|    Nov 13 Tue, 2018 8:49 am
FLASH NEWS

ആറളം ഫാമില്‍ കാട്ടാനകളുടെ പരാക്രമങ്ങള്‍ക്ക് അറുതിയില്ല

Published : 25th August 2018 | Posted By: kasim kzm

ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമങ്ങള്‍ക്ക് അറുതിയില്ല. രണ്ടാഴ്ചയ്ക്കിടെ 150ഓളം കായ്ക്കുന്ന തെങ്ങുകളാണ് ആനക്കൂട്ടം കുത്തിവീഴ്ത്തിത്. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഒരുമാസത്തിനുള്ളില്‍ മൂന്ന് തവണയാണ് ഫാം ഒറ്റപ്പെട്ടുപോയത്.
ഇതുകാരണം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഫാമിലേക്ക് പ്രവേശിക്കാനാവാത്ത അവസ്ഥയായിരുന്നു. ഇതിനിടയിലാണ് കാട്ടാനക്കൂട്ടം ഫാമില്‍ സംഹാരതാണ്ഡവമാടിയത്. ഫാമിന്റെ ഒന്ന്, അഞ്ച് ബ്ലോക്കുകളിലാണ് കനത്ത നാശം വരുത്തിയത്. ഇവിടെ നൂറിലേറെ തെങ്ങുകളാണ് നശിപ്പിച്ചത്. തെങ്ങുകള്‍ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ആറളം വനത്തില്‍ നിന്നു അഞ്ചുകിലോമീറ്ററോളം അകലെയാണ് ഒന്ന്, അഞ്ച് ബ്ലോക്കുകള്‍. എല്ലാവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചതിനാലും മുടിക്കെട്ടിയ അന്തരീക്ഷവും കാടുമൂടിയ കൃഷിയിടവും കാരണം സുരക്ഷ പരിഗണിച്ച് തൊവിലാളികളും ഉള്‍പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ടായിരുന്നില്ല.
മഴ അല്‍പം മാറിയപ്പോഴാണ് കാട്ടാനകളുടെ കൂട്ടമായ ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്. ഫാമിലെ സുരക്ഷാ ജീവനക്കാര്‍ക്ക് ആനയെ വനത്തിലേക്ക് തുരത്താന്‍ സാധിക്കുന്നില്ല. വനം വകുപ്പിന്റെ റാപിഡ് റെസ്—പോണ്ട്‌സ് ടീം ഉള്‍പ്പെടെയുള്ള സംവിധാനം മേഖലയില്‍ ഉണ്ടെങ്കിലും ജനവാസ മേഖലയല്ലാത്തതിനാല്‍ അവരും കാര്യമായ ഇടപെടല്‍ നടത്തുന്നില്ല.
ആറളം വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലവെള്ളപാച്ചിലില്‍ വനാതിര്‍ത്തിയില്‍ നിര്‍മിച്ച ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ പല സ്ഥലങ്ങളിലും തകര്‍ന്നിരുന്നു. നേരത്തേ ഫാമിനകത്തുകടന്ന ആനകള്‍ക്ക് പുറമെ വനത്തില്‍ നിന്നു കൂടുതല്‍ ആനകള്‍ ഇതിലൂടെ ഫാമിലേക്ക് പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാത്രം ഒന്നാം ബ്ലോക്കില്‍ 17 തെങ്ങുകളാണ് കുത്തിവീഴ്ത്തിയത്. തെങ്ങ് പാട്ടത്തിനെടുത്ത സാബു എന്നയാള്‍ കാട്ടാനയുടെ മുന്നില്‍പെട്ടെങ്കിലും അല്‍ഭുതകരമായി രക്ഷപ്പെട്ടു.
ഫാമില്‍ ഇപ്പോള്‍ പത്തോളം ആനകളുണ്ടെന്നാണ് ഫാം തൊഴിലാളികള്‍ പറയുന്നത്. ഫാമിനെയും ആറളം ആദിവാസി പുനരധിവാസ മേഖലയെയും തമ്മില്‍ വേര്‍തിരിക്കാന്‍ മതിലുകള്‍ ഒന്നുമില്ല. ഫാമില്‍ നിന്നു ആനക്കൂട്ടം ജനവാസ മേഖലയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയും ഏറെയാണ്. പുഴകളിലും തോടുകളിലും വെളളം ഇറങ്ങുന്നതോടെ മറ്റ് മേഖലകളിലേക്കും ആനകളെത്തും.
മൂന്നുമാസം മുമ്പ് പാലപ്പുഴ, കാക്കയങ്ങാട്, മുഴക്കുന്ന് ടൗണും കടന്ന് മൂന്ന് ആനകള്‍ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനു സമീപം വരെ എത്തിയത് കടുത്ത ആശങ്കയുണ്ടാക്കിയിരുന്നു. പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി വീട്ടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പോലിസും വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനക്കൂട്ടത്തെ ജനവാസ മേഖലയില്‍ നിന്നു തുരത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss