|    Jan 20 Fri, 2017 5:37 pm
FLASH NEWS

ആറന്‍മുളയില്‍ കളം നിറഞ്ഞു; യുഡിഎഫില്‍ അനശ്ചിതത്വം

Published : 31st March 2016 | Posted By: RKN

പത്തനംതിട്ട: പ്രാദേശികമായുര്‍ന്ന വെല്ലുവിളികളെ അതിജീവിച്ച് എല്‍ഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. യുഡിഎഫിലാവട്ടെ കോണ്‍ഗ്രസ്സിന്റെ ആറന്‍മുളയിലെ സ്ഥാനാര്‍ഥിമാത്രമാണ് തീരുമാനമായത്. മറ്റ് മണ്ഡലങ്ങളിലെ അന്തിമ തീരുമാനത്തിനായി ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ഇതിനായി കെപിസിസി തയ്യാറാക്കിയ സാധ്യതപട്ടികയുമായി നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ഇടതു മുന്നണിയില്‍ സിറ്റിങ് എംഎല്‍എമാരായ രാജു ഏബ്രഹാം റാന്നിയിലും ചിറ്റയം ഗോപകുമാര്‍ അടൂരിലും മാത്യു ടി തോമസ് തിരുവല്ലയിലും വീണ്ടും ജനവിധി തേടും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആര്‍ സനല്‍കുമാര്‍ കോന്നിയിലും മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജ് ആറന്‍മുളയിലും എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കും.  എന്നാല്‍ യുഡിഎഫിലെ സ്ഥിതി അത്ര ശുഭകരമല്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. തര്‍ക്കങ്ങളില്ലാതെ ആറന്‍മുളയില്‍ സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസ്സിലെ അഡ്വ. കെ ശിവദാസന്‍ നായര്‍ക്ക് മാത്രമാണ് വീണ്ടും മല്‍സരത്തിനുള്ള പച്ചക്കൊടി ഹൈക്കമാന്‍ഡില്‍ നിന്നു ലഭിച്ചത്. 2006ല്‍ പഴയ പത്തനംതിട്ട മണ്ഡലത്തിലും 2011ല്‍ ആറന്മുളയിലും മല്‍സരിച്ചു ജയിച്ച ശിവദാസന്‍നായര്‍ മൂന്നാം അങ്കത്തിനാണ് തയാറെടുക്കുന്നത്.എല്‍ഡിഎഫില്‍ സിപിഎം സ്വതന്ത്രയായി മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി നേതാവ് എം ടി രമേശും മല്‍സരിക്കും. റാന്നിയില്‍ സിറ്റങ് എംഎല്‍എ സിപിഎമ്മിന്റെ രാജു ഏബ്രഹാമിന് അഞ്ചാമതൊരങ്കത്തിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. റാന്നി തിരികെപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതകള്‍ പരിഗണിച്ചത്. മണ്ഡലത്തിനു പുറത്തുനിന്നു കോണ്‍ഗ്രസ് നേതാക്കളും ഇവിടെ പരിഗണനയിലാണ്. എഐസിസിക്കു നല്‍കിയ പട്ടികയില്‍ മുന്‍ എംഎല്‍എ എം സി ചെറിയാന്റെ ഭാര്യയും കെപിസിസി സെക്രട്ടറിയുമായ മറിയാമ്മ ചെറിയാന്റെ പേരിനാണ് മുന്‍ഗണനയെന്നു പറയുന്നു. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ  ജയവര്‍മ, കെപിസിസി സെക്രട്ടറി പഴകുളം മധു എന്നിവരെ കൂടി പരിഗണിച്ചിരുന്നു. എന്‍ഡിഎയില്‍ ബിഡിജെഎസ് ജില്ലാ കണ്‍വീനറും എസ്എന്‍ഡിപി നേതാവുമായ കെ പത്മകുമാറാണ് മത്സരിക്കുന്നത്. എല്‍ഡിഎഫും ബിജെപിയും പ്രാഥമിക പ്രചാരണം ആരംഭിച്ചു. എന്നാല്‍ ജില്ലയില്‍ തിരുവല്ലക്ക് പുറമേ മറ്റൊരു സീറ്റ് വേണമെന്ന കോരളാ കോണ്‍ഗ്രസ്(എം) നിലപാട് റാന്നിയെ ലക്ഷ്യം വച്ചാണെന്നും പറയുന്നു. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് റാന്നി മണ്ഡലത്തോടു താല്‍പര്യം കാട്ടിയിരുന്നു. എന്നാല്‍ തിരുവല്ല നിയോജകമണ്ഡലം വിട്ടുനല്‍കിയെങ്കില്‍ മാത്രമേ റാന്നി പരിഗണിക്കാനാകൂവെന്ന നിലപാടായിരിക്കും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുക. തിരുവല്ല വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിനു താല്‍പര്യവുമില്ല. കോന്നിയില്‍ – അപ്രതീക്ഷിതമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നടത്തിയ നീക്കങ്ങളില്‍ സിറ്റിങ് എംഎല്‍എയും റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ നീക്കം പിഴച്ചു. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന അടൂര്‍ പ്രകാശിന് പകരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പി മോഹന്‍രാജിന്റെ പേരാണ് സുധീരന്‍ മുന്നോട്ട് വക്കുന്നത്. എല്‍ഡിഎഫില്‍ സിപിഎമ്മിലെ അഡ്വ.ആര്‍  സനല്‍കുമാറും ബിജെപിയിലെ കെ ആര്‍ അശോക് കുമാര്‍ എന്‍ഡിഎക്കും വേണ്ടി കോന്നിയിലെ ജനവിധി തേടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക