|    Oct 24 Wed, 2018 8:08 am
FLASH NEWS

ആറളത്ത് ചുഴലിക്കാറ്റില്‍ എട്ടുവീടുകള്‍ തകര്‍ന്നു

Published : 21st September 2017 | Posted By: fsq

 

ഇരിട്ടി: ആറളം പഞ്ചായത്തിലെ ഉരുപ്പുംകുണ്ട്, കല്ലറ, മയിലാടുംപാറ മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ എട്ടുവീടുകള്‍ തകര്‍ന്നു. മേഖലയിലെ 20ഓളം കര്‍ഷകരുടെ ഏക്കര്‍ കണക്കിന് വിളകള്‍ നശിച്ചു. 11 വൈദ്യുതി തൂണുകള്‍ മരം വീണ് തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം താറുമാറായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണു മേഖലയില്‍ നാശം വിതച്ച് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വെറും രണ്ടു മിനുട്ടുമാത്രം നീണ്ടുനിന്ന കാറ്റിലാണ് ഇത്രയും വലിയ നാശമുണ്ടായത്. മരങ്ങള്‍ കടപുഴകിയും പൊട്ടിവീണും മേല്‍ക്കൂര പറന്നുപോയുമാണ് വീടുകള്‍ക്ക് നാശമുണ്ടായത്. നൂറുകണക്കിന് റബര്‍, തേക്ക്, ആഞ്ഞിലി, പ്ലാവ്, കശുമാവ് തുടങ്ങിയ മരങ്ങളും നൂറുകണക്കിന് കുലച്ചതും കുലക്കാറായതുമായ വാഴകളും കാറ്റില്‍ നിലംപൊത്തി. ഉരുപ്പുംകുണ്ടിലെ കൊല്ലങ്കോട് തടത്തില്‍ ജോയ് ജോസഫ്, കുറ്റിയാനിയില്‍ ബാബു സെബാസ്റ്റ്യന്‍, പാറപ്പുറത്ത് അന്നക്കുട്ടി, കൂരക്കനാല്‍ സ്‌കറിയ, പതിനിക്കല്‍ ശശി, ഈന്തുങ്കല്‍ മാത്യു, തുരുത്തേല്‍ ബിജു തുടങ്ങി എട്ടുപേരുടെ വീടുകളാണ് മരം കടപുഴകിയും മേല്‍ക്കൂര പറന്നുപോയും നശിച്ചത്. തുരുത്തേല്‍ ബിജുവിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും പറന്നുപോയത് കാരണം കനത്ത മഴയില്‍ വീട്ടുപകരണങ്ങള്‍ മുഴുവന്‍ വെള്ളം കയറി നശിച്ചു. കിഴിച്ചിറ ബിജുവിന്റെ ഒരേക്കറിലേറെ വരുന്ന റബ്ബര്‍ തോട്ടത്തിലെ 30ഓളം റബ്ബര്‍ മരങ്ങള്‍ കടപുഴകിയും പൊട്ടിവീണും നശിച്ചു. കൊല്ലങ്കോട് തറപ്പില്‍ തോമസിന്റെ 40ഓളം കശുമാവ്, 42 കുലച്ചതും കുലക്കാറായതുമായ വാഴകള്‍, 70 ചുവടോളം കപ്പക്കൃഷി എന്നിവ നശിച്ചു. വീട്ടുമുറ്റത്തെ വന്‍ പുളിമരവും കടപുഴകിയിട്ടുണ്ട്. തോണാത്ത് ബിജു, തോമസ്, നാലുവേലില്‍ എല്‍ദോ, പൗലോസ്, ഗീതാനിവാസില്‍ സുരേഷ്, ഗീത, കുറ്റിച്ചിറ ലിജോ, മാധവത്ത് ജോസഫ്, നെല്ലിക്കല്‍ ചാക്കോ, വെള്ളരിവയലിലെ കാരായി വല്‍സല എന്നിവരുടെ നൂറുകണക്കിന് റബര്‍, കൊക്കോ, കശുമാവ്, തെങ്ങ്, വാഴ എന്നിവ വ്യാപകമായി നശിച്ചു. പ്രദേശത്തെ ഏകദേശം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ 20 ഏക്കറോളം വരുന്ന സ്ഥലത്താണ് ചുഴലി രണ്ടുമിനുട്ടിനുള്ളില്‍ ഇത്രയും വ്യാപക നാശം വിതച്ചത്. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാ വിഭാഗവും നാട്ടുകാരും ചേര്‍ന്ന് ഗതാഗത തടസ്സം  സൃഷ്ടിക്കുന്നതും വീടുകള്‍ക്ക് മുകളില്‍ വീണതുമായ മരങ്ങള്‍ നീക്കം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിലിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങളായ പി രവീന്ദ്രന്‍, ജോഷി മാത്യു, ജോഷി പാലമറ്റം, ജിമ്മി അന്തിനാട്ട് എന്നിവരും റവന്യൂ സംഘവും സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നു. വൈദ്യുത വകുപ്പ് ജീവനക്കാര്‍ മണിക്കൂറുകള്‍ പണിപ്പെട്ടാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss