|    Oct 21 Sun, 2018 9:57 pm
FLASH NEWS

ആറംഗ മോഷണസംഘത്തിലെ മുഖ്യപ്രതിയും പിടിയില്‍

Published : 28th January 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: ആരാധനാലയങ്ങളും ഷോപ്പുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആറംഗമോഷണ സംഘത്തിലെ മുഖ്യ പ്രതിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. നെല്ലായ പട്ടിശ്ശേരി കടുമുടിയില്‍ മുഹമ്മദ് സുറൂറിനെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ എം സി പ്രമോദും ടൗണ്‍ ഷാഡോ പോലിസും ചേര്‍ന്ന് പിടികൂടിയത്. മോഷണ സംഘത്തിലെ അഞ്ചുപേര്‍ നേരത്തെ പിടിയിലായിരുന്നു. അണ്ണന്‍ ഷഫീഖ്, അസഹ്‌റുദ്ദീന്‍, സക്കീര്‍ ഹുസൈന്‍, സലീം, അബൂതാഹിര്‍ എന്നിവരാണ് നേരത്തെ പിടിയിലായത്. ഇവരെ പെരിന്തല്‍മണ്ണ കോടതി റിമാന്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ മുഹമ്മദ് സുറൂര്‍ നെല്ലായ, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളിലെ മുഖ്യ കഞ്ചാവ്-ലഹരി വസ്തുക്കളുടെ വില്‍പനക്കാരനും മറ്റുപ്രതികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്നയാളുമാണ്. കളവുമുതലുകള്‍ വിറ്റുകിട്ടുന്ന പണം കഞ്ചാവിനും ലഹരി വസ്തുക്കള്‍ വാങ്ങാനുമാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്തതില്‍നിന്നു മുതുകുര്‍ശ്ശി, നെല്ലായ ഭാഗങ്ങളിലെ ക്ഷേത്രങ്ങളുടേയും പള്ളികളുടേയും ഭണ്ഡാരങ്ങളും നേര്‍ച്ചപ്പെട്ടികളും പൂട്ട് പൊളിച്ച് കളവു നടത്തിയതായും ഇയാള്‍ പോലിസിനോടു സമ്മതിച്ചു.അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിനയച്ച അഞ്ച് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പോലിസ് നടത്തിയ വിശദമായ തെളിവെടുപ്പില്‍ തൊണ്ടിമുതലുകളായ എയര്‍ഗണ്ണുകളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പിടിച്ചെടുത്തു. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡയില്‍ റിമാന്റിനയച്ച സക്കീര്‍ ഹുസൈന്‍, ഷെഫീഖ്, സലീം, അസറുദ്ദീന്‍, അബൂത്വാഹിര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. മോഷണം നടത്തിയ പള്ളികള്‍, മദ്‌റസകള്‍, തിരൂര്‍ക്കാടുള്ള മൊബൈല്‍ ഷോപ്പ്, മുതുകുര്‍ശ്ശിയിലെ സ്റ്റേഷനറി കട, മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ ആര്‍മറി ഷോപ്പ് എന്നിവയിലത്തെിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തിരൂര്‍ക്കാടുള്ള മൊബൈല്‍ ഷോപ്പില്‍ നിന്നു മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, മൊബൈല്‍ ബാറ്ററികള്‍, ഡിവിഡി പ്ലയര്‍ തുടങ്ങിയവയാണ് സംഘം കവര്‍ന്നത്. കുന്തിപ്പുഴയിലെ ഷോപ്പില്‍ നിന്നു പൂട്ട് തകര്‍ത്ത് അഞ്ച് എയര്‍ഗണ്ണുകള്‍ അതില്‍ ഉപയോഗിക്കുന്ന 3,000 പെല്ലറ്റുകള്‍ (തിര) എന്നിവയും കവര്‍ന്നു. ഇവ പ്രതികളുടെ വീടുകളില്‍നിന്ന് കണ്ടെടുത്തതായി പെരിന്തല്‍മണ്ണ പോലിസ് പറഞ്ഞു. കളവ് ചെയ്തവയില്‍ വിദേശ നിര്‍മിത എയര്‍ഗണ്ണും പിസ്റ്റളും ഉള്‍പ്പെടും. മുതുകുര്‍ശ്ശി പറമ്പിലെ പലചരക്ക് കടയില്‍ നിന്ന് കളവുചെയ്ത സിസിടിവി കാമറകള്‍, മോണിറ്റര്‍, റീചാര്‍ജ് കൂപ്പണുകള്‍, എന്നിവയും അന്വേഷണ സംഘം കണ്ടെടുത്തു. ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സിഐ സാജു കെ അബ്രഹാം, എസ്‌ഐ എം സി പ്രമോദ്  പ്രത്യേക അന്വേഷണ സംഘത്തിലെ സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, എം മനോജ് കുമാര്‍, ദിനേശ് കിഴക്കേക്കര, പ്രമോദ്, സനൂജ്, നെവിന്‍ പാസ്‌കല്‍, ടി സലീന, എന്‍ വി ഷെബീര്‍, ജയമണി എഎസ്‌ഐ അനില്‍ എന്നിവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പിനുശേഷം പ്രതികളെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss