ന ഭാഗം കരപ്രദേശമായിരുന്നു. ഇവിടങ്ങളില്‍ വീടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇവയെല്ലാം അപ്രത്യക്ഷമായി. കടല്‍ കരയിലേക്ക് കയറുന്നതിനനുസരിച്ച് തീരദേശ റോഡും തകരുകയാണ്. കിഴക്കോട്ട് മാറ്റി പുനസ്ഥാപിച്ച ആറാമത്തെ തീരദേശ റോഡാണിപ്പോഴുള്ളത്.സുനാമി ദുരന്തത്തിന് ശേഷം ആറാട്ടുപുഴ പഞ്ചായത്തിലെ 6, 7, 8, 9 വാര്‍ഡുകളെ സുനാമി ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കടല്‍ഭിത്തിയാണ് ആകെയുള്ള സംരക്ഷണം. വേനല്‍ കാലത്ത് സ്ഥിതി ഇതാണെങ്കില്‍ കാലവര്‍ഷമെത്തുന്ന ജൂണ്‍ മാസത്തോടെ ശക്തമായ കടല്‍ക്ഷോഭമാണ് വരാന്‍ പോകുന്നതെന്ന് തീരവാസികള്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss