|    Jul 19 Thu, 2018 3:28 pm
FLASH NEWS

ആറളത്ത് തൂക്കുപാലം തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

Published : 23rd September 2017 | Posted By: fsq

 

ഇരിട്ടി: ആറളം പഞ്ചായത്തിലെ കൊക്കോട്, പൂവത്തിന്‍ക്കണ്ടി പ്രദേശങ്ങളെ ആറളം ഫാമുമായി ബന്ധപ്പിക്കുന്ന കൊക്കോട് പുഴയ്ക്ക് കുറുകെ നിര്‍മിച്ച തൂക്കുപാലം തകര്‍ന്ന് പുഴയില്‍ വീണ് രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഈ സമയം പാലത്തിലൂടെ വരികയായിരുന്ന ഏഴുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ആറളം ഫാം തൊഴിലാളികളായ പി ഓമന (50), ഒ മാധവി(48) എന്നിവര്‍ക്കാണു പരിക്കേറ്റത്. കൊക്കോട് പൂവത്തിന്‍കണ്ടി ഭാഗത്തുനിന്ന് വരികയായിരുന്ന തൊഴിലാളികള്‍ പാലം കടന്ന് ആറളം ഫാമിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് എത്തുന്നതിനു മുമ്പ് ഇരുമ്പുകമ്പി കൊണ്ടുണ്ടാക്കിയ വടം പൊട്ടുകയായിരുന്നു. പുഴയില്‍ ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നെങ്കിലും ഇരുവരും ഒഴുക്ക് കുറഞ്ഞ ഭാഗത്താണു വീണത്. ഈ സമയം മറുകരയില്‍നിന്ന് ഏഴുപേര്‍ പാലത്തിലേക്ക് പ്രവേശിച്ചിരുന്നെങ്കിലും പുഴയിലെ ഒഴുക്ക് കൂടിയ ഭാഗത്തേക്ക് എത്താഞ്ഞതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 20 വര്‍ഷം മുമ്പ് കമ്പികള്‍ ചേര്‍ത്തുണ്ടാക്കിയ റോപ്പും മുളയും ഉപയോഗിച്ച് നിര്‍മിച്ച തൂക്കുപാലത്തിന് രണ്ടുവര്‍ഷമായി അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. ആറളം പഞ്ചായത്തായിരുന്നു പാലം നവീകരണത്തിനായി പണം അനുവദിച്ചിരുന്നത്. അറ്റകുറ്റപ്പണിക്കായി ഗ്രാമപ്പഞ്ചായത്തിലും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ആറളം, കൊക്കോട്, എടൂര്‍, ചെടിക്കുളം ഭാഗത്തെ ഫാമിലെ 50ലധികം തൊഴിലാളികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാലമാണിത്. കൂടാതെ ഫാമില്‍നിന്ന് തീറ്റപുല്‍ ശേഖരിക്കുന്നതിന് നിരവധി പേരാണ് ഇതുവഴി പോവുന്നത്. ആറളം വനത്തില്‍നിന്ന് ഉത്ഭവിച്ച് ബാവലി പുഴയില്‍ ചേരുന്ന കൊക്കോട് പുഴയില്‍ മഴക്കാലത്ത് ശക്തമായ ഒഴുക്കാണ്. കൊക്കോട്, പൂവത്തിന്‍ക്കണ്ടി, എടൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് ഫാമുമായി ബന്ധപ്പെടണമെങ്കില്‍ കീഴപള്ളി-കക്കുവ പാലം വഴി ആറു കിലോമീറ്ററും പാലപ്പുഴ പാലം വഴി എട്ടു കിലോമീറ്ററും സഞ്ചരിക്കണം. യാത്രാസൗകര്യം തീരെ കുറവായ പ്രദേശമായതിനാല്‍ ഇതുവഴി പോവണമെങ്കില്‍ രാവിലെയും വൈകീട്ടുമായി 400 രൂപയെങ്കിലും അധികമായി ചെലവുവരും. അതുകൊണ്ടാണ് ജീവന്‍ പണയപ്പെടുത്തി തൂക്കുപാലത്തിലൂടെ യാത്ര ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പാലത്തിന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള തൂക്കുപാലം തകര്‍ന്ന് സ്ത്രീ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss