|    Jan 19 Thu, 2017 7:52 am
FLASH NEWS

ആറന്മുള വിമാനത്താവളം: സര്‍ക്കാര്‍ അനുമതി പിന്‍വലിച്ചു

Published : 1st September 2016 | Posted By: SMR

കൊച്ചി: ആറന്‍മുള വിമാനത്താവളത്തിനുള്ള അനുമതിയും വ്യവസായമേഖലയാക്കിയ ഉത്തരവും പിന്‍വലിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭൂപരിഷ്‌കരണ ചട്ടങ്ങള്‍ക്കു വിരുദ്ധമായാണ് പദ്ധതിപ്രദേശം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ചതെന്നും അതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് തീരുമാനം റദ്ദാക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം ആവശ്യപ്പെട്ട് കവയിത്രി സുഗതകുമാരി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് വ്യവസായ വകുപ്പ് അണ്ടര്‍ സെക്രട്ടറി പി ടി ജോയി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പത്തനംതിട്ട മല്ലപ്പുഴശ്ശേരിയിലെ ആറന്‍മുളയില്‍ 500 ഏക്കര്‍ ഭൂമി വിമാനത്താവളത്തിനായി വിജ്ഞാപനം ചെയ്തതിനെതിരെയായിരുന്നു ഹരജി. നിയമവിരുദ്ധമായാണ് കഴിഞ്ഞ സര്‍ക്കാര്‍ വ്യവസായമേഖലാ വിജ്ഞാപനം നടത്തിയത്. മിച്ചഭൂമിയായി വിജ്ഞാപനം ചെയ്ത സ്ഥലം ഉള്‍പ്പെടെ ഇതു പ്രകാരം വിമാനത്താവളത്തിനായി നല്‍കി. പാടശേഖരവും കൃഷിനിലവും സ്വകാര്യകമ്പനിക്ക് കൈമാറാന്‍ നിയമം അനുവദിക്കുന്നില്ല. ഭൂപരിഷ്‌കരണ നിയമത്തിലും ഇത്തരം കൈമാറ്റം സാധുവല്ല. പാരിസ്ഥിതികാനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയത് സുപ്രിംകോടതി ശരിവച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു വിജ്ഞാപനം സംബന്ധിച്ചു തീരുമാനമെടുക്കാം. ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വിജ്ഞാപനം റദ്ദാക്കാനുള്ള തീരുമാനമായത്. ഫയലുകള്‍ നിയമവകുപ്പിലേക്ക് അയച്ചു. സൂക്ഷ്മപരിശോധനയ്ക്കു ശേഷം ഔദ്യോഗിക വിജ്ഞാപനം ഇറക്കും. നേരത്തേ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്നു ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് പുതിയ പഠനത്തിന് പരിഗണനാവിഷയങ്ങള്‍ തയ്യാറാക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അംഗീകരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക