|    Oct 19 Fri, 2018 2:23 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എച്ച്‌ഐവി ബാധ

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എയ്ഡ്‌സ് . രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലിസ് അന്വേഷണം ആരംഭിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് രക്തം നല്‍കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്താര്‍ബുദത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് കുട്ടി ആര്‍സിസിയില്‍ ചികില്‍സ തേടിയെത്തിയത്. രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ ചികില്‍സ തുടരുകയായിരുന്നു. റേഡിയേഷന്‍ തെറാപ്പിയാണ് കുട്ടിക്ക് നടത്തിയത്. രക്തത്തില്‍ കൗണ്ട് കുറഞ്ഞതിനാല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തി. അതിനുശേഷമുള്ള പരിശോധനയിലാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ആര്‍സിസിയില്‍ ചികില്‍സയ്‌ക്കെത്തുന്നതിനു മുമ്പുള്ള പരിശോധനയിലെല്ലാം കുട്ടി എച്ച്‌ഐവി നെഗറ്റീവായിരുന്നു. ശേഷം മറ്റ് ആശുപത്രികളിലൊന്നും ചികില്‍സ തേടിയതുമില്ല. കഴക്കൂട്ടം സൈബര്‍ സിറ്റി അസി. കമ്മീഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം ഇന്ന് ആര്‍സിസിയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. ചികില്‍സയുടെ തുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളും രക്തപരിശോധനകളും ബ്ലഡ് ബാങ്കിലെ രേഖകളും പരിശോധിച്ചശേഷം മെഡിക്കല്‍ ബോര്‍ഡിന്റെ സഹായത്തോടെ പിഴവു കണ്ടെത്താനാണ് പോലിസ് ആലോചിക്കുന്നത്. പിഴവു കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ കൈക്കൊള്ളും. ആര്‍സിസി ഡയറക്ടറോട് ആരോഗ്യമന്ത്രി കെ കെ ശൈലജ റിപോര്‍ട്ട് തേടി. അന്വേഷണം നടത്തുന്നതിനായി ജോയിന്റ് ഡിഎംഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കുട്ടിയുടെ തുടര്‍ ചികില്‍സ സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ആര്‍സിസിയും ഉത്തരവിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss