|    Jul 22 Sun, 2018 7:57 am
FLASH NEWS

ആറന്‍മുളയില്‍ ആയിരങ്ങള്‍ക്ക് അഷ്ട്ടമിരോഹിണി വള്ളസദ്യയുടെ നിറവ്

Published : 13th September 2017 | Posted By: fsq

 

ആറന്‍മുള: ആറന്‍മുളയില്‍ ആയിരങ്ങള്‍ക്ക് അഷ്ട്ടമി രോഹിണി വള്ളസദ്യയുടെ നിറവ്. പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ തിരുമുറ്റത്തിരുന്ന് പള്ളിയോടക്കരക്കാരും ഭക്തരും ഭഗവത് പ്രസാദം കഴിച്ചു. ഭഗവാനും തങ്ങള്‍ക്കൊപ്പം സദ്യ കഴിച്ചെന്ന വിശ്വാസത്തോടെയാണ് ഭക്്തരുടെ മടക്കം. ശ്രീകൃഷ്ണജയന്തിയായ ഇന്നലെ രാവിലെ മുതല്‍ ആറന്‍മുളയിലേക്ക് ഭക്തര്‍ പ്രവഹിച്ചു. വിവിധ ദേശങ്ങളില്‍ നിന്നുമുള്ള പള്ളിയോടങ്ങളും ആറന്‍മുളയിലെത്തി. അമരത്ത് വര്‍ണ്ണച്ചാര്‍ത്തണിഞ്ഞ്, കൊടി പാറിച്ച്, വഞ്ചിപ്പാട്ടിന്റെ താളത്തില്‍ പമ്പയിലൂടെ തുഴയെറിഞ്ഞെത്തിയ പള്ളിയോടങ്ങള്‍ ഭക്തര്‍ക്ക് വിഭവ സമൃദ്ധസദ്യയ്ക്ക് മുമ്പുള്ള ദൃശ്യവിരുന്നായി. കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങള്‍ പങ്കെടുത്തു. പള്ളിയോട കരക്കാരെ ക്ഷേത്രക്കടവില്‍ നിന്നും പള്ളിയോടസേവാസംഘത്തിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് തുഴകള്‍ തോളിലേന്തി, വഞ്ചിപ്പാട്ട് പാടി പള്ളിയോടക്കരക്കാര്‍ ക്ഷേത്രം വലം വച്ചു. പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നായാരായണന്‍ ഭട്ടതിരി ഉച്ചപൂജ നടത്തി. പള്ളിയോടസേവാസംഘം പ്രസിഡന്റ് ഡോ. കെ ജി ശശിധരന്‍ പിള്ള, വൈസ് പ്രസിഡന്റ് കെ പി സോമന്‍, സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍ നായര്‍  നേതൃത്വം നല്‍കി. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നൂറോളം പാചക തൊഴിലാളികളുടെ മൂന്ന് ദിവസത്തെ അധ്വാനമാണ് 350 പറയോളം വരുന്ന അരിയുടെ ഭക്ഷണം സമൂഹ വള്ളസദ്യയായി  ഒരുക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss