|    Jun 21 Thu, 2018 12:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആറന്മുളയില്‍ ആഞ്ഞു തുഴഞ്ഞ് മുന്നണികള്‍

Published : 13th May 2016 | Posted By: SMR

എസ് നിസാര്‍

പത്തനംതിട്ട: അവസാന ലാപ്പിലും ആര്‍ക്കൊപ്പമെന്ന് മനസ്സുതുറക്കാതെ ആറന്‍മുള ആടിയുലയുകയാണ്. എതിര്‍സ്ഥാനാര്‍ഥിയെ ഒരു വള്ളപ്പാട് പിന്നിലാക്കി വിജയതീരം അണിയാന്‍ യുഡിഎഫിലെ കെ ശിവദാസന്‍നായരും എല്‍ഡിഎഫിലെ വീണാ ജോര്‍ജും ആഞ്ഞുതുഴയുമ്പോള്‍, വിജയപ്രതീക്ഷയോടെ തോണിയിറക്കിയ എന്‍ഡിഎയുടെ എം ടി രമേശ് ഒപ്പമെത്താനാവാതെ കിതയ്ക്കുകയാണ്. ജനവിരുദ്ധ മുന്നണിക്ക് ജനപക്ഷ ബദലുമായി എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി ശ്രീകാന്ത് എം വള്ളാക്കോടും സജീവമായി രംഗത്തുള്ള ആറന്മുളയില്‍ ഉതൃട്ടാതി വള്ളംകളിയെ വെല്ലുന്ന ആവേശത്തിലാണ് തിരഞ്ഞെടുപ്പു രംഗം. എസ്പി സംസ്ഥാന സെക്രട്ടറി കൂടിയായ ശ്രീകാന്ത് എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് ചെങ്ങന്നൂര്‍ യൂനിയന്‍ സെക്രട്ടറി, ചെയര്‍മാന്‍, കേന്ദ്രസമിതി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ രണ്ടുവിജയങ്ങള്‍, സമ്മാനിച്ച രാഷ്ട്രീയാനുഭവങ്ങളുടെ മെയ്‌വഴക്കത്തോടെയാണ് കെ ശിവദാസന്‍ നായര്‍ കളത്തില്‍ നിറഞ്ഞാടുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മുന്നേറ്റത്തെ തടയുന്നതിനൊപ്പം പാളയത്തിലെ പടയെ പ്രതിരോധിക്കലും അദ്ദേഹത്തിന് ഇക്കുറി നിര്‍ണായകമാണ്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം പലയിടങ്ങളിലും പരസ്യമായി പ്രതിഫലിക്കുന്നുണ്ട്. അത് മറികടക്കാന്‍ കഴിഞ്ഞാല്‍ വിജയം കൈപ്പിടിയിലൊതുക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും കെ കെ നായരെപ്പോലെ കരുത്തരായ വിമതന്‍മാര്‍ നിന്നപ്പോഴും ഒപ്പം നിന്ന മണ്ഡലത്തിന്റെ ചരിത്രത്തിലാണ് യുഡിഎഫ് പ്രതീക്ഷ.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാംപ്. സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തിലെ ഭിന്നസ്വരങ്ങള്‍ പറഞ്ഞുതീര്‍ത്ത്, താഴെ തട്ടില്‍വരെ മുന്നണി സംവിധാനത്തെ ചടുലമാക്കി നിര്‍ത്തിക്കൊണ്ടാണ് പ്രചാരണരംഗത്ത് എല്‍ഡിഎഫ് മുന്നോട്ടുപോവുന്നത്. അതേസമയം, വിജയസാധ്യതയുള്ള മണ്ഡലമെന്ന പ്രതീക്ഷ തീര്‍ത്തും കൈവിട്ട ബിജെപി അവസാനഘട്ടം വരെ നിന്നു പൊരുതുക എന്ന സമീപനത്തിലേക്ക് ഉള്‍വലിഞ്ഞുകഴിഞ്ഞു.
ദേശീയ, സംസ്ഥാന രാഷ്ട്രീയവിഷയങ്ങളേക്കാള്‍, പ്രാദേശിക വികസനപ്രശ്‌നങ്ങള്‍ തന്നെയാണ് മണ്ഡലത്തിലെ സജീവ ചര്‍ച്ച. മണ്ഡലത്തിലെ വികസനമുരടിപ്പിലൂന്നിയും വീണാ ജോര്‍ജിന്റെ വ്യക്തിത്വം ഉയര്‍ത്തിക്കാട്ടിയും സ്വാധീനം ഉറപ്പിക്കാനാണ് എല്‍ഡിഎഫ് ശ്രമം.
ആറന്മുള വിമാനത്താവള പദ്ധതിക്കു വേണ്ടി തുടര്‍ന്നും നിലകൊള്ളുമെന്ന ഉറച്ച നിലപാട് ശിവദാസന്‍ നായര്‍ പ്രഖ്യാപിക്കുമ്പോള്‍, വിമാനത്താവളം ഈ തിരഞ്ഞെടുപ്പില്‍ പ്രസക്തമല്ലെന്ന നിലപാടാണ് വീണാ ജോര്‍ജിനുള്ളത്. സാമുദായിക അടിയൊഴുക്കുകളും എസ്ഡിപിഐ ഉള്‍പ്പെടെയുള്ള കക്ഷികളുടെ സാന്നിധ്യവും അവസാനനിമിഷം നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍.
ഓര്‍ത്തഡോക്‌സ് സഭയുടെ സ്ഥാനാര്‍ഥിയെന്ന വിമര്‍ശനം വീണാ ജോര്‍ജ് നേരിടുമ്പോഴും സഭാ വോട്ടുകളുടെ കേന്ദ്രീകരണം വീണയ്ക്കനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് സിപിഎം. നിര്‍ണായകമായ നായര്‍ വോട്ടുകളില്‍ ശിവദാസന്‍നായരും പ്രതീക്ഷപുലര്‍ത്തുന്നു. ഏക നഗരസഭയായ പത്തനംതിട്ടയിലെ വോട്ടുകള്‍ വിജയികളെ നിര്‍ണയിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുമെന്നത് മുന്‍കാല ചരിത്രം. പിഡിപി, ബിഎസ്പി സ്ഥാനാര്‍ഥികളും പ്രചാരണരംഗത്ത് സജീവമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss