|    Aug 21 Mon, 2017 3:55 pm
FLASH NEWS

ആറന്‍മുള; പദ്ധതിപ്രദേശത്ത് നെല്‍കൃഷി 30നകം പൂര്‍ത്തിയാക്കും: മന്ത്രി

Published : 26th November 2016 | Posted By: SMR

പത്തനംതിട്ട: ആറന്‍മുളയില്‍ പദ്ധതി പ്രദേശത്ത് അടക്കം തരിശ്ഭൂമിയിലെ കൃഷി ഈമാസം 30നകം പൂര്‍ത്തിയാവുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ആറന്‍മുള പുഞ്ചയിലെ കൃഷി പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശം ഒഴിവാക്കിയെന്ന ആക്ഷേപത്തിന് ഇനി സ്ഥാനമില്ല. ആറന്‍മുള പുഞ്ചയില്‍ പരമാവധി കൃഷി എന്ന നയത്തില്‍ മാറ്റമില്ല. എട്ട് ഏക്കര്‍ സ്വകാര്യ ഭൂമിയില്‍ മാത്രം കൃഷിയെന്ന് പറഞ്ഞ് ആക്ഷേപിച്ച മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ കൊയ്ത്തുല്‍സവത്തിന് എത്തണമെന്ന് മന്ത്രി ക്ഷണിച്ചു. കൃഷി വകുപ്പ് ഉദ്ദേശിക്കുന്നത് 240 ഏക്കറിലെ കൃഷിയാണ്. ഇതില്‍ പദ്ധതി പ്രദേശവും ഉള്‍പ്പെടുന്നുണ്ട്. ആറന്‍മുളയിലെ വിമാനത്താവളം അടഞ്ഞ അധ്യായമാണ്. ആര്‍ക്കും അക്കാര്യത്തില്‍ സംശയം വേണ്ടെന്ന് മന്ത്രി പറഞ്ഞു.ആറന്‍മുളയില്‍ പദ്ധതി വേണ്ടെന്നും കൃഷി ഇറക്കണമെന്നതും സര്‍ക്കാര്‍ നയമാണ്. അത് നടപ്പാക്കുന്നു.പ്രദേശത്തെ മിച്ചഭൂമി കേസിലെ നടപടികള്‍ പുരോഗമിക്കുകയാണ്. താലൂക്ക് ലാന്റ് ബോര്‍ഡിന്റെ രൂപവല്‍ക്കരണം പൂര്‍ത്തിയാക്കി മിച്ചഭൂമി കേസും തീര്‍പ്പാക്കും. അക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. ആറന്‍മുള സമരത്തിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് ഇടത് മുന്നണി താമസിപ്പിച്ച ആളുകളുടെ കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പദ്ധതിയില്‍ അവരെയും പരിഗണിക്കും. മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരില്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എ പദ്മകുമാര്‍, സിപിഐ അസി. സെക്രട്ടറി മനോജ് ചരളേല്‍ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക