|    Aug 18 Fri, 2017 9:56 pm
FLASH NEWS

ആറളം ഫാം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

Published : 3rd August 2017 | Posted By: fsq

 

ഇരിട്ടി: ആറളം ഫാമിങ് കോര്‍പറേഷനു കീഴിലെ ആദിവാസികളായ തൊഴിലാളികളും ഫാം ജീവനക്കാരും പട്ടിണിയിലേക്ക്. രണ്ടു മാസമായി ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശമ്പളം കിട്ടിയിട്ടില്ല. ജൂണ്‍, ജൂലൈ മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്. ശമ്പളത്തിനുള്ള വരുമാനം ഫാമില്‍ നിന്നു ലഭിക്കാതായതോടെയാണ് ഫാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി കശുവണ്ടിയില്‍ നിന്നുള്ള വരുമാനമായിരുന്നു ശമ്പളമായി നല്‍കിയിരുന്നത്. കശുവണ്ടി സീസണ്‍ കഴിഞ്ഞതോടെ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഫാമിലെ നടീല്‍ വസ്തുക്കള്‍ വിറ്റു ലഭിക്കുന്ന വരുമാനം ശമ്പളം നല്‍കാനായി ഉപയോഗപ്പെടുത്തുകയായിരുന്നു മുന്‍കാലങ്ങളില്‍ ചെയ്തുകൊണ്ടിരുന്നത്. ഇത്തവണ നടീല്‍ വസ്തുക്കളുടെ വിതരണം വൈകിയതോടെ വരുമാനവും നിലച്ചു. കാര്യമായ നടീല്‍ വസ്തുക്കളും ഫാമില്‍ ഇത്തവണ ഉല്‍പാദിപ്പിച്ചിട്ടില്ല. അതേസമയം, കാട്ടാനയും കുരങ്ങും മൂലമുള്ള ശല്യം കാരണം തെങ്ങില്‍ നിന്നുള്ള വരുമാനം തീരെയില്ലാതായി. ഫാമിലെ താല്‍ക്കാലിക തൊഴിലാളികള്‍ക്കും സ്ഥിരം തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമായി ഒരുമാസത്തെ ശമ്പളത്തിന് 70 ലക്ഷത്തോളം രൂപയാണു വേണ്ടത്. മുന്‍കാലങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോഴെല്ലാം പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ അടിയന്തിര സഹായം ലഭ്യമാക്കുകയായിരുന്നു. ഇത്തവണ അത്തരത്തിലുള്ള ഒരു നീക്കവും ഫാം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഫാമിലെ പ്ലാന്റേഷന്‍ തൊഴിലാളികള്‍ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസത്തോളമായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പാക്കുമ്പോള്‍ പ്രശ്‌ന പരിഹാരത്തിന് മന്ത്രിതല ചര്‍ച്ചയ്ക്കു തീരുമാനിച്ചിരുന്നു. പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി തന്നെയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും ചര്‍ച്ച ഉണ്ടായില്ല. രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതോടെ ആദിവാസി തൊഴിലാളികളാണ് ഏറെ കഷ്ടപ്പെടുന്നത്. മാസ വരുമാനം നിലച്ചതോടെ തൊഴിലാളികള്‍ പട്ടിണിയിലായി. കച്ചവട സ്ഥാപനങ്ങളില്‍ കൊടുക്കാനുള്ള കടം കൊടുക്കാന്‍ സാധിക്കുന്നില്ല. അവശ്യ സാധനങ്ങള്‍ പോലും വാങ്ങാനാവുന്നില്ലെന്നാണു തൊഴിലാളികല്‍ പറയുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ അടിയന്തിരമായി അഞ്ചുകോടി രൂപയെങ്കിലും സഹായമായി ലഭിക്കേണ്ടിവരും. അടുത്തമാസം ഓണം അലവന്‍സ് ഉള്‍പ്പെടെ കൊടുക്കേണ്ടിവരുന്നതുമൂലം ഇപ്പോഴത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക