|    Mar 23 Fri, 2018 7:04 am

ആറന്മുളപുഞ്ചയില്‍ കൃഷി ഇറക്കാനുള്ള നീക്കം ഊര്‍ജിതം

Published : 29th July 2016 | Posted By: SMR

പത്തനംതിട്ട: ആറന്മുള പുഞ്ചയില്‍ കൃഷി പുനരാരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മന്ത്രി വി എസ് സുനില്‍കുമാര്‍ അടുത്തമാസം ഒന്നിന് ജില്ലയില്‍ എത്തുന്നു.
പത്തനംതിട്ടയില്‍ വച്ച് ചേരുന്ന കൃഷി ഓഫിസര്‍മാരുടെ യോഗത്തില്‍ ജില്ലയിലെ മറ്റ് തരിശ് പാടങ്ങളിലടക്കം കൃഷിയിറക്കാനുള്ള സാധ്യതകള്‍ വിലയിരുത്തും. പരമാവധി സ്ഥലത്ത് കൃഷി ഇറക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തരിശുപാടങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറന്മുള പുഞ്ചയില്‍ കൃഷിയിറക്കുന്നതിനു നീരൊഴുക്ക് നിലച്ച കരിമാരംതോട്, വലിയതോട് എന്നിവ പുനരുജ്ജീവിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഒന്നരകിലോമീറ്ററിലധികം മണ്ണ് നീക്കിയാല്‍ മാത്രമെ, തോട് പൂര്‍വസ്ഥിയിലെത്തുകയുള്ളു.
നിലവില്‍ മണ്ണിട്ട് നികത്തിയ സ്ഥലത്ത് കൃഷി സാധ്യമല്ലെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി കൃഷി നിലച്ച ഇവിടെ വയലിന്റെ സ്വഭാവം തന്നെ നഷ്ടപ്പെടാന്‍ ഇടയായിട്ടുണ്ട്. അവശേഷിക്കുന്ന പാടങ്ങളില്‍ ഘട്ടംഘട്ടമായെ കൃഷി പറ്റൂ എന്നും വിലയിരുത്തലുണ്ട്. നാല്‍ക്കാലിക്കല്‍ പാലത്തിന്റെ പണിക്ക് വേണ്ടിയിട്ട മണ്ണ് ബണ്ട് പൂര്‍ണമായി നീക്കാനായിട്ടില്ല. നാല്‍ക്കാലിക്കല്‍ പാലത്തിനടിയിലൂടെ പോകുന്ന വലിയതോടുവഴിയാണ് വെള്ളം പമ്പാനദിയില്‍ എത്തേണ്ടത്.
കുറുന്താര്‍ പാടശേഖരത്തിലും വെള്ളക്കെട്ടു കാരണം കൃഷി നിലച്ചിരിക്കുകയാണ്. ഇലന്തൂര്‍ ഭാഗത്തുനിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് കരിമാരംതോട് വഴിയാണ്. ആറന്മുള മുതല്‍ കുറുന്താര്‍ വരെയുള്ള പാടത്താണ് കൃഷി ഇറക്കേണ്ടത്. ഇത്രയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ 500 ഏക്കറില്‍ കൃഷി നടത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. കരിമാരം തോട് പുനരുജ്ജീവിപ്പിക്കാന്‍ ഒരുവര്‍ഷം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇതിന്റെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല. ഒന്നരകിലോമീറ്ററിലധികം മണ്ണ് നീക്കിയാല്‍ മാത്രമെ, തോട് പൂര്‍വസ്ഥിയിലെത്തുകയുള്ളൂ. 2014 ല്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും 2015 ജൂണില്‍ മാത്രമാണ് ജില്ലാ ഭരണകൂടം ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 11 സര്‍വേ നമ്പരുകളിലായി 6.35 ഏക്കറിലാണ് മണ്ണ് നീക്കി കരിമാരംതോട് പുനരുജ്ജീവിപ്പിക്കേണ്ടത്.
ആറന്മുള വിമാനത്താവളത്തിനു വേണ്ടി കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം പുനര്‍വിജ്ഞാപനത്തിലൂടെ റദ്ദാക്കാനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss