|    Jan 24 Tue, 2017 6:32 am

ആറന്മുള വിമാനത്താവള പദ്ധതി: വിവാദങ്ങള്‍ അവസാനിക്കുന്നു

Published : 1st September 2016 | Posted By: SMR

പത്തനംതിട്ട: ആറന്മുളയില്‍ വിമാനത്താവളമെന്ന കെജിഎസ് ഗ്രൂപ്പിന്റെ പദ്ധതിയുടെ ചിറകൊടിയുന്നു. പദ്ധതിക്ക് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
പദ്ധതിക്ക് പരിസ്ഥിതി പഠനാനുമതി ലഭിച്ചതിനെ തുടര്‍ന്ന് പ്രതീക്ഷയിലായിരുന്ന കെജിഎസ് കമ്പനിക്ക് ഇടതു സര്‍ക്കാരിന്റെ തീരുമാനം കനത്ത തിരിച്ചടിയായി. പദ്ധതിക്കുള്ള തത്വത്തിലുള്ള അനുമതി പിന്‍വലിച്ചതായി സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച തീരുമാനവും റദ്ദാക്കിയതായും പദ്ധതിയോട് പുതിയ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും  അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ജൂലായ് 29ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പാരിസ്ഥിതി പഠനം നടത്തുന്നതിന് അനുമതി നല്‍കിയിരുന്നു. മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് ഈ അനുമതി നല്‍കിയിരുന്നത്. പരിസ്ഥിതി പഠന റിപോര്‍ട്ട് അനുകൂലമായാല്‍ വിവിധ മന്ത്രാലയങ്ങളുടെ അനുമതി തടസ്സമില്ലാതെ നേടിയെടുക്കാമെന്നായിരുന്നു കെജിഎസ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും സംസ്ഥാന സര്‍ക്കാര്‍ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കുകയും ചെയ്തതോടെ പരിസ്ഥിതി പഠനത്തിന്റെ പ്രസക്തി ഇല്ലാതായി.
ആറന്‍മുളയിലെ പദ്ധതി പ്രദേശത്തുള്ള അഞ്ഞൂറേക്കര്‍ ഭൂമിയാണ് കഴിഞ്ഞ ഇടതു സര്‍ക്കാര്‍ 2011ല്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ചിരുന്നത്. ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ലംഘനമാണിതെന്ന പരാതി അംഗീകരിച്ചാണ് പ്രഖ്യാപനം റദ്ദാക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറായത്. നിലവിലുള്ള പദ്ധതി പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ കുടില്‍ കെട്ടി താമസിക്കുന്നുണ്ട്. ഇവരെ പുനരധിവസിപ്പിക്കേണ്ടി വരും. ഇവിടെ നെല്‍കൃഷി ആരംഭിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനും ഇനി തടസ്സമുണ്ടാവില്ല. ആറന്‍മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നരപ്പതിറ്റാണ്ടോളം നീണ്ടു നിന്ന വിവാദത്തിനാണ് ഇപ്പോള്‍ തിരശ്ശീല വീഴുന്നത്. 2003ല്‍ ആണ് ആറന്‍മുള വിമാനത്താവള പദ്ധതിയെന്ന ആശയം ഉയരുന്നത്. എബ്രഹാം കലമണ്ണില്‍ എന്ന വ്യവസായിയാണ് പദ്ധതിക്കായി ആദ്യം ശ്രമിച്ചത്.
ഇതിനായി അദ്ദേഹം ആറന്‍മുളയില്‍ പാടം വാങ്ങി മണ്ണിട്ട് നികത്തി .പിന്നീട് ചെന്നൈ ആസ്ഥാനമായുള്ള കെജിഎസ് കമ്പനി പദ്ധതി ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതിക്കായി എല്ലാ ഒത്താശകളും ചെയ്ത് കൊടുത്തു. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് വ്യവസായ മേഖലാ പ്രഖ്യാപനം ഇടതു മുന്നണി സര്‍ക്കാര്‍ നടത്തി . വിമാനത്താവള കമ്പനിയില്‍ പത്ത് ശതമാനം ഓഹരി എട്ടുക്കാന്‍ തുടര്‍ന്നുവന്ന യു.ഡിഎഫ് സര്‍ക്കാരും തീരുമാനിച്ചിരുന്നു. പൈതൃക ഭൂമിയായ ആറന്‍മുളയുടെ നാശത്തിന് വിമാനത്താവളം കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സംഘപരിവാര്‍ രംഗത്തെത്തി .കുമ്മനം രാജശേഖരന്റെയും കവിയത്രി സുഗതകുമാരിയുടെയും നേതൃത്വത്തില്‍ ഇടതുപക്ഷ കക്ഷികളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും സമരത്തില്‍ പങ്കു ചേര്‍ന്നു. സമരം ശക്തമാവുന്നതിനൊപ്പം  കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്ന യു .പി .എ സര്‍ക്കാര്‍ പദ്ധതിക്കുള്ള അനുമതികള്‍ ഓരോന്നായി നല്‍കിക്കൊണ്ടിരുന്നു. ബി ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ വിമാനത്താവളത്തിനുള്ള അനുമതികള്‍ റദ്ദാക്കുമെന്ന് സംഘ പരിവാര്‍ ഉറപ്പ് നല്‍കി .എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയിട്ടും പദ്ധതിക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടന്നില്ല.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ജൂലായ് 29ന് പദ്ധതിക്കു വേണ്ടി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്നലെ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയെ അറിയിച്ചതോടെ ആറന്‍മുളയില്‍ വിമാനത്താവളം എന്ന കെജിഎസിന്റെ പദ്ധതിക്ക് തിരശ്ശീല വീണു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക