|    Oct 20 Fri, 2017 3:37 am

ആര്‍സിസിയില്‍ കുട്ടികള്‍ക്ക് പുതിയ ഒപി ബ്ലോക്ക്

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ കുട്ടികള്‍ക്കായി പുതിയ ഒ.പി ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്ന് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. വികേന്ദ്രീകൃതമായ ഒരു ചികില്‍സാ സമ്പ്രദായമാണ് ഉണ്ടാവേണ്ടത്. നമുക്ക് ഒരു ജനറല്‍ പ്രാക്ടീഷണര്‍ എല്ലാ ഗ്രാമങ്ങളിലും ഉണ്ടാവണം.
സ്‌പെഷ്യലിസ്റ്റുകളുടെ അടുത്തേക്ക് പോവുന്നതിനുമുമ്പ് വേണ്ട ഉപദേശനിര്‍ദേശങ്ങള്‍ തരാന്‍ അദ്ദേഹത്തിനാവണം. ആരോഗ്യമേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ജീവിതശൈലീരോഗങ്ങള്‍ വ്യാപകമാവുകയാണ്. എല്ലാ വീട്ടിലും ഒരാള്‍ രോഗിയാണെന്ന നിലയിലാണ് കാര്യങ്ങള്‍. ആര്‍സിസിക്കൊപ്പം മറ്റു സ്ഥാപനങ്ങളും മെച്ചപ്പെടേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. ആര്‍സിസി സ്ഥാപക ഡയറക്ടര്‍ ഡോ. എം കൃഷ്ണന്‍ നായര്‍, ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക(ഫോമ) നാഷനല്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ റംല ബീവി, തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപല്‍ ഡോ.തോമസ് മാത്യു, ഫോമ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോസ് എബ്രഹാം, ആര്‍സിസി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ രാംദാസ്, അഡീഷനല്‍ ഡയറക്ടര്‍ ഡോ. പി കുസുമകുമാരി സംസാരിച്ചു.
ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ സഹായത്തോടെയാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചത്. 3200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബ്ലോക്കിന്റെ നിര്‍മാണ ചെലവ് 85 ലക്ഷം രൂപയാണ്. കേന്ദ്രീകൃത എയര്‍കണ്ടീഷനിങ് സംവിധാനമുള്ള ബ്ലോക്കില്‍ ഒപി മുറികള്‍, കൗണ്‍സലിങ് മുറികള്‍, ഒബ്‌സര്‍വേഷന്‍ മുറി, നേഴ്‌സസ് ലോബി, വെയ്റ്റിങ് ഫോയര്‍ തുടങ്ങിയവയുണ്ടാവും. കുട്ടികള്‍ക്കിഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കൊണ്ട് ബ്ലോക്ക് മനോഹരമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക