|    Jan 21 Sat, 2017 7:44 am
FLASH NEWS

ആറന്‍മുള വിമാനത്താവള പദ്ധതി; തോടുകള്‍ പൂര്‍വസ്ഥിതിയിലാക്കും: റവന്യൂ മന്ത്രി

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവള പദ്ധതിക്കായി മണ്ണിട്ടുനികത്തിയ കരിമാരംതോടും ആറന്‍മുള ചാലും ഒരുമാസത്തിനകം മണ്ണ് നീക്കി പൂര്‍വസ്ഥിതിയിലാക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. നീരൊഴുക്ക് പൂര്‍വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ പ്രവൃത്തി ആവശ്യമാണെങ്കില്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്നു തുക വിനിയോഗിക്കാനും തീരുമാനമായി.
മണ്ണ് ഏറ്റെടുക്കാന്‍ ആവശ്യക്കാരില്ല എന്ന കാരണത്താലാണ് മണ്ണ് നീക്കംചെയ്യാത്തതെന്ന വാദം മന്ത്രി നിരാകരിച്ചു. റെയില്‍വേയുടെയും കെഎസ്ടിപിയുടെയും പദ്ധതികള്‍ക്ക് മണ്ണ് ആവശ്യമാണെന്നിരിക്കെ ഈ തടസ്സങ്ങള്‍ക്ക് ന്യായീകരണമില്ല. മണ്ണ് നീക്കംചെയ്യുന്നതിനുള്ള സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കും. നികത്തിയ സ്ഥലം പുനസ്ഥാപിക്കണമെന്ന് 2014ല്‍ ഹൈക്കോടതി ഡിവിഷന്‍െബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍, കോടതിവിധി അട്ടിമറിക്കപ്പെടുകയായിരുന്നു.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട യോഗം 17ന് ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ചേരുമെന്ന് മന്ത്രി പറഞ്ഞു. 2014ല്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും 2015 ജൂണില്‍ മാത്രമാണു ജില്ലാ ഭരണകൂടം ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
6.35 ഏക്കറിലാണ് മണ്ണ് നീക്കി കരിമാരംതോട് പുനരുജ്ജീവിപ്പിക്കേണ്ടത്. പൊതുതോടും ചാലും നികത്തിയത് പുനസ്ഥാപിക്കണമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ കലക്ടര്‍ സ്വീകരിക്കാത്തതിനാല്‍ ആറന്‍മുള സ്വദേശി വി മോഹനന്‍ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് സമ്പാദിച്ചത്.
ഉത്തരവിനെതിരേ കെജിഎസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജി കോടതി തള്ളിയിരുന്നു. മണ്ണ് മാറ്റുന്നതില്‍ കാലതാമസമുണ്ടാക്കിയ ജില്ലാ കലക്ടറുടെ നടപടിക്കെതിരേ വി മോഹനന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ ഹൈക്കോടതി കലക്ടര്‍ക്ക് അന്തിമ ഉത്തരവ് നല്‍കുകയാണുണ്ടായത്. വിമാനത്താവള പദ്ധതിയുടെ പേരില്‍ എബ്രഹാം കലമണ്ണിലാണു നിയമവിരുദ്ധമായി തോടും ചാലും മണ്ണിട്ട് മൂടിയത്. സര്‍ക്കാര്‍ അനുമതിയില്ലാതെ പൊതുതോടും ചാലും മണ്ണിട്ട് മൂടിയത് ഗുരുതരമായ നിയമലംഘനമെന്നു ചൂണ്ടിക്കാട്ടി അടൂര്‍ ആര്‍ഡിഒ എബ്രഹാം കലമണ്ണിലിനെതിരേ നടപടി—ക്കു ശുപാര്‍ശ ചെയ്തിരുന്നു. യോഗത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, ആറന്‍മുള സമരസമിതി നേതാവ് പി പ്രസാദ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക