|    May 24 Wed, 2017 9:57 am
FLASH NEWS

ആറന്‍മുള വിമാനത്താവളം: പരിസ്ഥിതി പഠനത്തിനു വീണ്ടും അനുമതി

Published : 11th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ആറന്‍മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ആഘാതപഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വീണ്ടും അനുമതിനല്‍കി. കമ്പനിയുടെ അപേക്ഷ പരിശോധിച്ച മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതിയുടേതാണു നടപടി. ഇതുസംബന്ധിച്ച്  ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച ഹരജി തള്ളി.
അതേസമയം, പൊതുജനാഭിപ്രായം തേടണമെന്നും പരിസ്ഥിതിയെ ബാധിക്കാത്ത തരത്തില്‍ പദ്ധതി എങ്ങനെ നടപ്പാക്കാമെന്നതിനെക്കുറിച്ചു വിശദമായ രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ വിമാനത്താവളം നിര്‍മിക്കാനായിരുന്നു കെജിഎസ് ഗ്രൂപ്പ് അപേക്ഷ നല്‍കിയിരുന്നത്. നേരത്തെ പദ്ധതിക്കു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടിയിരുന്നു. ഇതിനെതിരേ കുമ്മനം രാജശേഖരന്‍ അടക്കമുള്ള സംഘപരിവാര നേതാക്കളുടെ നേതൃത്വത്തില്‍ സമരം നടത്തി. പിന്നീട് കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ പരിസ്ഥിതി മന്ത്രാലയം പദ്ധതിയോടു മുഖംതിരിച്ചു. പരിസ്ഥിതി ആഘാതപഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്നു ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കുകയും ചെയ്തു.
തുടര്‍ന്ന് കെജിഎസ് ഗ്രൂപ്പ് വീണ്ടും അപേക്ഷനല്‍കി. പ്രവാസികള്‍ ഏറെയുള്ള പത്തനംതിട്ട, കോട്ടയം ജില്ലകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ആറന്‍മുള വിമാനത്താവളം ശബരിമല തീര്‍ത്ഥാടകര്‍ക്കും ഗുണകരമാവുമെന്ന് കെജിഎസ് ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നു മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ മാറിയതിനു പിന്നാലെയാണു വീണ്ടും കെജിഎസ് ഗ്രൂപ്പിന് അനുകൂലമായ തീരുമാനമുണ്ടായിരിക്കുന്നത്.
പദ്ധതിയുമായി മുന്നോട്ടുപോവാന്‍ ഒട്ടേറെ കടമ്പകളുണ്ട്. പരിസ്ഥിതി ആഘാതപഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചാല്‍ തന്നെ തള്ളാനും അംഗീകരിക്കാനും മന്ത്രാലയത്തിനു അധികാരമുണ്ട്. നേരത്തെ ഇത്തരത്തില്‍ സമര്‍പ്പിച്ച റിപോര്‍ട്ട് മന്ത്രാലയം തള്ളിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചു സമര്‍പ്പിക്കുന്ന അപേക്ഷയില്‍ അനുമതി നല്‍കുകയെന്ന ചട്ടം മാത്രമാണു പാലിച്ചതെന്നാണു പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം.
അതേസമയം,  വിദഗ്ധസമിതി ശുപാര്‍ശ തള്ളുമെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ ഉറപ്പുനല്‍കിയതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു.  ജോയിന്റ് സെക്രട്ടറിയോട്  മന്ത്രി വിശദീകരണം തേടിയതായും വിഷയത്തില്‍ കേന്ദ്രനിലപാട് ഇന്ന് വ്യക്തമാക്കുമെന്നു മന്ത്രി അറിയിച്ചതായും കുമ്മനം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day