|    May 22 Tue, 2018 1:52 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ആറന്മുള പദ്ധതി റദ്ദാക്കിയത് സ്വാഗതാര്‍ഹം

Published : 25th November 2016 | Posted By: SMR

ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് അനുമതി നല്‍കിയ എല്ലാ ഉത്തരവുകളും റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നു. അധികാരമേറ്റയുടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതുപോലെ പദ്ധതി അടഞ്ഞ അധ്യായമായി മാറുകയാണ്. വികസനത്തിന്റെ മറവില്‍ സ്വകാര്യ ബിസിനസ് താല്‍പര്യങ്ങള്‍ക്കു വേണ്ടി പാരിസ്ഥിതിക സന്തുലനം തകര്‍ക്കുന്നതാണ് പദ്ധതിയെന്നായിരുന്നു പ്രധാന പരാതി.
ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച വിജ്ഞാപനം, സര്‍ക്കാരിനുള്ള ഓഹരിപങ്കാളിത്തം, എന്‍ഒസി നല്‍കിയ നടപടി എന്നീ ഉത്തരവുകളാണ് മന്ത്രിസഭ പിന്‍വലിച്ചത്. പദ്ധതി ഉപേക്ഷിക്കാനുള്ള നയപരമായ തീരുമാനം ഇടതുമുന്നണിയും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ഈ നടപടികള്‍ തീര്‍ത്തും സ്വാഗതാര്‍ഹമാണ്.
2000 കോടി രൂപ മുതല്‍മുടക്കില്‍ വിമാനത്താവളം ആരംഭിക്കുന്നതിനുള്ള പദ്ധതി 2005ലാണ് ഉയര്‍ന്നത്. പദ്ധതിക്ക് 2010 സപ്തംബറില്‍ എല്‍ഡിഎഫ് ഭരണകാലത്ത് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് അനുമതി നല്‍കിയത്. 2011 ഫെബ്രുവരിയില്‍ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ പദ്ധതി പ്രദേശം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച നടപടി ഏറെ വിവാദമായിരുന്നു. കെജിഎസ് ഗ്രൂപ്പിന്റെ ആവശ്യാര്‍ഥം ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശ്ശേരി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 350 ഏക്കര്‍ സ്ഥലമാണ് വ്യാവസായിക  മേഖലയായി മാറിയത്. മന്ത്രിസഭ അറിയാതെയാണ് വ്യവസായ വകുപ്പ് പിന്‍സിപ്പല്‍ സെക്രട്ടറി ഈ വിജ്ഞാപനം പുറത്തിറക്കിയതെന്ന ആക്ഷേപം പിന്നീട് ഉയര്‍ന്നു. ഉത്തരവില്‍ സൂചിപ്പിച്ചതില്‍ നിന്നു വ്യത്യസ്തമായി വ്യാവസായിക മേഖല മൊത്തം 1500 ഏക്കര്‍ വരുമെന്നും വ്യക്തമായി.
എതിര്‍പ്പ് ശക്തമായതോടെ പദ്ധതി നടപ്പാക്കില്ലെന്ന് വി എസ് തന്നെ പ്രഖ്യാപിച്ചുവെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അസാധാരണ വിജ്ഞാപനത്തിന്റെ ചുവടുപിടിച്ച് കൂടുതല്‍ മുന്നോട്ടുനീങ്ങി. 2012 ആഗസ്തില്‍ പദ്ധതിക്ക് കേന്ദ്രാനുമതി നേടി. 2013 ജനുവരിയില്‍ പദ്ധതിയില്‍ ഓഹരിയെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഈ നടപടികളാണ് പുതിയ മന്ത്രിസഭാ തീരുമാനത്തോടെ ഇല്ലാതാവുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും രാഷ്ട്രീയകക്ഷികളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി ഒഴിവാക്കാനുള്ള തീരുമാനം. പ്രദേശം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം ജനകീയ ഇടപെടലുകളിലൂടെ അധികാരികളുടെ കാഴ്ചപ്പാടുകളില്‍ തിരുത്ത് വരുത്തുന്നതിന് സാധ്യമാവുമെന്ന സന്ദേശമാണ് നല്‍കുന്നത്. നികത്തിയ നിലം വീണ്ടും നെല്‍കൃഷിക്ക് ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ക്ക് നേരത്തേ തുടക്കംകുറിച്ചിരുന്നു. തികച്ചും ശ്ലാഘനീയമായ നടപടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss