|    Jul 19 Thu, 2018 11:11 pm
FLASH NEWS

ആറളം ഫാമിലെ തെങ്ങുലേലം നിര്‍ത്തിവച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

Published : 25th September 2017 | Posted By: fsq

 

ഇരിട്ടി: ആറളം ഫാമിലെ തെങ്ങുകള്‍ ലേലം ചെയ്തതില്‍ ഒത്തുകളി നടന്നെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇടപെട്ട് ലേലനടപടികള്‍ നിര്‍ത്തിവച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ഫാമിന്റെ ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ പുതിയ ഉത്തരവ് ഉണ്ടാവുന്നതുവരെ ഇതുവരെ നടന്ന ലേല നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിനെതിരേ തെങ്ങുകള്‍ ലേലത്തിനെടുത്ത അഞ്ചരക്കണ്ടി സ്വദേശി പി വി മനാഫ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തത്. ഫാമിലെ 1, 2 ബ്ലോക്കുകളിലെ 16,347 തെങ്ങുകളില്‍നിന്ന് ഒരുവര്‍ഷത്തേക്ക് ആദായമെടുക്കുന്നതിനു മൂന്നാഴ്ച മുമ്പാണ് ലേലം ചെയ്തത്. നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ലേലം 10 ദിവസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. അതിനുശേഷം നിലവിലുള്ള രീതിയുമായി മുന്നോട്ടുപോവാനായിരുന്നു ഉത്തരവിട്ടത്. കോടതിയുടെ സ്റ്റേ ഉത്തരവ് നീങ്ങിയതോടെയാണ് പുതിയൊരു ഉത്തരവുണ്ടാകുന്നതു വരെ ലേലനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഇതിനെതിരേയാണ് 32.20 ലക്ഷത്തിന് തെങ്ങുകള്‍ ലേലംകൊണ്ട മനാഫ് ഹൈക്കോടതിയെ സമീപിച്ചത്. അഞ്ചരക്കണ്ടിയിലെയും ചെറുകുന്നിലെയും രണ്ടു സംഘങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലംവിളിക്ക് പുറമെ കണ്‍സീല്‍ഡ് ടെന്‍ഡറും ഉണ്ടായിരുന്നു. ടെന്‍ഡറിലോ  ലേലത്തിലോ ഏതിലാണ് കൂടുതല്‍ തുക വന്നത്, അതില്‍ ലേലം ഉറപ്പിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ലേലത്തിന് രണ്ടു ബ്ലോക്കുകള്‍ക്കുംകൂടി അധികൃതര്‍ കണക്കാക്കിയ വില വന്നില്ല. ടെന്‍ഡറിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഒടുവില്‍ ലേലം നടത്താനായി രൂപീകരിച്ച സമിതി ഇരുവരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ 32.10 ലക്ഷം വില കണക്കാക്കിയ ചെറുകുന്നിലെ സംഘത്തെ ഒഴിവാക്കി 32.20 ലക്ഷത്തിന് അഞ്ചരക്കണ്ടിയിലെ മനാഫിന്റെ സംഘത്തിന് കൈമാറി. ഒരുഭാഗത്തോട് വിലപേശി കണക്കാക്കി മറുവിഭാഗത്തിന് അതിലല്‍പം കൂട്ടി ലേലം ഉറപ്പിച്ചതില്‍ ഒത്തുകളി നടന്നെന്നായിരുന്നു ആരോപണം. ഇതിനെതിരേയാണ് ചെറുകുന്നിലെ സംഘം ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് കോടതി 10 ദിവസത്തെ സ്റ്റേ അനുവദിച്ചതും നിലവിലുള്ള രീതി തുടരാനും നിര്‍ദേശിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് കലക്ടര്‍ ലേലനടപടികള്‍ നിര്‍ത്താന്‍ നിര്‍ദേശിച്ചത്. ഫാം എംഡിയുടെയും മാര്‍ക്കറ്റിങ് മാനേജറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ലേലം. രൂക്ഷമായ വാനരശല്യം മൂലം ഫാമിലെ തേങ്ങകള്‍ സംരക്ഷിച്ച് വിളവെടുക്കുന്നത് ശ്രമകരവും ചെലവേറിയതുമാണെന്നു കണ്ടതിനെ തുടര്‍ന്നാണ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss