|    Oct 24 Wed, 2018 9:13 am
FLASH NEWS

ആറന്മുളയുടെ തനതുശൈലിയില്‍ വള്ളംകളി; സുരക്ഷയ്ക്ക് പ്രാധാന്യം

Published : 6th September 2017 | Posted By: fsq

 

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളി എട്ടിന് നടക്കും. എ ബാച്ചില്‍ 35 പള്ളിയോടങ്ങളും (ഒമ്പത്  ബാച്ച്) ബി ബാച്ചില്‍ 17 പള്ളിയോടങ്ങളും (അഞ്ച് ബാച്ച്) ഉള്‍പ്പടെ 52 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. ഈ വര്‍ഷം ഓരോ പള്ളിയോടത്തിന്റെയും സമയം രേഖപ്പെടുത്തി ഏറ്റവും വേഗത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തുന്ന നാലു പള്ളിയോടങ്ങളെ വീതം ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കും. ആറന്മുളയുടെ തനതു ശൈലിയില്‍, ആചാരത്തനിമയില്‍ വഞ്ചിപ്പാട്ട് പാടി ജലഘോഷയാത്രയില്‍ പങ്കെടുക്കുന്നതിനാണ് നിര്‍ദേശം. എ ബാച്ച് പള്ളിയോടങ്ങള്‍ അര്‍ജുനസാരഥിയായി…. എന്ന ഭാഗവും ബി ബാച്ച് പള്ളിയോടങ്ങള്‍ ഗുരുഗൃഹത്തിങ്കല്‍ നിന്ന്….. എന്ന ഭാഗവും പാടി ജലഘോഷയാത്രയില്‍ പങ്കെടുക്കണം. വള്ളംകളിയിലെ അനാവശ്യമായ മല്‍സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളില്‍ നിന്നും വിത്യസ്ഥമായി ജലോല്‍സവത്തില്‍ പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങള്‍ക്കും മുഴുവന്‍ ഗ്രാന്റ്് നല്‍കും. മല്‍സരത്തില്‍ തെയ് തെയ് താളത്തില്‍ മാത്രമേ പാടാന്‍ പാടുള്ളു. മറ്റു താളത്തില്‍ പാടുക, വിസില്‍ അടിക്കുക, പള്ളിയോടത്തില്‍ തടികൊണ്ട് ഇടിക്കുക, കൂട്ടുപള്ളിയോടങ്ങളെ ചൂണ്ടുക തുടങ്ങിയവ ഗുരുതരമായ ക്രമക്കേടായി കാണുന്നതും പ്രസ്തുത പള്ളിയോടങ്ങളെ തല്‍സമയം അയോഗ്യരായി പ്രഖ്യാപിച്ച് മല്‍സര വള്ളം കളിയില്‍നിന്നും പുറത്താക്കുന്നതുമാണ്. ഇതിടൊപ്പം അച്ചടക്ക നടപടി നേരിടുന്ന പള്ളിയോടങ്ങളുടെ ഗ്രാന്റ് തടയുന്നതും മൂന്നുവര്‍ഷം വരെ ഉതൃട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതില്‍നിന്നും വിലക്കും. ഈക്കാര്യം പള്ളിയോടങ്ങളുമായി ബന്ധപ്പെട്ട കരക്കാരെ ബോധ്യപ്പെടുത്തി കരാറുണ്ടാക്കി. ഓരോ ബാച്ചിലേയും മത്സരത്തിന്റെ സ്റ്റാര്‍ട്ടിങ് മുതല്‍ ഫിനിഷിങ് വരെയുള്ള സമയ ദൈര്‍ഘ്യം തല്‍സമയം ഡിസ്‌പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. സുരക്ഷാ സംവിധാനങ്ങള്‍ക്ക് പള്ളിയോടസേവാസംഘം വിപുലമായ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ പള്ളിയോടത്തിലും കുറഞ്ഞത് രണ്ട് ലൈഫ് ബോയ്കളും അഞ്ച് ടയര്‍ ട്യൂബുകളും ഉണ്ടായിരിക്കണം. നീന്തല്‍ അറിയാത്തവരെയും കുട്ടികളേയും പള്ളിയോടത്തില്‍ കയറ്റാന്‍ പാടില്ല. റസ്‌കൂവിനുവേണ്ടിയും പള്ളിയോടങ്ങളെ നിരീക്ഷിക്കുന്നതിനുവേണ്ടിയും അഞ്ച് ബോട്ടുകളും എട്ട് യമഹാവള്ളങ്ങളും നാലു സ്പീഡ് ബോട്ടുകളും പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുറമുഖവകുപ്പിന്റെ സ്‌കൂബ ഡൈവേഴ്‌സിനെയും പ്രാദേശിക മുങ്ങല്‍ വിദഗ്ധരെയും പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലിസിന്റെ രണ്ട് ബോട്ടുകളും ഫയര്‍ഫോഴ്‌സിന്റെ രണ്ട് ബോട്ടുകളും നിരീക്ഷണം നടത്തും. പള്ളിയോടത്തില്‍ എത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടം മൂലം പരിക്കുപറ്റുന്നവര്‍ക്കുള്ള പരിരക്ഷ 5000 നിന്ന് 25000 രൂപയായും അപകട മരണം സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss