|    Nov 18 Sat, 2017 8:21 am

ആറളം ഫാമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കും: മന്ത്രി ബാലന്‍

Published : 16th November 2016 | Posted By: SMR

ഇരിട്ടി: ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ 25 കോടി രൂപ ചെലവില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. ആറളം ഫാം ഓഫിസില്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം കണ്ടെത്താനായി ജില്ലാ കലക്്ടറെ ചുമതലപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസന നിക്ഷേപ ഫണ്ട് ബോര്‍ഡി(കിഫ്ബി)ല്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുക. നേരത്തേ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 19 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ അക്കാദമിക് നിലവാരം മികവുറ്റതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ സ്‌കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. ഫാമിലെ വൈദ്യുതീകരണത്തിന് 1.56 കോടിയും പാതിവഴിയിലായത് ഉള്‍പ്പടെയുള്ള 744 വീടുകളുടെ നിര്‍മാണത്തിന് 5.12 കോടിയും അനുവദിച്ചിട്ടുണ്ട്. ഫാമില്‍ ഭൂമി ലഭ്യമായിട്ടും താമസിക്കാത്തവരുടെ പ്രശ്‌നങ്ങള്‍ വിശദമായി പഠിച്ചശേഷം തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് നല്‍കും. പട്ടയം ലഭിക്കാനും അടിയന്തിര നടപടിയെടുക്കും. പഠന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രൈബല്‍ റീസെറ്റ്ല്‍മെന്റ് ഡവലപ്‌മെന്റ് മിഷന്‍(ടിആര്‍ഡിഎം) സൈറ്റ് മാനേജര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഫാം ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ ആദിവാസി മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളിലും പ്രായോയിഗ ഇടപെടല്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാരിനു പരിഹരിക്കാനാവില്ല. ചിലത് ആദിവാസി സമൂഹം സ്വമേധയായും പൊതു സമൂഹവും ഏറ്റെടുത്ത് നടത്തണം. സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ പാര്‍പ്പിട പദ്ധതിയായ ലൈഫ് പദ്ധതിയില്‍ പട്ടിക ജാതിക്കാര്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആറളം ഫാമില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ഭരണാനുമതി ലഭിച്ച നബാര്‍ഡിന്റെ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചുള്ള വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഐടിഡിപി ഓഫിസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ചര്‍ച്ചയില്‍ ആറളം ഫാം എംഡി ടി കെ വിശ്വനാഥന്‍ നായര്‍, ഐടിഡിപി പ്രൊജക്റ്റ് മാനേജര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, സൈറ്റ് മാനേജര്‍ പി പി ഗിരീഷ്‌കുമാര്‍, പി പി ജയരാജന്‍, അഡ്വ. ബിനോയ് കുര്യന്‍, കെ ശ്രീധരന്‍, പഞ്ചായത്ത് പ്രതിനിധികള്‍, ഫാം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ആറളം ഫാമില്‍ ഐആര്‍പിസി, എകെഎസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ആദിവാസി സംഗമം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, എകെഎസ് ജില്ലാ സെക്രട്ടറി കെ മോഹനന്‍, വി നാരായണന്‍, വി ജി പത്മനാഭന്‍, ബിനോയ് കുര്യന്‍, പി കെ സുരേഷ് ബാബു, കെ ചെമ്മരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍, മുഹമ്മദ് അശ്‌റഫ്, കെ കെ ജനാര്‍ദ്ദനന്‍, കെ പ്രീത സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക